Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'പറഞ്ഞത് ഒരു സീനിയർ...

'പറഞ്ഞത് ഒരു സീനിയർ തന്ന വിവരം, പ്രേം നസീർ സാർ എവിടെ കിടക്കുന്നു, ഞാൻ എവിടെ കിടക്കുന്നു... തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പ് ചോദിക്കാൻ തയാർ'

text_fields
bookmark_border
prem nazir tiny tom
cancel
camera_alt

പ്രേം നസീർ, ടിനി ടോം 

പ്രേം നസീറിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന വിവാദത്തിൽ വിശദീകരണവുമായി നടൻ ടിനി ടോം. നസീർ സാറിനെ കുറിച്ച് പറയാൻ ഞാനാളല്ല. നസീർ സാർ എവിടെ കിടക്കുന്നു, ഞാൻ എവിടെ കിടക്കുന്നു. ഒരു സീനിയർ തന്ന വിവരമാണ് പങ്കുവെച്ചത്. ഒരു ഇന്റർവ്യൂവിലെ ചെറിയ ഒരു ഭാഗം അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പ് ചോദിക്കാൻ തയാറാണെന്നും ടിനി ടോം സമൂഹമാധ്യങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.

പ്രേംനസീർ അവസാന കാലത്ത് സിനിമ ഇല്ലാതെ മനസ്സുവിഷമിച്ച് അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയി കരഞ്ഞുവെന്ന് ടിനി ടോം പറഞ്ഞതായാണ് സമൂഹമാധ്യങ്ങളിൽ പ്രചരിച്ചത്. സിനിമയില്ലാത്തതിൻ്റെ നിരാശയിൽ എന്നും രാവിലെ മേക്കപ്പിട്ട് അദ്ദേഹം അടൂർ ഭാസിയുടെയും ബഹറൂറിൻ്റെയും വീടുകളിൽ എത്തുമായിരുന്നുവെന്നും സിനിമ കിട്ടാതെ കരഞ്ഞു കരഞ്ഞാണ് പ്രേം നസീർ മരിച്ചതെന്നും ടിനി ടോം പറഞ്ഞതായും പോസ്റ്റുകളിൽ വിമർശിക്കുന്നു. ടിനി ടോമിന്‍റെ പ്രസ്താവനക്കെതിരെ നടൻ മണിയൻപിള്ള രാജു, സംവിധായകൻ എം.എ. നിഷാദ്, ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവർ രംഗത്തെത്തിയിരുന്നു.

വ്യാപക വിമർശനമുയർന്നതോടെയാണ് ടിനി ടോം വിശദീകരണം നൽകിയത്. ടിനി ടോമിന്‍റെ വാക്കുകൾ ഇങ്ങനെ:- ‘വളരെ വൈകിയാണ് ഒരു വാർത്ത ഞാൻ കണ്ടത്. നസീർ സാറിനെ ‍ഞാൻ മോശം പരാമർശം നടത്തി എന്ന് പറഞ്ഞിട്ട്. ദ ഗോഡ് ഓഫ് മലയാളം സിനിമ, ദ ലെജന്റ് ഓഫ് മലയാളം സിനിമ, നസീർ സാറിനെ ആരാധിക്കുന്ന ഒരുപാട് പേർ ലോകത്തുണ്ട്. അതിൽ ഉൾപ്പെടുന്ന ചെറിയ ഒരാളാണ് ഞാൻ. നസീർ സാർ എവിടെ കിടക്കുന്നു ഞാൻ എവിടെ കിടക്കുന്നു. അത്രയും വലിയ ഒരു സ്റ്റാറിനെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്. ഒരു ഇന്റർവ്യൂവിലെ ചെറിയ ഭാഗം അടർത്തി എടുത്ത് തെറ്റായ വ്യാഖ്യാനത്തിലൂടെ പല വാർത്തകളും പുറത്തുവിടുകയാണ് ഉണ്ടായത്. ഞാൻ നസീർ സാറിനെ നേരിട്ട് കണ്ടിട്ടുകൂടി ഇല്ല. ഒരു സീനിയർ തന്ന വിവരം, ഇപ്പോൾ അദ്ദേഹം കൈ മലർത്തുന്നുണ്ട്. അല്ലാതെ അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ച് എടുത്തതല്ല. കേട്ട വിവരംവച്ച് ഷെയർ ചെയ്ത കാര്യമാണ്. അതൊരിക്കലും ആരെയും മോശപ്പെടുത്താനോ അവഹേളിക്കാനോ അല്ല. കാരണം ഇവരൊക്കെ തിരിച്ചു കിട്ടാത്ത ലെ‍ജന്റ്സ് ആണ്. പല സീനിയേഴ്സ് മരിക്കുമ്പോഴും ഞാൻ അവിടെ പോകാറുണ്ട്. എന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. അത് നാട്ടുകാരെ കാണിക്കാനല്ല. കാരണം ഇവരെയൊന്നും ഇനി നമുക്ക് തിരിച്ച് കിട്ടില്ല. അത്രയും ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന ഇവരെയൊക്കെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്. ആരെയും വാക്ക് കൊണ്ടു പോലും വേദനിപ്പിക്കരുതെന്ന് വിചാരിച്ച് അതിനനുസരിച്ച് ജീവിക്കുന്ന ഒരാളാണ് ഞാൻ. ഇങ്ങനെ ഒരു സംഭവം ഞാൻ ഉൾപ്പെടെയുള്ളവർക്ക് വേദന ഉണ്ടാക്കുന്നതാണ്'.

ടിനി ടോമിനെ നേരത്തെ മണിയൻപിള്ള രാജു വിമർശിച്ചിരുന്നു. 'ഇവനൊന്നും നസീര്‍ സാറിനെ കണ്ടിട്ടുപോലുമില്ല. നസീര്‍ സാറിന്റെ കൂടെ പത്തോ പതിനഞ്ചോ സിനിമയില്‍ അഭിനയിച്ചിട്ടുള്ള ആളാണ് ഞാന്‍. ഇത്രയും ദൈവതുല്യനായ ആളെ ഞാന്‍ അതിന് മുമ്പോ ശേഷമോ കണ്ടിട്ടില്ല. ടിനി ടോം മണ്ടത്തരങ്ങള്‍ പറഞ്ഞ് വിവാദങ്ങളില്‍പെട്ടിട്ടുണ്ട്. എന്തിന് ഇങ്ങനെ ഇത്രയും മഹാനായ ആളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. ഇവന് ഭ്രാന്താണെന്ന് തോന്നുന്നു, തലയ്ക്കകത്ത്' എന്നായിരുന്നു മണിയന്‍പിള്ള രാജുവിന്റെ വാക്കുകൾ.

പബ്ലിസിറ്റിക്ക് വേണ്ടി വെർബൽ ഡയറിയ അഥവാ ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയുന്ന വിവരദോഷികളായവരുണ്ട്, അത്തരം ഒരു മാന്യദേഹമാണ് ടിനി ടോം എന്നാണ് എം.എ. നിഷാദ് വിമർശിച്ചത്. പ്രേംനസീറിന് ടിനി ടോം പറയുന്നത് പോലെ ഒരു ഗതികേടും സംഭവിച്ചിട്ടില്ല. മുഖം മിനുക്കാൻ മേക്കപ്പ് ഇട്ട നടക്കേണ്ട സാഹചര്യവുമുണ്ടായിട്ടില്ല... അടിമുടി സുന്ദരനായ നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടിയും വന്നിട്ടില്ലെന്നും എം.എ. നിഷാദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prem nazirEntertainment NewsCelebritiesTiny Tom
News Summary - Actor Tiny Toms explanation in Prem Naseer controversy
Next Story