പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
text_fieldsഷാനവാസ്
തിരുവനന്തപുരം: മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീന്‍റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. വൃക്ക-ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11.50ഓടെയായിരുന്നു അന്ത്യം. വഴുതക്കാട് ‘കോർഡോൺ ട്രിനിറ്റി’ ടു ബിയിൽ ആയിരുന്നു താമസം.
ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മോണ്ട്ഫോർട്ട് സ്കൂൾ യേർക്കാട് എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും ചെന്നൈയിലെ ന്യൂ കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദവും നേടി. 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങൾ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ സജീവമായി. 80കളിൽ തിരക്കുള്ള നടനായിരുന്നു. അമ്പതിലധികം സിനിമകളിൽ അഭിനയിച്ചു. 2011ൽ ‘ചൈനാ ടൗൺ’ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തി.
പൃഥ്വിരാജ് ചിത്രം ‘ജനഗണമന’യിലാണ് അവസാനമായി വേഷമിട്ടത്. ചില തമിഴ് സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മാതാവ്: ഹബീബ ബീവി. ഭാര്യ: അയിഷ. മക്കൾ: ഷമീർ ഖാൻ, അജിത് ഖാൻ. മരുമകൾ: ഹന. ‘മണിയറ’, ‘പ്രശ്നം ഗുരുതരം’, ‘ആധിപത്യം’, ‘ഇവൻ ഒരു സിംഹം’, ‘മൈലാഞ്ചി’, ‘ചിത്രം’ തുടങ്ങിയവ ഷാനവാസ് അഭിനയിച്ച പ്രധാന സിനിമകളാണ്. ഖബറടക്കം ചൊവ്വാഴ്‌ച വൈകീട്ട് അഞ്ചിന് പാളയം മുസ്‍ലിം ജമാഅത്ത് ഖബർസ്‌ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

