'അർഹമായ ശമ്പളവും മാന്യമായ ജീവിതവും ലഭിക്കണം'; ആശ വർക്കർമാർക്ക് പിന്തുണയുമായി നടി ദിവ്യപ്രഭ
text_fieldsദിവ്യപ്രഭ
തിരുവനന്തപുരം: സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പിന്തുണയുമായി നടി ദിവ്യപ്രഭ. സമൂഹമാധ്യമത്തിലൂടെയാണ് നടി പിന്തുണ അറിയിച്ചത്. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് 'സ്റ്റാൻഡ് വിത്ത് ആശ വർക്കേഴ്സ്' എന്ന വാചകത്തോട് കൂടിയ പോസ്റ്റർ പങ്കുവെച്ചാണ് നടി പിന്തുണ പ്രഖ്യാപിച്ചത്.
'ഈ വനിത ദിനത്തിൽ, നിസ്വാർഥമായി തൊഴിൽ ചെയ്യുന്ന ആശ തൊഴിലാളികൾക്ക് അർഹമായ ശമ്പളവും മാന്യമായ ജീവിതവും ലഭിക്കണം എന്നാവശ്യപ്പെട്ട് ഞാൻ അവർക്കൊപ്പം നിൽക്കുന്നു. അവർ സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന മാർച്ചിൽ ഉത്തരവാദിത്തമുള്ളവർ നടപടി കൈക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു' എന്ന കുറിപ്പും നടി പങ്കുവെച്ചു.
അതേസമയം, സാർവദേശീയ വനിതാ ദിനത്തിൽ 'സ്റ്റാൻഡ് വിത്ത് ആശ വർക്കേഴ്സ്' എന്ന സന്ദേശം ഉയർത്തി സെക്രട്ടേറിയറ്റ് പടിക്കൽ വനിതാസംഗമം നടക്കും. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്ത്രീ തൊഴിലാളികളുടെ അവകാശ പോരാട്ടത്തിന്റെ ചരിത്ര സ്മരണകൾ ഇരമ്പുന്ന സംഗമത്തിൽ പൊരുതുന്ന ആശ വർക്കർമാർക്കൊപ്പം വിവിധ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ സ്ത്രീകളും വിദ്യാർഥിനികളും അണിനിരക്കും.
മൂന്നുമാസത്തെ വേതനക്കുടിശ്ശിക നൽകുക, ഓണറേറിയം വർധിപ്പിച്ച് എല്ലാമാസവും അഞ്ചാം തീയതിക്ക് മുൻപായി നൽകുക, ഓണറേറിയം ലഭിക്കുന്നതിനുള്ള ഉപാധികൾ പിൻവലിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചുലക്ഷംരൂപ നൽകുക, പെൻഷൻ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശ പ്രവർത്തകർ സമരം ആരംഭിച്ചത്. തുടർന്ന് മൂന്നുമാസത്തെ വേതനക്കുടിശ്ശിക അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

