'ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേത്രിയാണ് അവളുടെ അമ്മ, അവരുടെ അനുഗ്രഹമാണ് വേണ്ടത്'; വികാരധീനനായി നടൻ മനോജ് കെ.ജയൻ, ആശ്വസിപ്പിച്ച് മകൾ കുഞ്ഞാറ്റ
text_fieldsകൊച്ചി: സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന മകൾ കുഞ്ഞാറ്റയുടെ (തേജലക്ഷ്മി) മുന്നിൽ വെച്ച് വികാരധീനനായി നടൻ മനോജ് കെ.ജയൻ. 'സുന്ദരിയായവൾ സ്റ്റെല്ല' എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെയാണ് മനോജ് കെ.ജയൻ, കുഞ്ഞാറ്റയുടെ അമ്മയും നടിയുമായ ഉർവശിയെ കുറിച്ച് പറഞ്ഞ് കണ്ണീരണിഞ്ഞത്.
കുഞ്ഞാറ്റക്ക് സിനിമ ഓഫർ വന്നപ്പോൾ ഞാൻ ആദ്യം പറഞ്ഞത് അവളുടെ അമ്മയുടെ അനുഗ്രഹം വാങ്ങാനാണ്. 'ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേത്രി ആണ് അവളുടെ അമ്മ ഉർവശി.. അവരുടെ അനുഗ്രഹവും അഭിപ്രായവും ആണ് സിനിമയിലേക്ക് കുഞ്ഞാറ്റ വരുമ്പോൾ വേണ്ടത്.. അമ്മയുടെ അനുഗ്രഹം വാങ്ങാൻ കുഞ്ഞാറ്റയെ ഞാൻ ചെന്നൈയിലേക്ക് പറഞ്ഞയച്ചു...മോളുടെ കാര്യം വരുമ്പോൾ ഞാൻ വല്ലാതെ ഇമോഷണൽ ആകും...' കണ്ണീരോടെ മനോജ് കെ.ജയൻ പറഞ്ഞു. അടുത്തിരുന്ന മകൾ കുഞ്ഞാറ്റ അച്ഛനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
ഉർവശി വേണ്ട എന്ന് പറഞ്ഞിരുന്നുവെങ്കിൽ ഈ സിനിമ ചെയ്യണ്ട എന്ന് തന്നെ ഞാനും തീരുമാനിച്ചേനെ. ഇത്രയേറെ മികച്ച സിനിമകൾ ചെയ്ത അഭിനേത്രി ആണ് അവർ. തീർച്ചയായും മകളുടെ സിനിമയിൽ അവരുടെ അഭിപ്രായം ആണ് വലുത്..എന്റെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു കുഞ്ഞാറ്റ സിനിമയിലേക്ക് വരണം എന്നുള്ളത്.
അച്ഛന്റെ മരണം ഏറെ വിഷമിപ്പിച്ചതും അവളെ ആണ്. സിനിമയിലേക്ക് അവസരം വന്നപ്പോൾ അച്ഛൻ കൂടെ ഇല്ലാത്തത് അവളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. കൃത്യനിഷ്ഠ, മൂത്തവരെ ബഹുമാനിക്കുക, ഗുരുസ്മരണ വേണം തുടങ്ങിയ കാര്യങ്ങളാണ് ഞാൻ അവൾക്ക് സിനിമയിലേക്ക് വരുമ്പോൾ പറഞ്ഞ് കൊടുത്തിട്ടുള്ളതെന്നും മനോജ് കെ.ജയൻ പറയുന്നു.
'മികച്ച അഭിനേതാക്കളായ ഉർവശിയുടെയും മനോജ് കെ. ജയന്റെയും മകൾ എന്ന താരതമ്യം തന്നെ ഭയപ്പെടുന്നുണ്ട്. സിനിമ അഭിനയം ചെറുപ്പം തൊട്ടുള്ള ആഗ്രഹമാണ്. പക്ഷെ തുറന്ന് പറയാൻ പേടിയായിരുന്നു. ആദ്യ സിനിമയാണ് ഇത്. എല്ലാം പിന്തുണയും ഉണ്ടാകണം'-തേജലക്ഷ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

