മൂന്ന് വർഷത്തിനിടെ 13 ഹിറ്റ് സിനിമകൾ, ശ്രീദേവിക്കും മാധുരി ദീക്ഷിതിനും വെല്ലുവിളിയായ നടി; 19-ാം വയസ്സിൽ ദുരൂഹ മരണം
text_fieldsവെറും മൂന്ന് വർഷത്തെ കരിയർ കൊണ്ട്, മാധുരി ദീക്ഷിത്, ശ്രീദേവി തുടങ്ങിയ മുൻനിര താരങ്ങൾക്ക് പോലും ശക്തമായ മത്സരം നൽകിയ പ്രതിഭ. തന്‍റെ കഴിവ് കൊണ്ട് അവർക്ക് ഒരുപാട് കാലം ഇന്ത്യൻ സിനിമ ലോകം അടക്കി വാഴാമായിരുന്നു. എന്നാൽ വിധി അവർക്കായി കരുതിവെച്ചത് മറ്റൊന്നായിരുന്നു. മറ്റാരുമല്ല, നടി ദിവ്യ ഭാരതിയെക്കുറിച്ചാണ് പറഞ്ഞു വന്നത്.
14-ാം വയസ്സിലാണ് ദിവ്യ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയത്. പെട്ടെന്ന് തന്നെ പേരും പ്രശസ്തിയും നേടി മോഡലിങ്ങിലേക്കും കടന്നു. രണ്ട് മേഖലകളും വലിയ നേട്ടങ്ങൾ സ്വന്തമാക്കി. 1990ൽ 'നിലാ പെണ്ണേ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ദിവ്യ ഭാരതി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. തെലുങ്ക് ഹിറ്റ് ചിത്രമായ 'ബൊബ്ലി രാജ'യിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു. 1992ൽ 'വിശ്വാത്മ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് ഹിന്ദി സിനിമയിലേക്കുള്ള തന്‍റെ വരവ് അടയാളപ്പെടുത്തി.
1993ൽ, തന്റെ 19-ാം വയസ്സിൽ, അഞ്ച് നിലയിലുള്ള അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ നിന്ന് വീണാണ് അവർ മരണപ്പെട്ടത്. അവരുടെ മരണം ഇന്നും ദുരൂഹമായി തുടരുന്നു. ആകസ്മികമായ ആ വിയോഗം കാരണം അവർ അഭിനയിച്ചു കൊണ്ടിരുന്ന 12ഓളം ചിത്രങ്ങളിൽ പിന്നീട് ശ്രീദേവി, രവീണ ടണ്ടൻ, കാജോൾ, ജൂഹി ചൗള, തബു തുടങ്ങിയ നടിമാർക്ക് പകരക്കാരായി അഭിനയിക്കേണ്ടി വന്നു.
അക്കാലത്ത്, ഒരു സിനിമക്ക് 50 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയിരുന്ന ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായിരുന്നു ദിവ്യ ഭാരതി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും നികത്താൻ കഴിയാത്ത ഒരു ശൂന്യതയാണ് ദിവ്യ ഭാരതിയുടെ മരണം സൃഷ്ടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

