'മഹാഭാരതത്തിലെ കർണന്‍'; നടൻ പങ്കജ് ധീർ അന്തരിച്ചു
text_fieldsബി.ആർ. ചോപ്രയുടെ 'മഹാഭാരതം' പരമ്പരയിലെ കർണന്‍റെ വേഷത്തിലൂടെ പ്രശസ്തനായ നടൻ പങ്കജ് ധീർ അന്തരിച്ചു. ദീര്‍ഘനാളായി കാൻസർ ബാധിതനായിരുന്നു. പങ്കജ് ധീറിന്റെ വിയോഗവാർത്ത സ്ഥിരീകരിച്ചുകൊണ്ട് സിനി & ടിവി ആർട്ടിസ്റ്റസ് അസോസിയേഷൻ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
'ട്രസ്റ്റിന്റെ മുൻ ചെയർമാനും അസോസിയേഷന്‍റെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന പങ്കജ് ധീർ 2025 ഒക്ടോബർ 15ന് അന്തരിച്ച വാർത്ത അഗാധമായ ദുഃഖത്തോട് കൂടി നിങ്ങളെ അറിയിക്കുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 4:30 ന് മുംബൈയിലെ വൈൽ പാർലെയിലെ പവൻ ഹാൻസിന് സമീപം നടക്കും' -പ്രസ്താവനയിൽ അറിയിച്ചു.
'സനം ബേവഫ', 'ബാദ്ഷാ' തുടങ്ങിയ നിരവധി സിനിമകളിലും 'ചന്ദ്രകാന്ത', 'സസുരൽ സിമർ കാ' തുടങ്ങിയ ടി.വി ഷോകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 'മൈ ഫാദർ ഗോഡ്ഫാദർ' എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. അഭിനയ് ആക്ടിങ് അക്കാദമി എന്ന് ഒരു അക്കാദമിയും അദ്ദേഹം സ്ഥാപിച്ചു. തന്റെ കഥാപാത്രമായ കർണന്റെ പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്ന ജനപ്രീതിയെക്കുറിച്ച് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. തന്റെ പേരിൽ പ്രതിമകൾ നിർമിക്കുന്നുണ്ടെന്നും, കർണനായി പണിയുന്ന ക്ഷേത്രങ്ങളിലെ പ്രതിമക്ക് തന്‍റെ രൂപമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പഞ്ചാബിൽ നിന്നുള്ള പങ്കജ് ധീർ, ബഹു ബേട്ടി, സിന്ദഗി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സി.എൽ. ധീറിന്‍റെ മകനാണ്. പങ്കജ് ധീറിന്‍റെ മകൻ നികിതിൻ ധീറും നടനാണ്. ചെന്നൈ എക്സ്പ്രസ്, ജോധാ അക്ബർ, സൂര്യവംശി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

