ശിവാജി ഗണേശന്റെ വീട് ജപ്തി ചെയ്യാൻ ഉത്തരവിനെതിരെ നടൻ പ്രഭു കോടതിയിൽ
text_fieldsചെന്നൈ: അന്തരിച്ച നടന്‍ ശിവാജി ഗണേശന്റെ വീട് കണ്ടുകെട്ടാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മകനും സിനിമ നടനുമായ പ്രഭു മദ്രാസ് ഹൈകോടതിയിൽ. ചെന്നൈയിലെ ടി. നഗറിലുള്ള 'അണ്ണൈ ഇല്ലം' എന്ന ബംഗ്ലാവിന്റെ ഒരു ഭാഗമാണ് കണ്ടുകെട്ടാൻ ഉത്തരവായത്.
സഹോദരങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ പ്രകാരം ശിവാജി ഗണേശന്റെ വീടിന്റെ ഉടമ താനാണെന്ന് വാദിച്ചുകൊണ്ടായിരുന്നു പ്രഭുവിന്റെ ഹര്‍ജി. ഏപ്രില്‍ മൂന്നിന് ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസിന്റെ ബെഞ്ചിനു മുന്‍പാകെ ഹര്‍ജിയില്‍ വാദം കേള്‍ക്കും.
വിഷ്ണു വിശാലും നിവേദ പെതുരാജും അഭിനയിച്ച ‘ജഗജാല കില്ലാഡി’ എന്ന ചിത്രം നിർമിച്ചത് ശിവാജി ഗണേശന്റെ ചെറുമകൻ ദുഷ്യന്തിന്റെയും ഭാര്യ അഭിരാമിയുടെയും ഉടമസ്ഥതയിലുള്ള ‘ഈസൻ പ്രൊഡക്ഷൻസ്’ എന്ന കമ്പനിയായിരുന്നു. സിനിമ നിർമാണത്തിനായി ‘ധനഭാഗ്യം’ എന്റർപ്രൈസസിൽനിന്നാണ് വായ്പ എടുത്തിരുന്നത്. വായ്പ തുക തിരിച്ചടക്കാത്തതിനെ തുടർന്നാണ് കേസ് കോടതിയിലെത്തിയത്.
വിരമിച്ച ജഡ്ജി രവീന്ദ്രനെ കോടതി മധ്യസ്ഥനായി നിയമിച്ചു. 2024 മേയിൽ ‘ജെഗജാല കില്ലാഡി’ എന്ന സിനിമയുടെ മുഴുവൻ അവകാശങ്ങളും ധനഭാഗ്യം എന്റർപ്രൈസസിന് കൈമാറാൻ ഇദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പലിശ സഹിതം 9.39 കോടി രൂപയാണ് അടക്കാനുണ്ടായിരുന്നത്. എന്നാൽ, സിനിമയുടെ അവകാശം നൽകാത്തതിനാൽ ശിവാജി ഗണേശന്റെ വീട് കണ്ടുകെട്ടി പൊതു ലേലത്തിന് വെക്കണമെന്ന് ആവശ്യപ്പെട്ട് ധനഭാഗ്യം കമ്പനി മദ്രാസ് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

