Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഹൻലാലിന്റെ നായികയായി തുടക്കം, 'അമരത്തിലെ' ചന്ദ്രിക; പൂർത്തിയാകാതെ പോയ ചിത്രയുടെ സ്വപ്‌നങ്ങൾ

text_fields
bookmark_border
മോഹൻലാലിന്റെ നായികയായി തുടക്കം, അമരത്തിലെ ചന്ദ്രിക; പൂർത്തിയാകാതെ പോയ ചിത്രയുടെ സ്വപ്‌നങ്ങൾ
cancel

‘അമരം’ സിനിമയിലെ ചന്ദ്രികയായി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടി ചിത്രയുടെ ജീവിതം പ്രശസ്തിക്കൊപ്പം സ്വകാര്യദുഃഖങ്ങളും നിറഞ്ഞതായിരുന്നു. മോഹൻലാലിന്റെ നായികയായി ‘ആട്ടക്കലാശ’ത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയയായ ചിത്ര, മമ്മൂട്ടിക്കൊപ്പം ‘അമരം’ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ചു. എന്നാൽ അഭിനയജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടും രണ്ട് ആഗ്രഹങ്ങൾ പൂർത്തിയാക്കാതെയാണ് 56ാം വയസ്സിൽ അവർ വിടപറഞ്ഞത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടണമെന്നതും സംവിധായകൻ ഫാസിലിനൊപ്പം ഒരു സിനിമ ചെയ്യണമെന്നതുമായിരുന്നു ആ സ്വപ്നങ്ങൾ.

കൊച്ചിയിൽ ജനിച്ച ശ്രുതി ചിത്രയാണ് പിന്നീട് സിനിമയിൽ ചിത്ര എന്ന പേരിൽ അറിയപ്പെട്ടത്. റെയിൽവേ എൻജിനീയറായിരുന്ന പിതാവ് മാധവന്റെയും ദേവിയുടെയും മൂന്ന് പെൺമക്കളിൽ രണ്ടാമത്തെയാളായിരുന്നു. പിതാവിന്റെ ജോലി സംബന്ധമായി കുടുംബം ചെന്നൈയിലേക്ക് താമസം മാറി. പഠനം പത്താം ക്ലാസിൽ അവസാനിപ്പിച്ച ചിത്ര ബാലതാരമായാണ് സിനിമയിലെത്തിയത്. 1975ൽ പുറത്തിറങ്ങിയ കെ. ബാലചന്ദറിന്റെ ‘അപൂർവ രാഗങ്ങൾ’ ആയിരുന്നു ആദ്യ ചിത്രം.

1983ൽ പുറത്തിറങ്ങിയ ‘ആട്ടക്കലാശ’ത്തിലൂടെ മോഹൻലാലിന്റെ നായികയായി മലയാളത്തിൽ ശ്രദ്ധേയയായി. ചിത്രയും മോഹൻലാലും മേയ് 21ന് ജനിച്ചവരാണെന്ന കൗതുകവുമുണ്ട്. ചിത്രത്തിലെ ‘നാണമാവുന്നോ മേനി നോവുന്നോ’ എന്ന ഗാനം വലിയ ഹിറ്റായി. തുടർന്ന് ‘പഞ്ചാഗ്നി’, ‘ഒരു വടക്കൻ വീരഗാഥ’, ‘അമരം’, ‘അധ്വൈതം’, ‘ദേവാസുരം’, ‘ഏകലവ്യൻ’, ‘ആറാം തമ്പുരാൻ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും സാന്നിധ്യമറിയിച്ചു.

അഭിനയരംഗത്ത് തിളങ്ങുമ്പോഴും വ്യക്തിജീവിതത്തിൽ നിരവധി പ്രതിസന്ധികൾ ചിത്രയെ അലട്ടിയിരുന്നു. പിതാവിന്റെ കർശന നിയന്ത്രണങ്ങൾ ജീവിതത്തിൽ സമ്മർദമുണ്ടാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. അമ്മയുടെ മരണശേഷം ഈ സാഹചര്യം കൂടുതൽ പ്രയാസകരമായി. തമിഴിലെ ഒരു സംവിധായകനുമായി പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് ആ ബന്ധം അവസാനിപ്പിച്ചു. പിതാവിന്റെ ആരോഗ്യനില മോശമായതിനു പിന്നാലെ 1990ൽ വ്യവസായിയായ വിജയരാഘവനെ വിവാഹം ചെയ്തു. മഹാലക്ഷ്മി എന്ന മകളുണ്ട്. വിവാഹശേഷം സിനിമയിൽനിന്ന് ഇടവേളയെടുത്ത ചിത്ര പിന്നീട് തിരിച്ചെത്തിയെങ്കിലും ആദ്യകാലത്തെ നേട്ടങ്ങൾ ആവർത്തിക്കാനായില്ല.

2021 ഓഗസ്റ്റ് 21ന് ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു ചിത്രയുടെ മരണം. മരണത്തിന് ഏകദേശം നാലു മണിക്കൂർ മുമ്പ് അടുത്ത സുഹൃത്തും നടിയുമായ കുട്ടി പത്മിനിയെ ഫോണിൽ വിളിച്ച് മകളെ നോക്കണമെന്ന് അഭ്യർഥിച്ചതായും സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചതായും റിപ്പോർട്ടുകളുണ്ട്. ചിത്രയുടെ മരണത്തിന് ഏകദേശം ഒരു മാസത്തിനുശേഷം ഭർത്താവ് വിജയരാഘവനും മരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress Chithra’s Unfulfilled Dreams
Next Story