വിവാഹ വാഗ്ദാനം നൽകി യുവാവിൽനിന്ന് 9.35 കോടി തട്ടിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ
text_fieldsആഷു റെഡ്ഡി
ഹൈദരാബാദ്: തനിക്കെതിരെ രജിസ്റ്റർ ചെയ്ത 9.35 കോടി രൂപയുടെ തട്ടിപ്പ് കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെലുങ്ക് ടെലിവിഷൻ നടി ആഷു റെഡ്ഡി തെലങ്കാന ഹൈകോടതിയെ സമീപിച്ചു. ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിനെതിരെ ചൊവ്വാഴ്ചയാണ് നടി ഹർജി സമർപ്പിച്ചത്.
തന്റെ വാദം കേൾക്കാതെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും, വ്യക്തിപരമായ പ്രതിച്ഛായ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് എഫ്.ഐ.ആർ നൽകിയതെന്നും ഹർജിയിൽ നടി ആരോപിച്ചു. കേസിലെ അന്വേഷണം താൽക്കാലികമായി സ്റ്റേ ചെയ്യുകയും പൊലീസ് തുടർനടപടികൾ സ്വീകരിക്കുന്നത് തടയുകയും ചെയ്യണമെന്ന് ആഷു റെഡ്ഡി കോടതിയോട് ആവശ്യപ്പെട്ടു. ഹർജി ഉടൻ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
ലണ്ടനിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വൈ.വി. ധർമേന്ദ്രയുടെ പിതാവും ഹൈദരാബാദിലെ ഷെയ്ക്പേട്ട് സ്വദേശിയുമായ സത്യനാരായണ നൽകിയ പരാതിയിലാണ് കേസ്. തന്റെ മകനുമായി 2018 മുതൽ 2025 വരെ നീണ്ടുനിന്ന പ്രണയബന്ധത്തിനിടെ, വിവാഹ വാഗ്ദാനം നൽകി വാഹനങ്ങൾ, അഞ്ച് കിലോയോളം സ്വർണം, ഫ്ലാറ്റുകൾ എന്നിവക്കായി നടി പണം തട്ടിയെന്നാണ് സത്യനാരായണയുടെ പരാതി. മകനിൽനിന്ന് വൻ തുക ചെലവഴിപ്പിച്ച് വാങ്ങിക്കൂട്ടിയവയെല്ലാം നടിയുടെ പേരിൽ രജിസ്റ്റർ ചെയ്തുവെന്നും പരാതിയിൽ ആരോപിക്കുന്നു. വിവാഹ വാഗ്ദാനത്തിൽ നിന്ന് ആഷു റെഡ്ഡി പിന്മാറിയതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്.
ആഷു റെഡ്ഡിയുടെ സഹോദരിയും കേസിൽ പ്രതിയാണ്. ധർമേന്ദ്രയിൽ നിന്ന് 50 ലക്ഷം രൂപ വാങ്ങിയ സഹോദരി തുക തിരികെ നൽകിയില്ലെന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ ആഷു റെഡ്ഡിക്കുപുറമെ കുടുംബാംഗങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് വാർത്തയായതോടെ, ഒമ്പതു കോടിയിലധികം രൂപ ആഷു റെഡ്ഡിക്ക് കൈമാറിയതിന്റെ തെളിവുകൾ ധർമേന്ദ്ര പുറത്തുവിട്ടു.
എന്നാൽ, ഈ ആരോപണങ്ങളെയെല്ലാം നടി നിഷേധിക്കുകയാണ്. പരാതിക്ക് വസ്തുതാപരമായ അടിസ്ഥാനമില്ലെന്നാണ് നടിയുടെ പ്രതികരണം. പരാതി രണ്ട് മാസം മുൻപ് നൽകിയതാണെങ്കിലും, ഏപ്രിൽ 26നാണ് വിഷയം വ്യാപക ശ്രദ്ധ നേടിയത്. ഇതിന് മുമ്പ് ലഹരിക്കേസിലും ആഷു റെഡ്ഡിയുടെ പേര് ഉയർന്നിരുന്നുവെങ്കിലും അതിലും തനിക്ക് ബന്ധമില്ലെന്ന് അവർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

