ആർട്ടിസ്റ്റ് കാർഡുണ്ടോ? എങ്കിൽ 'ജയിലർ 2'വിൽ അവസരമുണ്ട്, പ്രതിഫലം 10 ലക്ഷം രൂപ: തട്ടിപ്പ് വെളിപ്പെടുത്തി നടി ഷൈനി സാറ
text_fieldsരജനികാന്ത് നായകനായെത്തുന്ന ജയിലർ 2 വിൽ അഭിനയിക്കാനുള്ള അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചെന്ന് നടി ഷൈനി സാറ. നായകന്റെ ഭാര്യയുടെ റോളിലേക്ക് 10 ലക്ഷം രൂപയാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്. വിഡിയോ കോളിൽ ഓഡിഷൻ നടത്തിയ ശേഷം തമിഴിൽ അഭിനയിക്കാനുള്ള ആർട്ടിസ്റ്റ് കാർഡ് ഉണ്ടോയെന്ന് ചോദിച്ചു. അതില്ലെന്ന് പറഞ്ഞപ്പോൾ അതിനായി 12,500 രൂപ ഓൺലൈനായി അയക്കാൻ ആവശ്യപ്പെട്ടു. തമിഴിൽ അഭിനയിക്കുന്ന മലയാള നടിമാരോട് അന്വേഷിച്ചപ്പോൾ ആർട്ടിസ്റ്റ് കാർഡില്ലെന്ന് അറിഞ്ഞു. അപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
'കഴിഞ്ഞ ദിവസം എന്‍റെ വാട്സാപ്പില്‍ ഒരു മെസേജ് വന്നു. കാസ്റ്റിങ് ഏജൻസി വഴി ജയിലർ 2വിനു വേണ്ടിയുള്ള നിങ്ങളുടെ അപേക്ഷ ഞങ്ങൾ പരിഗണിച്ചുവെന്നും രജനിയുടെ മകളുടെയും മകന്‍റെയും വേഷത്തിലാണ് ഇപ്പോൾ ആളുകളെ നോക്കുന്നതെന്നും പറഞ്ഞു. എന്‍റെ പ്രായത്തിനനുസരിച്ചുള്ള വേഷമെന്തെങ്കിലും വേണമെന്ന് പറഞ്ഞ് എന്‍റെ വിവരങ്ങൾ നൽകിയിരുന്നു.
പിറ്റേന്ന് സുരേഷ് കുമാര്‍ കാസ്റ്റിങ്സ് എന്ന പേരിലുള്ള കമ്പനിയിൽ നിന്നും ഒരാള്‍ വാട്സാപ്പിൽ വന്ന് പാസ്പോർട്ട് ഉണ്ടോ, തമിഴ്നാട്ടിലും മലേഷ്യയിലുമാണ് ഷൂട്ടെന്ന് പറഞ്ഞു. കാസ്റ്റിങിൽ തെരഞ്ഞെടുത്താൽ പത്തര ലക്ഷം രൂപയാണ് പ്രതിഫലമെന്നും പറഞ്ഞു. തീർത്തും പ്രൊഫഷനലായ രീതിയിലായിരുന്നു സംസാരം. നാളെ രാവിലെ പതിനൊന്ന് മണിക്ക് സുരേഷ് സർ വിളിക്കുമെന്നും അയാള്‍ പറഞ്ഞു. പക്ഷേ രണ്ട് ദിവസം കഴിഞ്ഞിട്ടും വിളിച്ചില്ല. മൂന്നാം ദിവസം സുരേഷ് എന്ന് പറയുന്ന ആൾ ഓഡിയോ കോൾ ചെയ്ത ശേഷം ഉടൻ റെഡിയാകണം, വിഡിയോ കോളിൽ വരണം എന്നൊക്കെ പറഞ്ഞു.
ഒരുപാട് പേരെ അഭിമുഖം നടത്താനുണ്ട്, മുടി അഴിച്ചിട്ട് സാരി ഉടുത്ത് വരണം എന്നൊക്കെയായിരുന്നു നിര്‍ദേശം. ഞാന്‍ വീട്ടിലെത്തി സാരിയൊക്കെ ഉടുത്ത് റെഡിയായി. അങ്ങനെ അഭിമുഖം തുടങ്ങി. ആദ്യം എന്‍റെ പ്രൊഫൈൽ പറഞ്ഞു. വളരെ മാന്യമായാണ് സംസാരിക്കുന്നത്. ഷൂട്ടിങിന് വരുമ്പോൾ ഗാർഡിയനെ നിർബന്ധമായും കൊണ്ടുവരണമെന്ന് പറഞ്ഞു. അതിനു ശേഷം ആർട്ടിസ്റ്റ് കാർഡ് ഉണ്ടോ എന്നു ചോദിച്ചു.
ഇല്ലെന്ന് പറഞ്ഞപ്പോൾ തമിഴ്നാട്ടിൽ അത് അത്യാവശ്യമാണെന്നും 12500 രൂപയാണ് അതിന് വരുന്നതെന്നും അവർ പറഞ്ഞു. എനിക്കു വേണ്ടി അവർ അത് എടുത്തു തരാമെന്ന വാഗ്ദാനവും ചെയ്തു. അതിനായി ആധാർ കാര്‍ഡിന്‍റെ കോപ്പി, ഫോട്ടോ എന്നിവ അയക്കണമെന്നും പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് അവർ മെയിൽ അയക്കുകയും ഇന്ന് തന്നെ ആർടിസ്റ്റ് കാർഡ് എടുക്കാന്‍ പൈസ അയക്കണമെന്നും പറഞ്ഞു. കുറച്ച് സമയം വേണമെന്ന് പറഞ്ഞപ്പോൾ പകുതി പൈസ ഇപ്പോൾ അയക്കൂ, ബാക്കി പൈസ പിന്നെ അയച്ചാൽ മതിയെന്നും ക്യൂ ആർ കോഡ് തരാമെന്നും പറഞ്ഞു.
തമിഴ് സുഹൃത്തിനെ വിളിച്ച് ആർട്ടിസ്റ്റ് കാർഡിന്‍റെ കാര്യം ചോദിച്ചു. അങ്ങനെയൊരു കാർഡ് ആവശ്യമില്ലെന്നായിരുന്നു അവരുടെ മറുപടി. ഈ സംഭവത്തിന് പിന്നാലെ മാല പാര്‍വതിയും ഷൈനിയുടെ വിഡിയോ പങ്കുവെച്ചുകൊണ്ട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. മലയാളത്തിലെ മറ്റു പലർക്കും ഇത്തരം വ്യാജ കാസ്റ്റിങ് തട്ടിപ്പ് കോളുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് തോന്നിയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതെന്ന് ഷൈനി സാറ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.