‘കംഗുവ’ സിനിമയുമായി നടൻ സൂര്യ റിയാദിൽ
text_fieldsറിയാദിൽ കംഗുവ തമിഴ് സിനിമയുടെ പ്രമോഷൻ പരിപാടിയിൽ സൂര്യയും സണ്ണി ഡിയോളും
റിയാദ്: ചരിത്രത്തിലാദ്യമായി ഒരു തമിഴ് സിനിമയുടെ പ്രമോഷനു വേണ്ടി തെന്നിന്ത്യൻ ചലച്ചിത്ര താരവും നിർമാതാവുമായ സൂര്യയും ബോളിവുഡ് താരമായ സണ്ണി ഡിയോളും റിയാദിലെത്തി.
നവംബർ 14ന് ലോകത്താകെ റിലീസ് ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കംഗുവ’യുടെ പ്രമോഷൻ പരിപാടി മലസ് ലുലു പാർക് അവന്യൂവിൽ അരങ്ങേറിയപ്പോൾ താരങ്ങളെ കാണാൻ ഒഴുകിയെത്തിയത് ആയിരക്കണക്കിന് ചലച്ചിത്രപ്രേമികൾ.
ഹിറ്റ് മേക്കറും ബ്ലോക് ബസ്റ്റർ സംവിധായകനുമായ ശിവ ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ത്രീഡി സിനിമയുടെ നിർമാണ ചെലവ് 350 കോടിയോളം രൂപയാണ്. ലോകത്താകെ പതിനായിരത്തിലധികം സ്ക്രീനുകളിലാണ് അഞ്ചു ഭാഷകളിലുള്ള ഈ പാൻ ഇന്ത്യൻ സിനിമ പുറത്തിറങ്ങുന്നത്.
ജനാരവങ്ങളിലേക്ക് വന്നിറങ്ങിയ സൂര്യയെ ലുലു അധികൃതരും തമിഴ് സംഘാടകരും മീ ഫ്രൻഡ് പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.
കൈവീശി സ്വാഗതമരുളിയ കുരുന്നുകൾക്കൊപ്പം റിയാദ് ടാക്കീസിന്റെ ‘ഡോൾ ഓഫ് അറേബ്യ’യുടെ വാദ്യമേളവും നടിപ്പിൻ നായകനെ വരവേറ്റു. സണ്ണി ഡിയോളിനെയും വാദ്യപ്പൊലിമയോടെ സംഘാടകർ സ്വീകരിച്ചു. ഇരുവർക്കും ആദരവ് നൽകി വൈദേഹി നൃത്തവിദ്യാലയം അവതരിപ്പിച്ച സ്വാഗതനൃത്തത്തിന് ഒടുവിൽ താരങ്ങളെ കൈപിടിച്ച് കുട്ടികൾ വേദിയിലേക്ക് ആനയിച്ചു.
മനുഷ്യരാശി പിന്നിട്ട വഴികളിലൂടെ, ആയിരക്കണക്കിന് വർഷം മുമ്പുള്ള അവരുടെ ജീവിതത്തിലേക്കുള്ള സഞ്ചാരമാണ് സിനിമയുടെ ഇതിവൃത്തമെന്നും ആക്ഷനും ഫാന്റസിക്കുമൊപ്പം വിസ്മയകരമായ കഥാസന്ദർഭങ്ങളിലൂടെയാണ് ദൃശ്യഭാഷയൊരുക്കിയതെന്നും സൂര്യ പറഞ്ഞു.
പല തുരുത്തുകളിൽ ജീവിക്കുകയും നീര്, നെരുപ്പ്, ആകാശം, രക്തം എന്നിങ്ങനെയുള്ള വിവിധ പ്രതിഭാസങ്ങളെ ആരാധിക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യർ തമ്മിലെ ബന്ധങ്ങൾക്കും കലഹങ്ങൾക്കുമിടയിലേക്ക് പുതിയൊരു വിഭാഗത്തിന്റെ ആഗമനം സൃഷ്ടിക്കുന്ന സംഘർഷങ്ങളാണ് ‘കംഗുവ’യുടെ ഉള്ളടക്കമെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം, മറക്കാനും പൊറുക്കാനുമുള്ള മനുഷ്യസഹജമായ വികാരങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും സിനിമ കാണിച്ചുതരുന്നു.
താരങ്ങളെ ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയ പ്രവാസികൾക്കും സ്വദേശി പൗരന്മാർക്കും സൂര്യയും ഇതിഹാസ താരം ധർമേന്ദ്രയുടെ പുത്രൻ സണ്ണി ഡിയോളും നിരവധി തവണ നന്ദി പറയുകയും അനുവാചകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ലുലു പ്രതിനിധികളായ ഷഫീഖ് റഹ്മാൻ (കോമഴ്സ്യൽ മാനേജർ), അബ്ദുൽ ജലീൽ (റീജനൽ മാനേജർ), ലാലു വർക്കി (മാൾ മാനേജർ), മുഹമ്മദ് സച്ചിൻ (ജി.എം മാർക്കറ്റിങ്), അംറ് മുഹമ്മദ് നിസാർ (കൊമേഴ്സ്യൽ മാനേജർ), മീ ഫ്രണ്ട് ആർ.എം. സലീം മാഹി, ബിസിനസ് ഹെഡ് ഹിലാൽ ഹുസൈൻ, കോഓഡിനേഷൻ കൺവീനർ അഷ്റഫ് കൊടിഞ്ഞി, അസിസ്റ്റന്റ് കൺവീനർ മുഹമ്മദ് ഫൈസൽ എന്നിവർ സംബന്ധിച്ചു.

