സംവിധായകൻ റൂമിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; വെളിപ്പെടുത്തി നടി അശ്വിനി നമ്പ്യാർ
text_fieldsമലയാള സംവിധായകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാർ. തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അശ്വിനി നമ്പ്യാർ ഇക്കാര്യം പറഞ്ഞത്. തന്‍റെ അച്ഛന്‍റെ പ്രായമുണ്ടായിരുന്ന ആളാണ് അങ്ങനെ ചെയ്തതെന്നും നടി പറഞ്ഞു. 'മണിച്ചിത്രത്താഴ്' സിനിമയിൽ 'അല്ലി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് അശ്വിനി നമ്പ്യാർ.
സിനിമയിൽ അഭിനയിക്കാൻ ചെന്ന തന്നെ എന്തോ ചർച്ച ചെയ്യാൻ ഉണ്ടെന്നു പറഞ്ഞു ബെഡ്റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് നടി പറഞ്ഞു. വലിയൊരു സംവിധായകനാണ് അത് ചെയ്തത്. അയാളുടെ പേര് പറയുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലാക്കാനാവുന്ന സാഹചര്യമായിരുന്നില്ല അത് -നടി പറഞ്ഞു.
അന്നൊക്കെ എവിടെ പോയാലും അമ്മ ഒപ്പമുണ്ടാകാറുണ്ടായിരുന്നു. എന്നാൽ, അന്ന് അമ്മക്ക് സുഖമില്ലാത്തതിനാൽ ഒപ്പമുണ്ടായിരുന്നില്ല. അന്ന് സംവിധായകൻ സിനിമയുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്യാൻ മുറിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. നേരത്തെയും ആ സംവിധായകനൊപ്പം സിനിമ ചെയ്തതിനാൽ പേടിയുണ്ടായിരുന്നില്ല. സംവിധായകന്‍റെ വീടും ഓഫിസും ഒരുമിച്ചായിരുന്നു. ഓഫിസിലിരുന്ന് ചർച്ചചെയ്യാനാണ് വിളിപ്പിച്ചതെന്നാണ് കരുതിയത്. എന്നാൽ, മുകൾ നിലയിലെ മുറിയിലേക്ക് വരാനാണ് പറഞ്ഞത്. ഞാൻ അന്ന് ടീനേജറാണ്. ഒരു കുട്ടിത്തത്തോടെ ചിരിച്ചുകൊണ്ടാണ് ഞാൻ മുറിയിലേക്ക് പോയത്. അവിടെ വെച്ച് അയാൾ മോശമായി പെരുമാറി. അവിടെ എന്താണ് നടന്നതെന്ന് മനസ്സിലാക്കാൻ പോലും കഴിഞ്ഞിരുന്നില്ല. അയാളാണോ ഞാനാണോ തെറ്റ് ചെയ്തത്, ഞാനാണോ അതിന് അവസരമുണ്ടാക്കിയത് എന്നൊക്കെയുള്ള സംശയം പോലുമുണ്ടായി.
പിന്നീട് വിഷമിച്ചിരുന്നപ്പോൾ അമ്മ ചോദിച്ചപ്പോൾ ഇക്കാര്യം വെളിപ്പെടുത്തി. നടന്ന കാര്യം അമ്മയോട് പറഞ്ഞപ്പോൾ അമ്മ പൊട്ടിക്കരഞ്ഞു. അന്ന് ഞാൻ മരിക്കാൻ തീരുമാനിച്ചു. ഉറക്കഗുളികകൾ കഴിച്ച് ആശുപത്രിയിലായി. അതിന് ശേഷം അമ്മ പറഞ്ഞു ഇത് എന്‍റെ തെറ്റല്ലെന്നും അയാൾ ചെയ്ത തെറ്റാണെന്നും. എന്‍റെ അച്ഛന്‍റെ പ്രായമുള്ള ആളായിരുന്നു അത്. അമ്മയുടെ വാക്കുകളാണ് ആ ഘട്ടത്തിൽ എനിക്ക് ശക്തിതന്നത്. അതോടെ എനിക്ക് കൂടുതൽ ധൈര്യമുണ്ടായി. ഞാൻ വീണ്ടും ഷൂട്ടിന് പോയിത്തുടങ്ങി. പിന്നീട് ഒറ്റക്കാണ് പോയത്. എല്ലാം നേരിടാനുള്ള ധൈര്യം എനിക്കുണ്ടെന്ന് ഞാൻ മനസ്സിലാക്കി -നടി പറഞ്ഞു.
മണിച്ചിത്രത്താഴിന് പുറമേ ധ്രുവം, ആയുഷ്കാലം, ഹിറ്റ്ലർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടിയാണ് അശ്വനി നമ്പ്യാർ. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു. ആമസോൺ പ്രൈമിലെ ഹിറ്റ് തമിഴ് സീരീസായ സുഴലിന്‍റെ രണ്ടാം ഭാഗത്തിലൂടെ തിരിച്ചുവന്നിരിക്കുകയാണ് നടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

