'ചില കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു'; കരിയറിന്റെ ആദ്യകാലത്തെ പാളിച്ചകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ മാധവൻ
text_fieldsതെന്നിന്ത്യൻ സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട റൊമാന്റിക് നായകനും പാൻ ഇന്ത്യൻ താരവുമായ ആർ. മാധവൻ തന്റെ കരിയറിലെ ചില തുറന്നുപറച്ചിലുകളിലൂടെ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. സിനിമാ ജീവിതത്തിൽ മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ താൻ ചെയ്തതിൽ വെച്ച് ഏറ്റവും കൂടുതൽ ഖേദിക്കുന്ന ഒരു സിനിമയെക്കുറിച്ചും കരിയറിന്റെ ആദ്യകാലത്ത് തനിക്ക് സംഭവിച്ച പാളിച്ചകളെക്കുറിച്ചും അദ്ദേഹം ഒരു മാധ്യമ അഭിമുഖത്തിൽ മനസ്സ് തുറന്നു.
അടുത്തിടെ നൽകിയ അഭിമുഖത്തിനിടയിലാണ് മാധവൻ തന്റെ കരിയറിലെ കയ്പ്പേറിയ ഓർമ്മകൾ പങ്കുവെച്ചത്. താൻ ചെയ്തതിൽ വെച്ച് ഏറ്റവും പശ്ചാത്തപിക്കുന്ന തമിഴ് സിനിമ ഏതാണെന്ന ചോദ്യത്തിന് 2007-ൽ പുറത്തിറങ്ങിയ 'വാഴ്ത്തുകൾ' എന്ന റൊമാൻസ് ഡ്രാമ ചിത്രത്തിന്റെ പേരാണ് അദ്ദേഹം യാതൊരു മടിയും കൂടാതെ പറഞ്ഞത്. "വലിയൊരു സംവിധായകനും നല്ലൊരു ടീമും ആയതുകൊണ്ട് മാത്രം സിനിമ വിജയിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ എന്റെ ഭാഗത്തുനിന്നും ആ ചിത്രത്തിൽ ആവശ്യത്തിന് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. ആ സിനിമയുടെ ഭാഗമാകാതിരിക്കാൻ ഞാൻ ശ്രമിക്കേണ്ടതായിരുന്നു," എന്ന് മാധവൻ തുറന്നുസമ്മതിച്ചു. കാര്യങ്ങൾ ശരിയായില്ലെന്ന് തോന്നിയ ഘട്ടത്തിൽ താൻ കൂടുതൽ ശക്തമായി ഇടപെടണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനുപുറമെ തന്റെ സിനിമാജീവിതത്തിന്റെ തുടക്കകാലത്തെക്കുറിച്ചും മാധവൻ സംസാരിച്ചു. ഇടത്തരം കുടുംബ പശ്ചാത്തലത്തിൽ നിന്നും വന്നതുകൊണ്ട് തന്നെ കരിയറിന്റെ ആദ്യകാലത്ത് തന്റെ വസ്ത്രധാരണത്തിലും ഹെയർസ്റ്റൈലിലും വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം ഓർത്തെടുത്തു. രൂപഭാവങ്ങൾക്കും വേഷവിധാനങ്ങൾക്കും വേണ്ടത്ര പ്രാധാന്യം നൽകാതിരുന്നത് കരിയറിൽ വരുത്തിയ വലിയൊരു പാളിച്ചയാണെന്ന് തിരിച്ചറിഞ്ഞ താരം ഇത്തരത്തിലുള്ള കാര്യങ്ങളിൽ കൂടുതൽ പ്രൊഫഷണൽ സമീപനം പുലർത്തേണ്ടിയിരുന്നുവെന്നും വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

