ഓർമകളിൽ ബഹദൂർ
text_fieldsബഹദൂർ വിടപറഞ്ഞിട്ട് ഇന്ന് 25 വർഷം തികയുന്നു. കാലമിത്ര കഴിഞ്ഞിട്ടും മലയാളിയുടെ മനസ്സിൽനിന്ന് മാഞ്ഞുപോകാതെ വൈവിധ്യമാർന്ന കഥാപാത്രങ്ങളായി ആ അനശ്വരപ്രതിഭ ഇന്നും നിലനിൽക്കുന്നു. പൊട്ടിച്ചിരിക്കൊപ്പം കണ്ണീരിന്റെ നനവുമുള്ള അഞ്ഞൂറിലേറെ കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്ത് തന്റെ പേര് എക്കാലത്തേക്കുമായി അടയാളപ്പെടുത്തിയ കുഞ്ഞാലുവെന്ന കൊടുങ്ങല്ലൂരിന്റെ സ്വന്തം ബഹദൂറിന്റെ വേർപാട് 2020 മേയ് 21ന് ചെന്നൈയിൽവെച്ചായിരുന്നു. 22ന് കൊടുങ്ങല്ലൂർ മുഗൾ തിയറ്ററിൽ പൊതുദർശനത്തിനു വെച്ചശേഷം എടവിലങ്ങ് കാരയിലെ തറവാട്ടുവീട്ടിൽ കൊണ്ടുവന്ന മൃതദേഹം വൈകുന്നേരത്തോടെ കാതിയാളം ജുമാ മസ്ജിദിൽ ഖബറടക്കി.
പടിയത്ത് ബ്ളാങ്ങാച്ചാലിൽ കൊച്ചു മൊയ്തീന്റെയും കോട്ടപ്പുറത്ത് നമ്പൂരിമഠത്തിൽ കദീജയുടെയും മകനായി ജനിച്ച കുഞ്ഞാലുവിൽ സ്കൂൾപഠനകാലത്തേ അഭിനയത്തോടുള്ള അഭിനിവേശം ഉടലെടുത്തിരുന്നു. ക്രമേണ കലാരംഗത്തേക്ക് ചുവടുവെച്ചെങ്കിലും ജീവിത പ്രാരബ്ധം വിലങ്ങുതടിയായതോടെ അദ്ദേഹത്തിന് കണ്ടക്ടർ ജോലിയിൽ ജീവിതമാർഗം തേടേണ്ടിവന്നു. എന്നാൽ, അധികം കഴിയുംമുമ്പേ നാടകരംഗത്തേക്കും ഒപ്പം ചലച്ചിത്രവേദിയിലേക്കും അദ്ദേഹം കടന്നു. ആ കാലത്തെ പ്രധാന നടന്മാരിൽ ഒരാളായ തിക്കുറുശ്ശി സുകുമാരൻ നായരാണ് കുഞ്ഞാലുവിനെ ബഹദൂറാക്കി മാറ്റിയത്.
ലോഹിതദാസ് സംവിധാനംചെയ്ത ‘ജോക്കർ’ സിനിമയിൽ ‘കണ്ണീർമഴയത്ത് ചിരിയുടെ കുട ചൂടിയ’ സർക്കസ് കലാകാരനായി ഏവരുടെയും ഉള്ളുലക്കുന്ന കഥാപാത്രമായാണ് ആ അനശ്വര നടൻ അവസാനമായി വേഷമിട്ടത്. താരഗരിമയോടെ നിലകൊള്ളുമ്പോഴും മാനവികതയും മനുഷ്യത്വവും മുറുകെപിടിച്ച ഹൃദയാലുവായിരുന്നു അദ്ദേഹം. ആ കലാകാരന്റെ കാരുണ്യം നിറഞ്ഞ മനസ്സ് നിരവധി പേർക്ക് തുണയേകിയിട്ടുണ്ട്. 25ാം സ്മൃതിവാർഷികം അദ്ദേഹത്തിന്റെ ജന്മഗൃഹം നിലനിന്നിരുന്ന പ്രദേശത്ത് സ്ഥാപിതമായ കാര ബഹദൂർ കൺവെൻഷൻ സെൻററിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമുതൽ വിവിധ പരിപാടികളോടെ ആചരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

