Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'അമ്പതു രൂപ ശമ്പളത്തിൽ...

'അമ്പതു രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലി, ഓർത്തെടുക്കാൻ ഒരു വസന്തമത്രയും അമ്മക്കൊപ്പമുണ്ട്'; അങ്കണവാടിയിൽ നിന്ന് വിരമിച്ച അമ്മയെ കുറിച്ച് വിജിലേഷ്

text_fields
bookmark_border
അമ്പതു രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലി, ഓർത്തെടുക്കാൻ ഒരു വസന്തമത്രയും അമ്മക്കൊപ്പമുണ്ട്; അങ്കണവാടിയിൽ നിന്ന് വിരമിച്ച അമ്മയെ കുറിച്ച് വിജിലേഷ്
cancel

അമ്മയെക്കുറിച്ച് വികാരഭരിതമായ കുറിപ്പുമായി നടൻ വിജിലേഷ്. നാല്പത്തിയൊന്ന് വർഷത്തെ സർവീസിന് ശേഷം അങ്കണവാടി ഹെൽപ്പർ ജോലിയിൽ അമ്മ വിരമിക്കുകയാണെന്ന് വിജിലേഷ് എഴുതി. അമ്മയുടെ ഓരോ ദിവസത്തെ ആനന്ദവും പ്രതീക്ഷയുമെല്ലാം ഈ ജോലി തന്നെ ആയിരുന്നു എന്നും ആത്മാർഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്നേഹിച്ചു ഊട്ടിവളർത്തിയ സമ്പാദ്യമാണ് അമ്മക്ക് കൈമുതലെന്നും അദ്ദേഹം എഴുതി.

വിജിലേഷിന്‍റെ കുറിപ്പ്

നാല്പത്തിയൊന്ന് വർഷത്തെ സർവീസിന് ശേഷം അമ്മ അങ്കണവാടി ഹെൽപ്പർ ജോലിയിൽ നിന്ന് വിരമിച്ചു. നാല് പതിറ്റാണ്ടായി തുടരുന്ന അമ്മയുടെ ദിനചര്യയിൽ നിന്നും ഇനി വിശ്രമജീവിതത്തിലേക്ക്. അമ്പതു രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലിയാണ്. പിരിയുമ്പോൾ ഒമ്പതിനായിരം രൂപയായി അത് മാറി. പണ്ട്, ആരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു. കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്വം നിറഞ്ഞ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്. പുലർച്ചെ 4.30 ന് എഴുന്നേറ്റ് വീട്ട് ജോലികളൊക്കെ തീർത്ത്‌ തിരക്ക് പിടിച്ചു അങ്കണവാടിയിലേക്കു ഓടുന്ന അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. കുഞ്ഞുങ്ങൾക്കരികിലേക്കുള്ള ആ ഓട്ടത്തിന്‍റെ നേരത്ത് അമ്മയുടെ മുഖത്ത് നിറയുന്ന ഗൗരവം ഞാൻ കണ്ടിട്ടുണ്ട്.

ഡിഗ്രി പഠനം ഞാൻ തിരഞ്ഞെടുത്തത് സംസ്കൃതമായിരുന്നു. തുടർന്ന് പി.ജിക്ക്‌ തിയേറ്ററും. തിയേറ്റർ പഠിച്ചിട്ട് എന്ത് ചെയ്യാനാണ് എന്ന് എല്ലാവരും ചോദിച്ചപ്പോഴും എന്റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നൽകി അമ്മ കൂടെ നിന്നു.

വളരെ തുച്ഛമായ വരുമാനത്തിലാണ് അമ്മ ജോലിയാരംഭിച്ചത്. കിട്ടിയ പ്രതിഫലത്തേക്കാൾ, നൂറുക്കണക്കിന് കുഞ്ഞുങ്ങളുടെ ചിരിയും സ്നേഹവും കുസൃതിയുമൊക്കെ അമ്മയിൽ നിറച്ചത് മനുഷ്യത്വത്തിന്‍റെ തീരാത്ത തുളുമ്പലുകളാണ്. അതിൽ നിന്ന് ഞങ്ങൾ മക്കൾക്കും കിട്ടിയിട്ടുണ്ട് അലിവിന്‍റെ ഒരിക്കലും മങ്ങാത്ത വെളിച്ചം.

ഉത്തരവാദിത്വം നിറഞ്ഞതും ഭാരിച്ചതുമായിരുന്നു അമ്മയുടെ ജോലി. അമ്മയെ പോലെ കുഞ്ഞുങ്ങൾക്കിടയിൽ ജീവിക്കുന്ന എല്ലാവരും ചെയ്യുന്ന സാമൂഹ്യ പ്രവർത്തനം വിലയിടാനാകാത്തതാണ്. ഒരു കുഞ്ഞിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടത്തെ ഏറ്റവും സുരക്ഷിതവും മനോഹരവുമായാണ് ഇവർ കൈകാര്യം ചെയ്യുന്നത് . അവരെ പൂക്കളെ പോലെ ചിരിപ്പിച്ചും കിളികളെ പോലെ പാട്ടു പാടിച്ചും പിണക്കുമ്പോൾ ഇളം വെയിലായും നിലാവായും അവരിൽ നിറഞ്ഞ് കുഞ്ഞുവിരലുകളിൽ പിടിച്ച് അവരെ കഥകളുടെ, പാട്ടിന്‍റെ, കവിതകളുടെ മാസ്മരിക ലോകത്തേക്ക് നടത്തിക്കുന്നതും അവരിൽ സന്തോഷം കോരി നിറക്കുന്നതും കാണാൻ എന്ത് രസമാണ്.

40 വർഷം കൊണ്ട് വരുമാനത്തിൽ സാരമായ വ്യത്യാസങ്ങൾ വരുന്നില്ലെങ്കിലും ജോലിഭാരം കൂടുതലും ഉത്തരവാദിത്വം അതിൽ കൂടുതലുമാണ്. അമ്മ ഒരു മടുപ്പും കൂടാതെയാണ് ഇക്കാലമത്രയും ജോലി ചെയ്തത്. അമ്മയുടെ ഓരോ ദിവസത്തെ ആനന്ദവും പ്രതീക്ഷയുമെല്ലാം ഈ ജോലി തന്നെ ആയിരുന്നു. അമ്മയുടെ ഈ ജോലിയാണ് എന്നെ, ഞങ്ങളെ വളർത്തിയത്. ഇക്കാലമത്രയുമുള്ള ആത്മാർഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്നേഹിച്ചു ഊട്ടി വളർത്തിയ സമ്പാദ്യമാണ് അമ്മക്ക് കൈമുതൽ. അമ്മ എനിക്കെന്നും ആശ്ചര്യവും പ്രചോദനവുമാണ്....

പൂക്കൾക്കിടയിൽ നിന്നും അമ്മ വീടണഞ്ഞെങ്കിലും ഓർത്തെടുക്കാൻ ഒരു വസന്തമത്രയും അമ്മക്കൊപ്പമുണ്ട് ഇത്രയും കൂടി :

അങ്കണവാടി വർക്കർമാർക്ക് കേരള സർക്കാർ ഇപ്പോൾ ഒരുപാട് പരിഗണന നൽകുന്നുവെന്നത് സന്തോഷം പകരുന്നതാണ്. സർക്കാർ അഭിനന്ദനമർഹിക്കുന്നതുമാണ്. ഇനിയും കൂടുതൽ ശ്രദ്ധ അവർക്ക് നൽകി അവരുടേയും നമ്മുടെ കുഞ്ഞുങ്ങളുടെയും മുഖത്തെ പുഞ്ചിരി മായാതെ കാത്തു പോരേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook postmalayalam actorEntertainment News
News Summary - Actor Vijilesh Karyad facebook post
Next Story