മലയാളി ജീവിതത്തിന്റെ ശ്രീനിവാസൻ ടച്ച്
text_fieldsകൊച്ചി: എഴുത്തിലും വാക്കിലും ദൃശ്യങ്ങളിലും മൂർച്ചയുള്ള നർമവും മുഴക്കമുള്ള വിമർശനവുമായിരുന്നു ശ്രീനിവാസൻ എന്ന ചലച്ചിത്രകാരന്‍റെ സവിശേഷത. സിനിമയിലും ജീവിതത്തിലും അദ്ദേഹം മുന്നോട്ടുവെച്ച സാമൂഹിക വീക്ഷണവും ജീവിത ദർശനങ്ങളും ഏറെക്കുറെ സമാനമായിരുന്നു.
വിഷയം സിനിമയായാലും രാഷ്ട്രീയമായാലും ആരോഗ്യമായാലും പൊതു സമൂഹത്തിന്‍റെ ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ തനിക്ക് പറയാനുള്ളത് വെട്ടിത്തുറന്ന് പറഞ്ഞു. അവ പലപ്പോഴും കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങി. വിവാദങ്ങൾക്ക് തിരികൊളുത്തി. അപ്പോഴെല്ലാം താൻ പറയുന്ന കാര്യങ്ങളിലെല്ലാം മലയാളിക്ക് ഒരു ‘സന്ദേശം’ ഉണ്ട് എന്നതായിരുന്നു ശ്രീനിവാസന്‍റെ നിലപാട്.
മലയാള സിനിമക്ക് താങ്കളുടെ സംഭാവന എന്താണെന്ന് ചോദിക്കുമ്പോൾ അഭിനയിക്കാതെ വിട്ട നൂറുകണക്കിന് സിനിമകളാണ് എന്ന് പറയാൻ ശ്രീനിവാസനെ പോലെ ഒരു ചലച്ചിത്രകാരനേ കഴിയൂ. ചികിത്സാ സമ്പ്രദായങ്ങളിലും ഭക്ഷണശീലങ്ങളിലും മലയാളിയുടെ പരമ്പരാഗത രീതികളെ അദ്ദേഹം പല ഘട്ടങ്ങളിലും തുറന്നെതിർക്കുകയും ചിലപ്പോഴൊക്കെ കഠിനമായി പരിഹസിക്കുകയും ചെയ്തു.
ചക്കവെള്ളത്തിന്‍റെ ഔഷധവീര്യത്തെക്കുറിച്ച് ഇത്രമാത്രം വാചാലനായ മറ്റൊരാളില്ല. തിരക്കഥയെഴുതുേമ്പാൾ ദിവസവും രണ്ട് ഗ്ലാസ് ചക്കവെള്ളം അകത്താക്കാറുണ്ടെന്നും തന്‍റെ സർഗശേഷി നിലനിർത്തുന്നത് അതാണെന്നുമുള്ള അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ ചിലർക്കെങ്കിലും അവിശ്വസനീയമായിരുന്നു. കൊച്ചിയിൽ കാൻസർ സെൻറർ വരുന്നതിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്.
കാൻസർ സെൻറർകൊണ്ട് ഒരു രോഗി പോലും രക്ഷപ്പെടില്ലെന്നും കാൻസറിന് മരുന്നില്ലെന്ന കാര്യം മറച്ചുവെച്ച് ആശുപത്രികൾ പണം തട്ടുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. അവയവദാനം കച്ചവടമാകുന്നതിനെതിരെ പല സന്ദർഭങ്ങളിലും പൊട്ടിത്തെറിച്ചിട്ടുണ്ട്. കോവിഡ് കാല ചികിത്സകളിലും എതിരഭിപ്രായം ഉണ്ടായിരുന്നു.
ജൈവകൃഷിയുടെ പ്രചാരകനും വക്താവുമായിരുന്നു ശ്രീനിവാസൻ. വിഷപ്പച്ചക്കറി തടയാൻ സർക്കാരിന് ഇഛാശക്തിയില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, നിലവിലെ ഭക്ഷണരീതി തുടർന്നാൽ മലയാളി സമ്പാദിക്കുന്ന പണം മുഴുവൻ ആശുപത്രിയിൽ ചെലവാക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി.
എറണാകുളത്ത് തൃപ്പൂണിത്തുറയിലെ വീടിനടുത്ത് കണ്ടനാട് പാടശേഖരത്തിൽ ജൈവകൃഷി നടത്തിയിരുന്നു. അനുബന്ധമായി ജൈവപച്ചക്കറി വിപണനശാലയും. വൈക്കം, മറയൂർ, പാലക്കാട്, ആലത്തൂർ എന്നിവിടങ്ങളിൽ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ജൈവ പച്ചക്കറിത്തോട്ടങ്ങൾ ഒരുക്കി. കണ്ടനാണ് ഉദയശ്രീ എന്ന പേരിൽ മീൻകച്ചവടവും തുടങ്ങി. വിഷാംശമില്ലാത്ത ശുദ്ധമായ മത്സ്യം പൊതുജനങ്ങൾക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം.
ഇടതുപക്ഷത്തിന് വേരോട്ടമുള്ള മണ്ണിൽ ജനിച്ച ശ്രീനിവാസൻ രാഷ്ട്രീയക്കാരെ മുഖം നോക്കാതെ വിമർശിച്ചു. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെ പല തവണ തള്ളിപ്പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്നവർ സ്വേഛാധിപതികളായി മാറുന്നു എന്നായിരുന്നു ശ്രീനിയുടെ വിമർശനം. രാഷ്ട്രീയം പലർക്കും പണമുണ്ടാക്കാനുള്ള മാർഗമാണെന്ന് മറയില്ലാതെ പറഞ്ഞു.
‘ഈനാംപേച്ചി പോയാൽ മരപ്പട്ടി വരുന്ന രീതിയിലാണ് കേരളത്തിലെ ഭരണം. ജനാധിപത്യമല്ല, ഗുണ്ടാധിപത്യവും പണാധിപത്യവുമാണ് നിലനിൽക്കുന്നത്. കേരളത്തിലേതുപോലെ മണ്ടന്മാരായ വോട്ടർമാർ ലോകത്തെവിടെയും ഉണ്ടാകില്ല’. ഇങ്ങനെയൊക്കെ കക്ഷി രാഷ്ട്രീയത്തെ കടന്നാക്രമിച്ചപ്പോഴും എല്ലാ രാഷ്ട്രീയക്കാരുടെയും അടുത്ത സുഹൃത്തായി തുടർന്നു. താൻ രാഷ്ട്രീയത്തിലിറങ്ങുന്നു എന്ന് വാർത്ത പ്രചരിക്കുകയും എം.കെ. മുനീർ മുസ്ലിം ലീഗിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തപ്പോൾ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പ് നൽകിയാൽ ലീഗിൽ ചേരാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
താരസംഘടനയായ ‘അമ്മ’യുടെ പല നിലപാടുകളുടെയും വിമർശകനായിരുന്നു. ‘അമ്മ’ നന്നായാലേ മക്കൾ നന്നാകൂ എന്ന അദ്ദേഹത്തിന്‍റെ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചതിന് കണ്ണൂർ കൂത്തുപറമ്പിലെ ശ്രീനിവാസന്‍റെ വീടിന് നേരെ കരിഒായിൽ ആക്രമണമുണ്ടായി. ദിലീപ് അങ്ങനെയൊരു മണ്ടത്തരം ചെയ്യുമെന്ന് കരുതുന്നില്ലെന്നായിരുന്നു ശ്രീനിവാസന്‍റെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

