ദേശസ്നേഹത്തെ ചോദ്യം ചെയ്യുന്നവരുടെ വായടപ്പിച്ച് ടൊവിനോ, വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണയുമായി നടൻ
text_fieldsകൊച്ചി: രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരെ നടക്കുന്ന അടിച്ചമർത്തലുകൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടൻ ടൊവിനോ തോമസ്. ശരിയും തെറ്റും ആപേക്ഷികമായിരിക്കാം, എന്നാൽ സമാധാനപരമായ ഒരു പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി തീർച്ചയായും ഇതല്ലെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ടൊവിനോ വ്യക്തമാക്കി.
‘ശരിയും തെറ്റും ആപേക്ഷികമായിരിക്കാം, എന്നാൽ സമാധാനപരമായ ഒരു പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി തീർച്ചയായും ഇതല്ല. ഒരു രാജ്യത്തിന്റെ ഭാവി തലമുറ സംസാരിക്കുമ്പോൾ, അവരുടെ ശബ്ദങ്ങളെ അടിച്ചമർത്തൽ ശക്തികൾ ഉപയോഗിച്ച് നേരിടുകയാണെങ്കിൽ, അത് അടിച്ചമർത്തുന്നത് രാജ്യത്തിന്റെ ഭാവിയെത്തന്നെയാണ്. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് അവിടെ ഇല്ലാതാകുന്നത്.
ഈ വിദ്യാർഥികൾ എന്ത് തെറ്റാണ് ചെയ്തത്? അവർ സ്വത്തുക്കൾ നശിപ്പിച്ചോ? അക്രമത്തിന്റെ വഴി തെരഞ്ഞെടുത്തോ? ഇത്തരം ഒരു പെരുമാറ്റം അർഹിക്കാൻ മാത്രം അവർ എന്താണ് ചെയ്തത്?
നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തും, ന്യായമായ ആവശ്യത്തിനായി സമാധാനപരമായി പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാൻ എന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല, യഥാർഥത്തിൽ അത് അതിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ ഒന്നാണ്.
എന്റെ ദേശീയതയെ ചോദ്യം ചെയ്യാൻ വരുന്നവരോട്, എന്നെക്കുറിച്ച് നിങ്ങൾക്ക് അറിയാവുന്നതിനേക്കാൾ നന്നായി എനിക്ക് എന്നെ അറിയാം.
എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്. എന്റെ വിശ്വാസം സമാധാനവുമാണ്. ജയ് ഹിന്ദ്’-ടൊവിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സമാധാനപരമായ ജനകീയ പ്രക്ഷോഭങ്ങളെയും വിദ്യാർഥി മുന്നേറ്റങ്ങളെയും അടിച്ചമർത്തുന്ന ഭരണകൂട നടപടികൾക്കെതിരെ ചലച്ചിത്ര രംഗത്തുനിന്ന് ഉയർന്നുവന്ന ശക്തമായ ശബ്ദങ്ങളിൽ ഒന്നായി ടൊവിനോയുടെ പ്രതികരണം ഇതിനോടകം മാറിക്കഴിഞ്ഞു. നിരവധി ആളുകളാണ് താരത്തിന്റെ നിലപാടിനെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്.
അസേമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പാർലമെന്റ് മാർച്ചും പ്രതിഷേധവും ചൊവ്വാഴ്ചയും തുടർന്നു. ഇന്നലെ രാത്രി വൈകി ജന്തർ മന്തറിലും പരിസരത്തുമുള്ള സമരകേന്ദ്രങ്ങൾ സന്ദർശിച്ച് പ്രക്ഷോഭകരോടും പൊലീസോടും സംസാരിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച രാവും പകവും നീണ്ട പ്രതിഷേധത്തിനും സംഘർഷത്തിനുമിടെ ഡൽഹി പൊലീസ് സമരവേദി നീക്കം ചെയ്തിരുന്നുവെങ്കിലും, പ്രക്ഷോഭകർ ജന്തർ മന്തറിൽ തിരിച്ചെത്തി ടെന്റും താൽക്കാലിക വേദിയും നിർമ്മിച്ചു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായിരുന്നു തിങ്കളാഴ്ച. സി.ജെ.പി ആഹ്വാനം ചെയ്ത "സൻസാദ് ചലോ" പാർലമെന്റ് മാർച്ചിന് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ആയിരക്കണക്കിന് പേർ എത്തിയിരുന്നു.
മാർച്ചിന് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് നീങ്ങുന്ന വിദ്യാർഥികൾക്കു നേരെ പൊലീസ് ലാത്തി വീശിയതോടെ പ്രതിഷേധം സംഘർഷത്തിലേക്കു നീങ്ങുകയായിരുന്നു. സമരക്കാർ പാർലമെന്റിന് അടുത്തെത്തിയതോടെ പൊലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ ഇൻറർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കപ്പെട്ടിരുന്നു.
ഇതിനിടെ പ്രക്ഷോഭകർക്കും പൊലീസുകാർക്കും പരിക്കേറ്റു. പൊലീസ് നടപടിയെയും മഴയെയും അതിജീവിച്ച് സമരം രാത്രിവൈകിയും പ്രക്ഷുബ്ധമായി തുടർന്നു.സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോൺ വീഡിയോകളും പരിശോധിക്കാനും അക്രമം വലിയ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അന്വേഷിക്കാനും തുടങ്ങിയതായി ഡൽഹി പൊലീസ് അറിയിച്ചു.അവസാനം സി.ജെ.പിയുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറായെങ്കിലും സമരക്കാരുടെ ആവശ്യങ്ങളോട് മുഖംതിരിക്കുകയായിരുന്നു. ഇന്നും സമരം തുടരുമെന്ന് പ്രഖ്യാപിച്ചതോടെ പൊലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

