മാതാപിതാക്കളുടെ 'സേവ് ദ ഡേറ്റുമായി' നടൻ ജോജി ജോൺ! വിഡിയോ വൈറൽ
text_fieldsസമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ് നടൻ ജോജി ജോണിന്റ മാതാപിതാക്കളായ ജോൺ- ലൂസമ്മ ദമ്പതികളുടെ സേവ് ദ ഡേറ്റ് വിഡിയോ. നടന്റെ ജോജി സ്റ്റുഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിവാഹവാർഷികത്തോട് അനുബന്ധിച്ചാണ് മക്കളും മരുമക്കളും പേരക്കുട്ടികളും ചേർന്ന് 'സേവ് ദ ഡേറ്റ്' വിഡിയോ ഒരുക്കിയത്. ജോൺ- ലൂസമ്മ ദമ്പതികളുടെ വിവാഹവാർഷികം ജൂലൈ 15ന് മുണ്ടക്കയത്തെ ഓൾഡ് ഫെറോന പള്ളിയിൽ വച്ച് ആഘോഷമാക്കാനാണ് കുടുംബാംഗങ്ങളുടെ പ്ലാൻ. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
'ഏക് ലഡ്കി കോ ദേഖാ തോ' എന്ന ബോളിവുഡ് ഹിറ്റ് ഗാനത്തിന്റെ അകമ്പടിയോടെയാണ് 83കാരനായ ജോണും 73 കാരിയായ ലൂസമ്മയും വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജീപ്പ് ഓടിച്ചു വരുന്ന ജോണിനെ കാത്തിരിക്കുന്ന ലൂസമ്മയിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. ജോജി ജോൺ, ജോമോൻ ജോൺ, ജിജി ജോൺ, ജിൻസി ബെന്നി എന്നിവരാണ് മക്കൾ.
വളരെ വർഷങ്ങളായി മലയാള സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയുള്ള ജോജി ജോൺ, ഫഹദ് ഫാസിലെ കേന്ദ്രകഥാപാത്രമാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. 'നിർത്തിയങ്ങ് അപമാനിക്കുവാന്നേ' എന്ന ഒറ്റ ഡയലോഗ് മതി ജോജിയെ ഓർക്കാൻ.
മമ്മൂട്ടി- ജ്യോതിക ചിത്രം കാതൽ, ശ്രീനിവാസന്റെ 'കുറുക്കൻ' തുടങ്ങിയ ഏഴോളം ചിത്രങ്ങൾ ജോജിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിൽ 'കുറുക്കൻ' സിനിമയിൽ പൊലീസ് വേഷത്തിലാണ് ജോജി എത്തുന്നത് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

