‘ചാനലിലൂടെ സമൻസ് കിട്ടുന്നതല്ലാതെ ഇ.ഡിയിൽനിന്ന് നിർദേശമൊന്നും ലഭിച്ചില്ല’; എല്ലാം നുണപ്രചാരണമെന്ന് ജയസൂര്യ
text_fieldsജയസൂര്യ
കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും ചോദ്യംചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിളിപ്പിച്ചുവെന്ന വാർത്ത നിഷേധിച്ച് നടൻ ജയസൂര്യ. ഇ.ഡി സമൻസ് നൽകിയെന്നും ഏഴാം തീയതി വീണ്ടും ഹാജരാകണമെന്നും പറയുന്ന വാർത്തകൾ നുണപ്രചാരണമാണെന്ന് ജയസൂര്യ പ്രസ്താവനയിൽ അറിയിച്ചു. രണ്ടുദിവസമായി ടി.വി ചാനലിലൂടെ സമൻസ് കിട്ടുന്നതല്ലാതെ നേരിട്ട് തനിക്കോ ഭാര്യക്കോ ഇ.ഡിയിൽനിന്ന് നിർദേശമൊന്നും ലഭിച്ചില്ലെന്നും നടൻ വ്യക്തമാക്കി.
കഴിഞ്ഞമാസം 24നും 29നും ഇഡി സമൻസ് പ്രകാരം ഹാജരായി. എന്നാൽ, ഏഴാം തീയതി വീണ്ടും ഹാജരാകാനുള്ള സമൻസ് ഇതുവരേയും ലഭിച്ചിട്ടില്ല. പരസ്യ ആവശ്യങ്ങൾക്കായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ഇന്ന് ആർക്കെങ്കിലും ഊഹിക്കാൻ സാധിക്കുമോയെന്നും ജയസൂര്യ ചോദിച്ചു. എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതുഖജനാവിൽ അടയ്ക്കുന്ന ഉത്തരവാദിത്തപ്പെട്ട സാധാരണ പൗരൻ മാത്രമാണ് താനെന്നും നടൻ പറഞ്ഞു.
ഓൺലൈൻ ലേല ആപ്പായ സേവ് ബോക്സുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസിൽ ജയസൂര്യ ഒരുകോടിയോളം രൂപ കൈപ്പറ്റിയതായി ഇ.ഡി കണ്ടെത്തിയെന്നും ജനുവരി ഏഴിന് ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് വന്നിരുന്നു. കേസിലെ മുഖ്യപ്രതി സാദിഖ് റഹീമിന്‍റെ അക്കൗണ്ടിൽനിന്ന് നടന്‍റെയും ഭാര്യ സരിതയുടെയും അക്കൗണ്ടുകളിലേക്ക് പണം എത്തിയതായാണ് കണ്ടെത്തൽ. കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചതിന്‍റെ പ്രതിഫലമാണിതെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി.
ആപ്പിന്‍റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യ കരാർ ഒപ്പുവെച്ചിരുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 29ന് ഇ.ഡി ചോദ്യംചെയ്തത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഭാര്യയുടെ മൊഴിയും എടുത്തിരുന്നു. സേവ് ബോക്സ് എന്ന സ്ഥാപനത്തിന്‍റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ 2023ൽ സ്ഥാപന ഉടമയും തൃശൂർ സ്വദേശിയുമായ സാദിഖിനെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻതോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നെന്ന സംശയങ്ങൾ ഉയർന്നത്.
കുറഞ്ഞ വിലയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാമെന്ന വാഗ്ദാനത്തോടെയാണ് 2019ൽ ആപ്പ് ജനങ്ങൾക്ക് മുന്നിലെത്തിയത്. ലേലത്തിൽ പങ്കെടുക്കാൻ സേവ് ബോക്സ് നൽകുന്ന വെർച്വൽ കോയിനുകൾ പണംകൊടുത്ത് വാങ്ങണം. ഈ കോയിനുകൾ ഉപയോഗിച്ചാണ് ലേലം. ഇന്ത്യയിലെ ആദ്യ ബെറ്റിങ് ആപ്പ് എന്ന് പ്രചരിപ്പിച്ചിരുന്ന ആപ്പ് ഉദ്ഘാടനം ചെയ്തതും ജയസൂര്യയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

