അട്ടപ്പാടിയിൽ നിന്നൊരു സിനിമാക്കാരൻ
text_fieldsനടൻ പൃഥ്വിരാജിനൊപ്പം പഴനിസ്വാമി
പാലക്കാട്: 16-ാം വയസ്സിലാണ് പഴനിസ്വാമിയുടെ മനസ്സിൽ സിനിമാമോഹം കയറിക്കൂടിയത്. പഴശ്ശിരാജയിൽ മനോജ് കെ. ജയന്റെ കുറിച്യ പടയാളികളിലൊരാളായിട്ടായിരുന്നു തുടക്കം. പിന്നീട് വിവിധ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത പഴനിസ്വാമി മുഴുനീള കഥാപാത്രമായി പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യിൽ ആണ് എത്തി നിൽക്കുന്നത്.
പൃഥ്വിരാജിന്റെ ഡബിൾ മോഹൻ എന്ന കഥാപാത്രത്തിനൊപ്പം എന്തിനും ഏതിനും തയാറായി നിൽക്കുന്ന അഞ്ചംഗ സംഘത്തിലെ ഒരാളായി. വനം വകുപ്പിൽ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ആയ അട്ടപ്പാടി സ്വദേശി എസ്. പഴനിസ്വാമി (47) കാക്കിക്കുള്ളിലെ തന്റെ കലാജീവിതം രാഗിമിനുക്കുന്ന തിരക്കിലാണ്. ഭാഗ്യദേവത, അൻവർ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള പഴനിസ്വാമിയുടെ ജീവിതം മാറ്റിമറിച്ചത് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ആണ്.
അട്ടപ്പാടിയിൽ ചിത്രീകരണം നടന്ന സിനിമയിൽ ഫൈസൽ എന്ന എക്സൈസ് ഓഫിസറുടെ കഥാപാത്രമാണ് പഴനിസ്വാമി അവതരിപ്പിച്ചത്. സിനിമ ഹിറ്റായതോടെ പഴനിസ്വാമിയും ശ്രദ്ധിക്കപ്പെട്ടു. പഴനിസ്വാമിയുടെ നേതൃത്വത്തിൽ ഇരുള സമുദായത്തിന്റെ സംഗീത-നൃത്ത പരിപാടികൾ അവതരിപ്പിക്കുന്ന ആസാദ് കലാ സംഘം മ്യൂസിക് ട്രൂപ്പിലെ അംഗമായിരുന്ന നഞ്ചിയമ്മയുടെ പാട്ട് സിനിമയിൽ ഉൾകൊള്ളിച്ചതിനു പിന്നാലെയാണ് പഴനിസ്വാമിക്കും അയ്യപ്പനും കോശിയും ചിത്രത്തിൽ അവസരം ലഭിച്ചത്.
അതോടെ സർക്കാറിൽനിന്ന് അനുമതി നേടി അഭിനയം തുടങ്ങി. അയ്യപ്പനും കോശിയും സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന ജയൻ നമ്പ്യാർ ആണ് വിലായത്ത് ബുദ്ധയുടെ സംവിധായകൻ. ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്ത നോവലാണ് അതേ പേരിൽ സിനിമയായി എത്തിക്കുന്നത്. മറയൂരിലെ ചന്ദനക്കാടുകൾ പശ്ചാത്തലമായി കഥ പറയുന്ന സിനിമയിൽ പളനി എന്ന കഥാപാത്രത്തെയാണ് പഴനിസ്വാമി അവതരിപ്പിക്കുന്നത്. സ്വന്തമായാണ് ഡബ് ചെയ്തിരിക്കുന്നത്. ഇതുവരെ ചെറുതും വലുതുമായി എട്ടോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
അയ്യപ്പനും കോശിയും റിലീസായ ശേഷം കോവിഡ് ലോക്ക്ഡൗൺ വന്നതോടെ അവസരങ്ങൾ ലഭിച്ച കുറേ സിനിമകൾ നഷ്ടമായതായി പഴനിസ്വാമി പറഞ്ഞു. നിലവിൽ പുതിയ പ്രൊജക്ടുകൾ വരുന്നുണ്ട്. വിലായത്ത് ബുദ്ധ നവംബർ 21ന് റിലീസ് ചെയ്യും. വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. ഏറെ പ്രതീക്ഷയുള്ള പടമാണെന്നും അദ്ദേഹം പറഞ്ഞു. 2013ൽ സർവിസിൽ കയറിയ പഴനിസ്വാമി അവധി എടുത്താണ് അഭിനയം മുന്നോട്ടുകൊണ്ടുപോകുന്നത്. ഭാര്യ ശോഭയും മക്കളായ അനുപ്രശോഭിനിയും ആദിത്യനും പഴനിസ്വാമിക്ക് എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. ഇരുള സമുദായത്തിന്റെ കലകൾ പ്രചരിപ്പിക്കുന്നതിലും ഈ കുടുംബം സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

