ഒരേ ഒരു ശ്രീനി!
text_fieldsഒരേ സമയം മലയാള സിനിമ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കുവാനും അവയെ തന്റെ തൂലികയിൽനിന്നും സൃഷ്ടിക്കുവാനും കഴിഞ്ഞിരുന്ന അസാമാന്യ പ്രതിഭ ആയിരുന്നു ശ്രീനിവാസൻ. മലയാള സിനിമയെ അതിഭാവുകത്വത്തിന്റെ പിടിയിൽനിന്നും അയത്നലളിതമായി സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന തരത്തിലുള്ള സംഭാഷണങ്ങളിൽ കൂടി അദ്ദേഹം പുനർനിർമാണം നടത്തി എന്ന് തന്നെ നിസംശയം പറയാം. സ്വന്തം തിരക്കഥകൾ അല്ലാതെ മറ്റുള്ളവരുടെ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. മലയാളികൾക്ക് ഇടയിൽ പണ്ടേ തരംഗമായി മാറിയ ഹിറ്റ് ഡയലോഗുകൾ പലതും ആ അനുഗൃഹീത തൂലികയിൽനിന്നും പിറവി എടുത്തതാണ്.
ആക്ഷേപ ഹാസത്തിന്റെ രാജാവ് ആയിരുന്നു ശ്രീനി. മലയാളസിനിമയിലെ കുഞ്ചൻ നമ്പ്യാർ എന്നൊക്കെ വിശേഷിപ്പിക്കാൻ കഴിയുന്ന തരത്തിൽ ഒരാൾ. ശ്രീനി തൂലിക കൈയിൽ എടുത്തപ്പോൾ ഒക്കെ പിറന്നത് ഒരുപിടി മികച്ച സിനിമകൾ ആയിരുന്നു. അതിൽ തന്നെ ഏതാണ്ട് എല്ലാ സിനിമകളും സൂപ്പർ ഹിറ്റുകളും ആയിരുന്നു. സാമൂഹിക വിഷയങ്ങളിൽ എല്ലാം അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു.
താൻ ജീവിക്കുന്ന സമൂഹത്തിന്റെ നേർക്ക് നീട്ടിപ്പിടിച്ച ഒരു കണ്ണാടി തന്നെ ആയിരുന്നു ഓരോ തിരക്കഥകളും. ആ കണ്ണാടിയിൽ മലയാളി അവന്റെ പ്രതിബിംബം കണ്ടൂ. ‘എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ’ എന്ന, നാടോടിക്കാറ്റ് എന്ന സിനിമയിൽ മോഹൻലാലിനോട് പറയുന്ന ഡയലോഗ് ഒരിക്കലെങ്കിലും പറയാത്ത ഒരു മലയാളിയും കാണില്ല. കാരണം അത് ഒരു പ്രതീക്ഷയുടെ നേർത്ത വെളിച്ചം ആശ നശിച്ച ഒരു വ്യക്തിക്ക് മുന്നോട്ടുള്ള വഴിയിൽ കാണിച്ചു തരും.
പ്രിയദർശൻ, സത്യൻ അന്തിക്കാട് തുടങ്ങിയ സംവിധായകരുടെ കരിയറിൽ അവർക്ക് ഏറ്റവും നല്ല ഹിറ്റ് സിനിമകൾ നൽകിയത് ശ്രീനിയുടെ കൈയൊപ്പ് പതിഞ്ഞ തിരക്കഥകളാണ്. ഒട്ടനവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി നടനായും തിരക്കഥാകൃത്തായും നിറഞ്ഞുനിന്നിരുന്ന അദ്ദേഹം രണ്ടേ രണ്ട് സിനിമകൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. അവ രണ്ടും മലയാളത്തിലെ ക്ലാസിക്കുകളായി നിലനിൽക്കുന്നു. അദ്ദേഹം തന്റെ സ്വന്തം സിനിമാഭിനയത്തിന്റെ തുടക്കകാലത്ത് പി.എ. ബക്കർ എന്ന അതുല്യ പ്രതിഭയുടെ ‘സംഘഗാനം’ എന്ന സിനിമയിൽ നായകൻതന്നെയായി.
പിന്നീട് നിരവധി കലാമൂല്യമുള്ള സിനിമകൾ ചെയ്തെങ്കിലും പൂച്ചക്ക് ഒരു മൂക്കുത്തി, ധിം തരികിട തോം, ഓടരുത് അമ്മാവാ ആളറിയാം തുടങ്ങിയ വമ്പൻ ചിരി പടങ്ങളാണ് ശ്രീനിയെ പ്രേക്ഷകരുടെ പ്രിയ മുഖമാക്കി മാറ്റിയത്. അവിടുന്നങ്ങോട്ട് എത്രയെത്ര സൂപ്പർ ഹിറ്റ് സിനിമകൾ അഭിനയിക്കുകയും എഴുതുകയും ചെയ്തു കൊണ്ട് അദ്ദേഹം മലയാള സിനിമയിൽ തന്റെതായ ഒരു ഇരിപ്പിടം വലിച്ചിട്ടു ഇരിപ്പുറപ്പിച്ചു.
ഇതിന്റെ ഇടയിലും എം. മുകുന്ദന്റെ ‘മദാമ്മ’ എന്ന നോവലെറ്റ് സിനിമ ആക്കിയപ്പോൾ നിരവധി ദേശീയ പുരസ്കാരങ്ങൾ നേടിയ പ്രശസ്ത അഭിനേത്രി അർച്ചനയുടെ (പിറവി ഫെയിം) നായക വേഷത്തിലെത്തി ആ കഥാപാത്രത്തെ ഗംഭീരമാക്കി അവതരിപ്പിച്ചു.പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് പറയാൻ ഇനി അയാൾ ഇല്ല. പ്രീഡിഗ്രി ഒരു മോശം ഡിഗ്രി അല്ല എന്നും ദാസനെ പറഞ്ഞുമനസ്സിലാക്കാനും അയാൾക്ക് ഇനി കഴിയില്ല തന്റെ നിലപാടുകൾ, തന്റെ രാഷ്ട്രീയം, തനിക്ക് ജനങ്ങളോട് സംവദിക്കാനുള്ള വിഷയങ്ങൾ എല്ലാം എല്ലാം ശ്രീനി തന്റെ തൂലികയിൽക്കൂടി ജനങ്ങളുടെ മുന്നിൽ നിരത്തി വച്ചിട്ടാണ് വിട പറഞ്ഞുപോകുന്നത്. മലയാള സിനിമയിലെ പകരക്കാരൻ ഇല്ലാത്ത അതുല്യ പ്രതിഭയുടെ ഓർമകൾക്ക് മുന്നിൽ ഒരു പിടി അശ്രുപൂക്കൾ അർപ്പിക്കുന്നു!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

