'ഫലസ്തീൻ കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ വല്ലാതെ വേദനിപ്പിക്കുന്നു' -ഷെയ്ൻ നിഗം
text_fieldsഫലസ്തീൻ കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്ന് നടൻ ഷെയ്ൻ നിഗം. സോഷ്യൽ മീഡിയ പേജുകൾ നോക്കുന്നത് ഇപ്പോൾ വിഷമമാണെന്നും കൊച്ചു കുഞ്ഞുങ്ങളെ വെള്ള തുണിയിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്നതൊക്കെ കാണുന്നത് തന്നെ വല്ലാതെ ബാധിക്കുന്നുണ്ടെന്നും മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഇൻസ്റ്റഗ്രാം നോക്കാൻ തന്നെ ഇപ്പോൾ വിഷമമാണ്. ഞാൻ ഫോളോ ചെയ്യുന്ന പേജുകൾ കൊണ്ടാണോ എന്നറിയില്ല. ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ചിലപ്പോൾ ഞാനൊരു സെൻസിറ്റീവ് മനുഷ്യനായത് കൊണ്ടാവാം. കൊച്ചു കുഞ്ഞുങ്ങളെ വെള്ള തുണിയിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്നതൊക്കെ കാണുന്നത് എന്നെ വല്ലാതെ ബാധിക്കുന്നു. എന്റെ ആരുമല്ല അവരൊന്നും. ഇനി അവരെന്റെ മതമായത് കൊണ്ടാണോ അങ്ങനെ എന്ന് ചോദിച്ചാൽ അതുമല്ല. മനുഷ്യത്വം മാത്രമാണ്.
ഈ അവസ്ഥ മാറണം. ഈ ലോകത്തിൽ യുദ്ധത്തിന്റെ ആവശ്യമില്ല. നമ്മൾ ജനിക്കുന്നു, കർമം ചെയ്യുന്നു, മരിക്കുന്നു. ഈ ലോകത്ത് നിന്ന് ഒന്നും നമ്മൾ കൊണ്ടു പോകുന്നില്ല. അപ്പോൾ ഈ യുദ്ധം കൊണ്ടൊക്കെ ആർക്കാണ് പ്രയോജനമെന്ന് ചിന്തിക്കണം'- ഷെയ്ൻ നിഗ പറഞ്ഞു.
'എന്റെ പിതാവ് ആശുപത്രിയിൽ കിടന്നപ്പോൾ മതം നോക്കിയല്ല ആളുകൾ രക്തം തന്നത്. അതൊക്ക ആ വ്യക്തിയോടുള്ള സ്നേഹം കൊണ്ടാണ്. മതത്തിന്റെ പേരിലോ സമുദായത്തിന്റെ പേരിലോ ആരെയും ഒന്നിനെയും മാറ്റി നിർത്താനോ ഒരു കുറ്റവും ആരോപിക്കാനോ പാടില്ല. അങ്ങനെ ചിന്തിച്ചു തുടങ്ങേണ്ട കാലം എന്നേ കഴിഞ്ഞു പോയി' - ഷെയ്ൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

