Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മാഞ്ഞു ശ്രീനിഹാസം
cancel

കൊച്ചി: സാധാരണക്കാരന്‍റെ ജീവിത വ്യഥകളും മധ്യവർഗത്തിന്‍റെ പൊങ്ങച്ചങ്ങളും കക്ഷി രാഷ്ട്രീയത്തിന്‍റെ പൊള്ളത്തരങ്ങളും നർമം ചേർത്ത് അഭ്രപാളിയിലേക്ക് പകർത്തിയ ചലച്ചിത്രകാരൻ ശ്രീനിവാസൻ വിടവാങ്ങി. നടനായും തിരക്കഥാകൃത്തായും സംവിധായകനായും നിർമാതാവായും അഞ്ച് പതിറ്റാണ്ടിനടുത്ത് മലയാള സിനിമയുടെ വ്യാകരണവും മലയാളി പ്രേക്ഷകരുടെ ഭാവുകത്വവും മാറ്റിയെഴുതിയ ശ്രീനിവാസന് 69 വയസ്സായിരുന്നു. നാല് വർഷത്തിലധികമായി അലട്ടിയിരുന്ന അസുഖം കാരണം സിനിമ ജീവിതം വിട്ട് വിശ്രമത്തിലായിരുന്നു.

സ്വദേശമായ കണ്ണൂരിലെ പാട്യത്തുനിന്ന് സിനിമയുടെ ലോകം അന്വേഷിച്ച് ചെന്നൈയിലെത്തി, ദീർഘകാലം അവിടെ കഴിഞ്ഞ ശ്രീനിവാസൻ കുറച്ച് കാലമായി എറണാകുളം തൃപ്പൂണിത്തുറക്കടുത്തുള്ള കണ്ടനാടായിരുന്നു താമസം. ഞായറാഴ്ച രാവിലെ 10ന് ഔദ്യോഗിക ബഹുമതികളോടെ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാരം. ഭാര്യ: വിമല. നടനും സംവിധായകനും പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസൻ, നടൻ ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് മക്കൾ. മരുമക്കൾ: ദിവ്യ വിനീത്, അർപ്പിത സെബാസ്റ്റ്യൻ.

കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീനിവാസൻ രണ്ട് ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. ശനിയാഴ്ച രാവിലെ ഭാര്യക്കൊപ്പം ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അസ്വസ്ഥത തോന്നി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മലയാള സിനിമയുടെ ഒരു കാലത്തിന്‍റെ ഭാഗധേയം നിർണയിച്ച പ്രതിഭ എട്ടരയോടെയാണ് വിടപറഞ്ഞത്. താലൂക്ക് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മാറ്റിയ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നടൻ മമ്മൂട്ടി ഭാര്യ സുൽഫത്തിനൊപ്പം എത്തിയിരുന്നു. ഒരു മണിയോടെ എറണാകുളം ടൗൺഹാളിലേക്ക് പൊതുദർശനത്തിന് എത്തിച്ച് നാല് മണിയോടെ വീട്ടിലേക്കുതന്നെ കൊണ്ടുവന്നു.

ടൗൺഹാളിൽ അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി. രാജീവ് എന്നിവരും മമ്മൂട്ടി, മോഹൻലാൽ എന്നിവരുമുൾപ്പെടെ നിരവധി പേർ എത്തി. 1956ൽ കൂത്തുപറമ്പിനടുത്ത് പാട്യത്ത് സ്കൂൾ അധ്യാപകനായ ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായാണ് ജനനം. കൂത്തുപറമ്പ് മിഡിൽ സ്കൂൾ, കതിരൂർ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ചെന്നൈയിലെ ഫിലിം ആന്‍റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ഇവിടെനിന്ന് അഭിനയത്തിൽ ഡിപ്ലോമ നേടിയ ശ്രീനിവാസൻ 1977ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്ക’ത്തിലൂടെ സിനിമയിലെത്തി. തുടർന്ന് ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മകൻ ധ്യാൻ ശ്രീനിവാസൻ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ‘ആപ് കൈസേ ഹോ’ ആണ് അവസാന ചിത്രം. ‘ഞാൻ പ്രകാശൻ’ എന്ന സിനിമക്ക് വേണ്ടിയാണ് അവസാനമായി തിരക്കഥ എഴുതിയത്.

മലയാള സിനിമയിലെ നായക സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച നടനും സാധാരണക്കാരുടെ ജീവിതത്തിന്‍റെ സൂക്ഷ്മതലങ്ങളെ നർമത്തിന്‍റെ വ്യത്യസ്ത ഭാവങ്ങളിലൂടെ വരച്ചിട്ട എഴുത്തുകാരനുമായിരുന്നു ശ്രീനിവാസൻ. അപകർഷതാ ബോധത്തിൽ ജീവിതം ഉലഞ്ഞുപോയ തളത്തിൽ ദിനേശനും തൊഴിലില്ലായ്മക്കും പങ്കപ്പാടുകൾക്കും ഇടയിൽ നീറി ജീവിച്ച ദാസനും വിജയനും മുഖ്യധാര രാഷ്ട്രീയക്കാരുടെ കാപട്യം തുറന്നുകാട്ടിയ കോട്ടപ്പള്ളി പ്രഭാകരനും ചിരിച്ചും ചിന്തിപ്പിച്ചും ഇപ്പോഴും മലയാളിക്കൊപ്പം നടക്കുന്ന ശ്രീനിവാസൻ കഥാപാത്രങ്ങളാണ്.

1984ൽ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമക്ക് വേണ്ടിയാണ് ആദ്യമായി കഥയെഴുതുന്നത്. സത്യൻ അന്തിക്കാടിന്‍റെ ശ്രദ്ധേയമായ പല ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കി. ഈ കൂട്ടുകെട്ടിൽ പിറന്ന ടി.പി. ബാലഗോപാലൻ എം.എ, സന്മനസുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കന്‍റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ്, തലയണമന്ത്രം, സന്ദേശം, ഇരട്ടക്കുട്ടികളുടെ അച്ഛൻ, യാത്രക്കാരുടെ ശ്രദ്ധക്ക് തുടങ്ങിയ ചിത്രങ്ങൾ തിയേറ്ററുകളിൽ വൻ വിജയം നേടി. പ്രിയദർശൻ, സിബി മലയിൽ, കമൽ തുടങ്ങിയ മുൻനിര സംവിധായകർക്കായി നാൽപ്പതോളം ചിത്രങ്ങൾക്ക് കൂടി തിരക്കഥയൊരുക്കി. കഥ പറയുമ്പോൾ, തട്ടത്തിൻ മറയത്ത് എന്നീ ചിത്രങ്ങൾ നിർമിച്ചു. കെ.ജി. ജോർജിന്‍റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പുള്ളക്കുട്ടിക്കാരൻ, ലെസ ലെസ എന്നീ തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. ആഴമുള്ള ഹാസ്യത്തിന് പുറമെ, ഒട്ടേറെ ചിത്രങ്ങളിൽ നായകനായും ഉപനായകനായും കാരക്ടർ വേഷങ്ങളിലും തിളങ്ങി.

1989ൽ ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വടക്കുനോക്കിയന്ത്രം’ മികച്ച സിനിമക്കുള്ള സംസ്ഥാന അവാർഡും ‘ചിന്താവിഷ്ടയായ ശ്യാമള’ (1998) സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡും മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാർഡും നേടി. 1991ൽ മികച്ച കഥക്കും തിരക്കഥക്കും (സന്ദേശം) 1995ൽ മികച്ച തിരക്കഥക്കും (മഴയെത്തും മുമ്പേ) സംസ്ഥാന അവാർഡ് ലഭിച്ചു 2006ൽ ‘തകരച്ചെണ്ട’യിലെ അഭിനയമികവിന് സംസ്ഥാന ജൂറിയുടെ പ്രത്യേക പരാമർശവും നേടി. അദ്ദേഹം തിരക്കഥ ഒരുക്കിയ ‘കഥ പറയുമ്പോൾ’ 2007ൽ മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam CinemaSreenivasanMalayalam ActorLatest NewsObituary
News Summary - actor sreenivasan death
Next Story