മകളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റണം; സഹായം തേടി നടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ
text_fieldsഹൈദരാബാദ്: മകളുടെ മാനസികാരോഗ്യം പ്രശ്നത്തിലായതിനാൽ ഹൈദരാബാദ് പൊലീസിന്റെ സഹായം തേടി നടിയുടെ പിതാവ്. പ്രശസ്ത തെലുങ്ക് നടി കൽപിക ഗണേഷിന്റെ പിതാവ് സംഗവർ ഗണേഷാണ് ഗച്ചിബൗളി പൊലീസ് സ്റ്റേഷനെ സമീപിച്ചത്. തന്റെ മകളുടെ മാനസികാവസ്ഥ വഷളാകുകയാണെന്ന് ചൂണ്ടിക്കാട്ടി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം.
മകൾ കടുത്ത മാനസിക വിഭ്രാന്തി നേരിടുന്നുണ്ടെന്ന് ഗണേഷ് തന്റെ ഔദ്യോഗിക പരാതിയിൽ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. കൽപിക മുമ്പ് രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും ഇപ്പോൾ വിഷാദത്തിലൂടെ കടന്നുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് ഒരു പുനരധിവാസ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും, രണ്ട് വർഷം മുമ്പ് അവർ നിർദ്ദേശിച്ച മരുന്നുകൾ കഴിക്കുന്നത് നിർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടിയെ വീണ്ടും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ സഹായിക്കണമെന്നാണ് പിതാവ് അധികാരികളോട് അഭ്യർഥിച്ചത്. ചുറ്റുമുള്ളവരെകൂടി നടി അപകടത്തിലാക്കുമെന്ന് പിതാവ് ആശങ്ക പ്രകടിപ്പിച്ചു.
അടുത്തിടെ ഹൈദരാബാദിലെ റിസോർട്ടുകളിലും പബ്ബുകളിലും നടന്ന സംഭവങ്ങൾ ഉൾപ്പെടെ നിരവധി വിവാദങ്ങളിൽ നടി ഉൾപ്പെട്ടിട്ടുണ്ട്. ഗച്ചിബൗളി പൊലീസ് പരാതി രജിസ്റ്റർ ചെയ്തു. ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് മുമ്പ് വിശദാംശങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

