മലയാള സിനിമ 'ആവേശം' കണ്ടപ്പോൾ വലിയ കുറ്റബോധം തോന്നി; തുടർച്ചയായുണ്ടായ പരാജയങ്ങളിൽ മനസ്സ് തുറന്ന് നടൻ കാർത്തി
text_fieldsപ്രമുഖ തെന്നിന്ത്യൻ താരം കാർത്തി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ സിനിമാജീവിതത്തെക്കുറിച്ചും മുൻകാല പരാജയങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ തനിക്ക് വന്ന പിഴവുകൾ കാരണം കഴിഞ്ഞ മൂന്ന് വർഷമായി തന്റെ ആരാധകർ വലിയതോതിൽ നിരാശ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അക്ഷരാർത്ഥത്തിൽ താൻ അവരെ തളർത്തുകയാണുണ്ടായതെന്നും താരം പറയുന്നു. കരിയറിലെ തിരിച്ചടികളെ യാതൊരു മടിയും കൂടാതെ നേരിടാനും തന്റെ തെറ്റുകൾ തുറന്നുപറയാനും കാർത്തി കാണിച്ച ഈ മനസ്സ് ഇപ്പോൾ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
സംവിധായകൻ പി.എസ്. മിഥുൻ ഒരുക്കുന്ന സ്പൈ ത്രില്ലർ ചിത്രം സർദാർ 2 റിലീസിനൊരുങ്ങുന്ന വേളയിലാണ് കാർത്തിയുടെ ഈ വെളിപ്പെടുത്തൽ. ചിത്രത്തിന്റെ ആഡിയോ, ട്രെയിലർ ലോഞ്ച് ചടങ്ങിനിടയിലാണ് താരം തന്റെ മുൻകാല ചിത്രങ്ങളായ ജപ്പാൻ, വാ വാത്തിയാർ എന്നിവയുടെ പരാജയങ്ങളെക്കുറിച്ച് പരസ്യമായി സംസാരിച്ചത്.
എന്തുതന്നെ സംഭവിച്ചാലും തനിക്കൊപ്പം എപ്പോഴും ഉറച്ചുനിൽക്കുന്നവരാണ് തന്റെ ആരാധകരെന്ന് ഓർമ്മിപ്പിച്ച കാർത്തി, കഴിഞ്ഞ മൂന്ന് വർഷമായി താൻ തിരഞ്ഞെടുത്ത ചില സിനിമകൾ കാരണം അവർ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് ഈ പുതിയ ചിത്രം പൂർണ്ണമായും പരിഹാരമാകുമെന്ന് ഉറപ്പുനൽകി. സംവിധായകൻ രാജു മുരുകനോടൊപ്പം ജോലി ചെയ്യണമെന്ന ആഗ്രഹത്താൽ മാത്രമാണ് 'ജപ്പാൻ' എന്ന ചിത്രം ചെയ്തതെന്നും എന്നാൽ സിനിമ തങ്ങൾ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രം പരാജയപ്പെട്ടതിന് ശേഷം പ്രശസ്തമായ മലയാള ചലച്ചിത്രം ആവേശം കണ്ടപ്പോഴാണ് തന്റെ സിനിമ എങ്ങനെയാവണമെന്ന് തനിക്ക് ബോധ്യപ്പെട്ടതെന്നും കാർത്തി വ്യക്തമാക്കുന്നുണ്ട്. പിന്നീട് കുറ്റബോധം തോന്നിയെന്നും താരം പറഞ്ഞു. നല്ലൊരു അവസരമാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് അപ്പോഴാണ് മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും പഴയ വീഴ്ചകളിൽ നിന്ന് പാഠം ഉൾകൊണ്ട് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കാർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

