'ഒരു മറയുമില്ലാതെ എല്ലാവരും തുറന്നുസംസാരിക്കേണ്ട വിഷയം'; ലെനയുടെ പുതിയ പുസ്തകം പ്രകാശനം ചെയ്ത് ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണൻ
text_fieldsപ്രശാന്ത് ബാലകൃഷ്ണൻ നായരും ലെനയും പുസ്തക പ്രകാശന ചടങ്ങിൽ
നടിയും എഴുത്തുകാരിയുമായ ലെനയുടെ ഏറ്റവും പുതിയ പുസ്തകമായ 'വിമന്‍ ഒ പോസി'ന്‍റെ കവർ പ്രകാശനം ചെയ്തു. ലെനയുടെ ഭർത്താവും ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് കാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് കവർ പ്രകാശന ചടങ്ങ് നിർവഹിച്ചത്. ഓരോ പുസ്തകത്തിന്‍റേയും വിജയം വായനക്കാരാണെന്നും ഈ ഡിജിറ്റല്‍ മീഡിയ യുഗത്തില്‍ ഒരു പുസ്തകം ഒരാൾ കൈയിലെടുക്കുന്നത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലെനയുടെ വ്യക്തിജീവിതത്തിലേയും ഔദ്യോഗിക ജീവിതത്തിലേയും അനുഭവങ്ങളിൽ നിന്നാണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറെ പ്രധാനമായൊരു ഘട്ടമായ ആർത്തവവിരാമത്തിലേക്കുള്ള യാത്രയുടെ ആത്മപരിശോധനയാണ് ഈ പുസ്തകമെന്നും ലെന വ്യക്തമാക്കി. 'ആർത്തവ വിരാമത്തെ കുറിച്ച് പറയുന്നതിനേക്കാള്‍ ആര്‍ത്തവ വിരാമത്തിന് മുമ്പുള്ള അവസ്ഥയായ പെരിമെനോപോസിനെ കുറിച്ചാണ് പുസ്തകം ഗൗരവത്തോടെ സംസാരിക്കുന്നത്. 35 വയസ്സ് മുതൽ സ്ത്രീകള്‍ കടന്നുപോകുന്ന ശാരീരകവും മാനസികവുമായ പ്രശ്നങ്ങള്‍ നിരവധിയാണ്. ഒരു കുട്ടിയില്‍ നിന്നും അഡള്‍ട്ടാകുന്ന കാലഘട്ടത്തെ അഡോളസെൻസ് എന്ന് പറയുന്നതുപോലെ സ്ത്രീകളുടെ 35 നും 55 നും ഇടക്കുള്ള ഈ കാലഘട്ടത്തെ വുമണോസെൻസ് എന്നാണ് ഞാൻ ഈ പുസ്തകത്തിൽ വിളിച്ചിരിക്കുന്നത്. ഈ പദം ഡിക്ഷണറിയിലില്ല, ഈ പുസ്തകം ഇറങ്ങിയ ശേഷം ഇനി വരുമായിരിക്കും.'
'സ്ത്രീകളുടെ സെക്കൻഡ് അഡോളസെൻസ് എന്ന് ഇതേകുറിച്ച് പറയാം. 35 വയസ്സ് കഴിയുമ്പോള്‍ സ്ത്രീകളുടെ ശരീരം ഏറെ മാറി തുടങ്ങും. അപ്പോള്‍ അവര്‍ പലവിധ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകും. ശരീരഭാരം ഉള്‍പ്പെടെയുള്ള ഫിസിക്കൽ മാറ്റങ്ങളല്ലാതെ ഹോര്‍മോണൽ വ്യതിയാനങ്ങളും പല രീതിയിലുണ്ടാകും. സ്ത്രീകള്‍ക്കുണ്ടാകുന്ന ഈ മാറ്റം പുരുഷന്മാരും അറിയേണ്ടതുണ്ട്. സ്ത്രീകളുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നുവെന്ന് പുരുഷന്മാരും അറിയുകയാണെങ്കിൽ അത് പരസ്പരം മനസ്സിലാക്കാൻ ഏറെ സഹായകമാകും.
എനിക്ക് 45 വയസ്സായപ്പോഴാണ് എന്‍റെ അമ്മ അന്ന് അനുഭവിച്ച കാര്യങ്ങള്‍ എനിക്ക് തിരിച്ചറിഞ്ഞത്. എന്‍റെ അമ്മ എന്തൊക്കെ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയതെന്ന തിരിച്ചറിവ് ഇപ്പോള്‍ നേരിട്ടറിയുമ്പോള്‍ ഞാൻ ഈ പുസ്തകം എന്‍റെ അമ്മക്കാണ് സമർപ്പിച്ചിക്കുന്നത്. പണ്ടത്തേക്കാള്‍ ഈ ജനറേഷൻ പെരി മനോപോസിനെ കുറിച്ച് ഒത്തിരി റിസർച്ച് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്' ലെന വ്യക്തമാക്കി.
'ദി മിഡ്‍-ലൈഫ് ഗൈഡ് ഫോർ വുമെൻ & ദെയർ മെൻ' എന്നാണ് ഈ പുസ്തകത്തിന് ടാഗ്‍ലൈൻ നൽകിയിരിക്കുന്നത്. തന്‍റെ അച്ഛനും അമ്മയും ഭർത്താവുമാണ് ഈ പുസ്തത്തിന് പിന്നിലെ ഏറ്റവും വലിയ പ്രചോദനം എന്ന് ലെന പറഞ്ഞു. ദൈവത്തിന്‍റെ ആത്മകഥക്ക് ശേഷം പുറത്തിറങ്ങുന്ന ലെനയുടെ രണ്ടാമത്തെ പുസ്തകമാണിത്. ഇംഗ്ലീഷില്‍ പെൻഗ്വിൻ ബുക്സും മലയാളത്തില്‍ ഡി.സി ബുക്സുമാണ് പ്രസാദകര്‍. പി.പ്രകാശാണ് പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്‍റെ പ്രീ ബുക്കിങും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

