എട്ട് വർഷം, ഒമ്പത് മാസം, 23 ദിവസം..., ശക്തമായ കുറിപ്പ്; നിയമവിദഗ്ധരുടെ സഹായത്തോടെ തയാറാക്കിയതെന്ന് സൂചന
text_fieldsതൃശൂർ: ‘എട്ട് വർഷം, ഒമ്പത് മാസം, 23 ദിവസങ്ങൾ... ഏറ്റവും വേദനജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ കണിക കാണുന്നു. പ്രതികളിൽ ആറു പേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’.
ഇംഗ്ലീഷിൽ മൂന്ന് പേജിലും മലയാള വിവർത്തനമായി അഞ്ചു പേജിലുമായി അതിജീവിത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിന്റെ തുടക്കമാണിത്. അതിശക്തമായ ഭാഷയിലാണ് താൻ ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയെയും വിധിയെയും നടി കുറിപ്പിൽ ചോദ്യംചെയ്തത്. അതേസമയം, നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലും കുറിപ്പിലുണ്ട്. കുറ്റാരോപിതരുടെയോ ജഡ്ജിയുടെയോ കോടതിയുടെയോ പേര് പറയാതെയാണ് കുറിപ്പ് തയാറാക്കിയത്.
താൻ അനുഭവിച്ച വേദന കൃത്യമായി പൊതുസമൂഹത്തിലേക്ക് കൈമാറുകയും ഏതു സമയം മുതലാണ് കേസിന്റെ വിചാരണയുടെ ഗതി മാറിത്തുടങ്ങിയതെന്നും കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്. ഡിസംബർ 12ന്റെ തീയതി വെച്ച് തയാറാക്കിയ കുറിപ്പ് ഡിസംബർ 14ന് വൈകീട്ട് നാലോടെയാണ് പുറത്തുവിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ തന്റെ പ്രതികരണം മുങ്ങിപ്പോകരുതെന്ന ബോധ്യത്തിലാണ് രണ്ടു ദിവസം വൈകി പുറത്തുവിടാൻ കാരണമെന്നാണ് സൂചന. അതേസമയം, അപ്പീലുമായി താൻ മുന്നോട്ടുപോകില്ലെന്ന സൂചനയും അതിജീവിത നൽകുന്നുണ്ട്. തന്റെ വേദനജനകമായ യാത്രയുടെ അവസാനമെന്ന് തുടക്കത്തിൽതന്നെ ഇത് പറയുന്നത് ഇക്കാര്യം സൂചിപ്പിക്കുന്നതാണ്. ഡിസംബർ എട്ടിന് ആറ് പ്രതികളെ കുറ്റക്കാരായും മറ്റുള്ളവരെ വെറുതെ വിട്ടുമുള്ള കോടതി വിധിക്കും ഡിസംബർ 12ന് ആറ് പ്രതികളെ 20 വർഷം തടവിന് ശിക്ഷിച്ച ശേഷമുള്ള വിധിക്കും ശേഷം അതിജീവിതയെ ബന്ധപ്പെടാൻ മാധ്യമപ്രവർത്തകർ ശ്രമിച്ചിരുന്നുവെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല. അതിജീവിതക്കൊപ്പം തൃശൂരിലെ വീട്ടിലുണ്ടായിരുന്ന നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിജീവിത ഷോക്കിലാണെന്നും പിന്നീട് നിലപാട് വ്യക്തമാക്കുമെന്നുമാണ് അവർ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

