Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightക്രിസ്മസ് ഓർമകളിലെ...

ക്രിസ്മസ് ഓർമകളിലെ വിന്താലു

text_fields
bookmark_border
ക്രിസ്മസ് ഓർമകളിലെ വിന്താലു
cancel

കുട്ടിക്കാലം കാക്കനാട് ആയിരുന്നു. അവിടെനിന്നാണ് എന്റെ ക്രിസ്മസ് ഓർമകൾ ആരംഭിക്കുന്നത്. അപ്പനുമൊരുമിച്ചുള്ള ആഘോഷങ്ങളുടെ ഒരുക്കങ്ങളാണ് ഓർക്കുമ്പോൾ ഓടിയെത്തുന്നത്. അപ്പന്റെ വിജയ് സൂപ്പർ സ്കൂട്ടറിൽ ക്രിസ്മസ് തലേന്ന് രാവിലെതന്നെ വീട്ടിൽനിന്നിറങ്ങും. പുൽക്കൂടിനും ക്രിസ്മസ് ട്രീക്കുമുള്ള സാധനങ്ങൾ വാങ്ങാനുള്ള യാത്ര.പിന്നീട് വീട്ടിൽ വന്ന് ട്രീ റെഡിയാക്കും.

വീണ്ടും പുറത്തുപോയി പുല്ല് കൊണ്ടുവന്ന് പുൽക്കൂടൊരുക്കും, നക്ഷത്രങ്ങൾ ചുറ്റിലും തൂക്കും.എല്ലാം റെഡിയായതിനുശേഷം നേരെ പള്ളിയിലേക്ക്. പള്ളിയിൽനിന്ന് തിരിച്ച് വീട്ടിൽ വന്നുകയറുമ്പോൾ നല്ല ബീഫിന്റെ മണം മൂക്കിലേക്കടിച്ചു കയറുന്നുണ്ടാവും. അന്ന് ഇങ്ങനെയുള്ള ആഘോഷങ്ങൾക്ക് മാത്രമേ പ്രധാനമായും ബീഫ് വാങ്ങിയിരുന്നുള്ളൂ. അത് വെള്ളപ്പവും കൂട്ടി കഴിച്ചു കിടന്നുറങ്ങും. ഇതായിരുന്നു ക്രിസ്മസിന്റെ തലേദിവസം കുട്ടിക്കാലത്ത് നടന്നിരുന്നത്.

അമ്മൂമ്മയുടെ സ്‍ പെഷൽ

ക്രിസ്മസിന് അമ്മൂമ്മ ഇറച്ചികൊണ്ടുണ്ടാക്കുന്ന ഒരു വിഭവമുണ്ടായിരുന്നു. വിന്താലു എന്നാണ് ഫോർട്ടുകൊച്ചിക്കാർ അതിനെ വിളിച്ചിരുന്നത്. നല്ല എരിവുള്ളതിനാൽ അപാര ടേസ്റ്റ് ആയിരുന്നു അതിന്. വിനാഗിരിയൊക്കെ ഇട്ട് ഉണ്ടാക്കുന്നതിനാൽ ഒരുപാടു ദിവസം അത് കേടുകൂടാതെ ഇരിക്കുകയും ചെയ്യും. പള്ളിയിലെ പാതിരാ കുർബാനയും വലിയ രസമായിരുന്നു. അതിനുശേഷം കേക്ക് കട്ട് ചെയ്ത് എല്ലാവർക്കും കൊടുക്കും. വൈനുമുണ്ടാകും. പിന്നീട് എല്ലാവരുംചേർന്ന് പാട്ട് പാടും.

ബാറ്റ് വാങ്ങാൻ കരോൾ

ക്രിസ്മസ് ആഘോഷത്തെക്കുറിച്ച് പറയുമ്പോൾ കരോൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. ക്രിക്കറ്റ് കളിക്കാൻ ബാറ്റ് വാങ്ങാനായി മാത്രം ക്രിസ്മസ് കരോൾ നടത്തിയിട്ടുണ്ട്. വീടുവീടാന്തരം കയറിയിറങ്ങി പിരിവ് നടത്തും. പത്താം ക്ലാസിൽ പഠിക്കുന്നതുവരെ അങ്ങനെ കരോൾ നടത്തിയിരുന്നു. അന്ന് 200-300 രൂപ വരെ കിട്ടിയിരുന്നു.

ക്രിസ്മസിന്റെ അന്ന് എല്ലാ ജാതി മതസ്ഥരെയും വീട്ടിലേക്ക് വിളിക്കും. മതസൗഹാർദത്തിന്റെ കൂടിച്ചേരലായിരുന്നു അത്. ഓണത്തിനും പെരുന്നാളിനും ഒക്കെ വീടുകളിൽ ഞങ്ങളും പോകും. ഭക്ഷണം കഴിക്കും. അതൊരു നല്ല ഓർമയാണ്, അയൽപക്കത്തെ എല്ലാവരും കൂടിയിരുന്നു ഭക്ഷണം കഴിക്കുക എന്നത്. ഇന്ന് പാർട്ടി ഒരുക്കുന്നതും ഭക്ഷണം വിളമ്പുന്നതും ഒക്കെ ഹോട്ടലുകളിലാണല്ലോ. ക്രിസ്മസിന്‍റെ അന്ന് ബന്ധുക്കൾ വരും. സൗഹൃദം പങ്കിടും.

അന്ന് ക്രിസ്മസ് ബന്ധങ്ങളുടെ ഉത്സവമായിരുന്നു. കുടുംബാംഗങ്ങൾ ഒരുമിച്ചു കൂടും, പഴയ ഓർമകൾ പങ്കുവെക്കും, ചെറിയ തമാശകളും ചിരികളും വീട്ടുമുറ്റത്ത് മുഴങ്ങും. ശക്തമായിരുന്നു ആ നിമിഷങ്ങൾ. ആഴമുള്ളതായിരുന്നു ആ ബന്ധങ്ങൾ.

സ്റ്റേജിന് പിന്നിലെ ക്രിസ്മസ്

മിമിക്രിയും സ്കിറ്റുകളും ഒക്കെ അവതരിപ്പിക്കാൻ തുടങ്ങിയതോടെ സ്റ്റേജിന് പിന്നിലായി ക്രിസ്മസ് ആഘോഷം. അക്കാലത്തെ ക്രിസ്മസ് ആഘോഷ ഓർമകളിൽ സന്തോഷം നൽകുന്നതാണ് കലാഭവനിലെ ആഘോഷം. അവിടെ മിമിക്രി പഠിക്കുകയും പ്രോഗ്രാം ചെയ്യുകയും ചെയ്തിരുന്ന കാലത്ത് ക്രിസ്മസ് ആഘോഷവും നടത്തിയിരുന്നു.

കലാരംഗത്ത് എത്തിയതോടെ ആഘോഷിക്കൽ ആഘോഷിക്കപ്പെടലായി മാറി. സിനിമകളുടെ സെറ്റിൽ ക്രിസ്മസ് ആഘോഷിച്ചിട്ടില്ല. ഓണം ആഘോഷിക്കാൻ മാത്രമേ അവസരം കിട്ടിയിട്ടുള്ളൂ. ഇത്തവണത്തെ ക്രിസ്മസ് ആഘോഷം മറക്കാനാവാത്തതായിരിക്കും. കാരണം ഞാൻ ചേരാനല്ലൂരിൽ സ്വന്തമായി വീടുവെച്ച് അതിൽ താമസമാക്കിയ വർഷമാണ്.

അന്നും ഇന്നും

അന്നും ഇന്നും തമ്മിലുള്ള ക്രിസ്മസ് ആഘോഷത്തിന്റെ പ്രധാന വ്യത്യാസം അന്ന് ആഗ്രഹങ്ങൾ ഒരുപാടുണ്ടായിരുന്നു പക്ഷേ ഒന്നും നടക്കില്ലായിരുന്നു. ഇന്ന് ഒരുപാട് പൈസയുണ്ട്. പക്ഷേ ആഗ്രഹങ്ങൾ പരിമിതമാണ്. പണ്ട് നമുക്ക് പൊറോട്ടയും ബീഫും കഴിക്കണമെന്നുണ്ടാകും. പക്ഷേ, ആ സമയത്ത് അത് കിട്ടില്ല.

പുതുവസ്ത്രങ്ങളുടെ കാര്യത്തിലും അതുണ്ട്. ഇന്ന് കൈയിൽ കാശ് ഉണ്ട്. എന്നാൽ, അതൊന്നും ആവശ്യമില്ല. ആ ഒരു വ്യത്യാസം ക്രിസ്മസ് ആഘോഷത്തിന്റെ കാര്യത്തിലുമുണ്ട്. പിന്നെ പുതുവർഷത്തിൽ ജനുവരി 16ന് എന്റെ സിനിമ ‘ശുക്രൻ’ റിലീസാണ്. അതും ക്രിസ്മസിന് പ്രതീക്ഷ നൽകുന്ന ഒന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bibin georgeEntertainment Newschristmas memoriesChristmas 2025
News Summary - Actor Bibin George shares his Christmas memories
Next Story