നടനാകാൻ പതിനാറാം വയസ്സിൽ വീടുവിട്ടിറങ്ങി, പത്ത് രൂപ ശമ്പളത്തിൽ വെയ്റ്റർ ജോലി; ഇപ്പോൾ....
text_fieldsസിനിമ ഉയർച്ച താഴ്ചകളുടെ ഇടമാണ്. ആര്, എപ്പോൾ വിജയിക്കുമെന്ന് പ്രവചിക്കാനാകാത്ത ഇടം. സമൂഹമാധ്യമങ്ങൾ സജീവമല്ലാത്ത കാലത്ത് സിനിമയിൽ എത്തിപ്പെടുക എന്നത് കുറച്ചധികം പ്രയാസമുള്ള കാര്യമായിരുന്നു. ലോകമെമ്പാടുമുള്ള എല്ലാ സിനിമ വ്യവസായങ്ങൾക്കും ഉയരത്തിൽ എത്താൻ ആളുകൾ എങ്ങനെ പോരാടി എന്നതിന്റെ അതിശയിപ്പിക്കുന്നതോ പ്രചോദനാത്മകമോ ആയ കഥകൾ പറയാനുണ്ടാകും. ഇന്ത്യൻ സിനിമ വ്യവസായവും ഇതിൽനിന്ന് വ്യത്യസ്തമല്ല. സമാനമായ ഒരു കഥയാണ് നടൻ ഹർഷവർധൻ റാണെക്കും പറയാനുള്ളത്. ധാരാളം തടസ്സങ്ങൾ അനുഭവിച്ചെങ്കിലും പിന്നീട് വിജയത്തിന്‍റെ നെറുകയിൽ എത്തിയ ഒരു കഥ.
ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവത്തിൽ ജനിച്ച റാണെ ഗ്വാളിയോറിലാണ് വളർന്നത്. അച്ഛൻ വിവേക് റാണ അവിടെ ഡോക്ടറായിരുന്നു. പക്ഷേ, അച്ഛന്റെ പാത പിന്തുടരാൻ റാണെക്ക് പദ്ധതിയില്ലായിരുന്നു. 16 വയസ്സുള്ളപ്പോൾ, പോക്കറ്റിൽ വെറും 200 രൂപയുമായാണ് റാണെ നാടും വീടും വിട്ടത്. നടനാകണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും എങ്ങനെ നടനാകും എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. വീടുവിട്ട് ആദ്യം എത്തിയത് ന്യൂഡൽഹിയിൽ. അവിടെ വെയിറ്റർ പോലുള്ള ചില ജോലികൾ ചെയ്തു. അതിന് 10 മുതൽ 20 രൂപ വരെ മാത്രമേ ശമ്പളം ലഭിക്കുമായിരുന്നുള്ളൂ.
ഹോളിവുഡ് റിപ്പോർട്ടറുമായുള്ള അഭിമുഖത്തിനിടെ അദ്ദേഹം തന്റെ കഷ്ടപ്പാടിനെക്കുറിച്ച് വിശദമായി സംസാരിച്ചു. ശുദ്ധജലവും കുളിമുറിയും ലഭ്യമല്ലാതിരുന്നതിനെക്കുറിച്ച് നടൻ ഓർമിച്ചു. ‘ഒരു ഹോസ്റ്റൽ മെസ്സിൽ വെയിറ്ററായി ജോലി ചെയ്യാൻ തുടങ്ങി. ഒരു എസ്.ടി.ഡി ബൂത്തിൽ പ്രതിദിനം 10 രൂപക്ക് രജിസ്റ്റർ സൂക്ഷിക്കുന്ന ജോലിയും എനിക്ക് ലഭിച്ചു. തുടർന്ന് 20 രൂപക്ക് ഒരു കഫേയിൽ പ്രതിദിനം അതേ ജോലി. ആദ്യ പോരാട്ടം ഭക്ഷണവും സ്ഥിരമായ 10 രൂപ വരുമാനവും കണ്ടെത്തുക എന്നതായിരുന്നു. പിന്നെ ഒരു ശുചിമുറി കണ്ടെത്തുക എന്നതും’.
'അടുക്കളയിൽ ജോലി ചെയ്യുന്ന നാലോ അഞ്ചോ കഠിനാധ്വാനികളായ പുരുഷന്മാരോടൊപ്പം റൂമിൽ ഉറങ്ങാൻ പോകുമ്പോൾ ഒരു ഡിയോഡറന്റ് കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു. അവിടെ ദുർഗന്ധപ്രശ്നം ഉണ്ടായിരുന്നു. ആദ്യമായി സമ്പാദിക്കാൻ തുടങ്ങിയപ്പോൾ ഞനൊരു പെർഫ്യൂം വാങ്ങി, ഒരു ഷേക്ക് കഴിച്ചു, എനിക്കോർമയുണ്ട്' -റാണെ പറഞ്ഞു.
അധികം താമസിക്കാതെ റാണെ മുംബൈയിലേക്ക് താമസം മാറി. അവിടെ വെച്ച്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ഷോയിലൂടെ തന്റെ ആദ്യ അഭിനയ ജീവിതം ആരംഭിച്ചു. വീടും കുടുംബവും ഉപേക്ഷിച്ച് ഏകദേശം എട്ട് വർഷത്തിനുശേഷമാണ് അദ്ദേഹത്തിന് ഒടുവിൽ അഭിനയിക്കാൻ കഴിഞ്ഞത്. പിന്നീട്, തകിട തകിട എന്ന തെലുങ്ക് ചിത്രത്തിലൂടെ റാണെ തന്റെ ആദ്യ തിയറ്റർ റിലീസ് നേടി.
റാണ ദഗ്ഗുബതി, ജെനീലിയ ദേശ്മുഖ് എന്നിവർക്കൊപ്പമുള്ള 'നാ ഇഷ്ടം' എന്ന തെലുങ്ക് ചിത്രമായിരുന്നു അടുത്തത്. ആ ചിത്രത്തിന് ശേഷമാണ് കൂടുതൽ ആളുകൾ അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത്. പിന്നീട്, പതിവായി സിനിമകൾ വരാൻ തുടങ്ങി. വർഷത്തിൽ കുറഞ്ഞത് രണ്ട് സിനിമകളെങ്കിലും അദ്ദേഹം ചെയ്തു. 2016ൽ, സനം തേരി കസം എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ റാണെ തീരുമാനിച്ചു. ഇത് റാണെയുടെ കരിയറിലെ വഴിത്തിരിവായിരുന്നു. ഏതാണ്ട് ഒരു ദശാബ്ദത്തിനുശേഷം, സനം തേരി കസം വീണ്ടും റിലീസ് ചെയ്യപ്പെടുകയും ലോകമെമ്പാടും 53 കോടി രൂപ നേടുകയും ചെയ്തു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. കോവിഡ് സമയത്ത്, നടൻ സോഷ്യൽ മീഡിയയിലൂടെ തന്റെ സ്വന്തം ബൈക്ക് വിൽപനക്ക് വെച്ചു. ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്ക് പകരമായി തന്റെ മോട്ടോർ സൈക്കിൾ നൽകുന്നു. ഹൈദരാബാദിൽ നല്ല ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കണ്ടെത്താൻ സഹായിക്കൂ എന്നായിരുന്നു അടിക്കുറിപ്പ്.
ഷർട്ട്ഓഫ് ചലഞ്ചിൽ പങ്കെടുക്കുന്ന ഒരു ചാരിറ്റബിൾ സംഘടന താരം നടത്തുന്നുണ്ട്. അതിലൂടെ അദ്ദേഹം സിനിമയിൽ ധരിക്കുന്ന ടീ-ഷർട്ട് വിൽക്കുകയും അതിൽ നിന്നുള്ള വരുമാനം ആവശ്യമുള്ളവരെ സഹായിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു.
റാണെ ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘ഏക് ദീവാനി കി ദീവാനിയത്തി’ന്റെ വിജയം ആസ്വദിക്കുകയാണ്. ഒക്ടോബർ 21ന് പുറത്തിറങ്ങിയ ചിത്രം ഇതിനകം തന്നെ ബോക്സ് ഓഫിസിൽ 59 കോടി രൂപ നേടി. മിലാപ് സവേരി സംവിധാനം ചെയ്ത ചിത്രത്തിൽ സോനം ബജ്‌വ, ഷാദ് രൺധാവ, സച്ചിൻ ഖേദേക്കർ എന്നിവരും അഭിനയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

