ഒന്നിച്ചുനിൽക്കുക, ഇച്ഛാശക്തിയോടെ പ്രവർത്തിക്കുക
text_fieldsഒത്തൊരുമക്കും സമർപ്പണബോധത്തിനും ആഹ്വാനം ചെയ്ത്, ആരാധകരുടെ ‘തല’യുടെ വിഡിയോ സന്ദേശം. സിനിമയിലല്ലാതെ ഒരിടത്തും പ്രത്യക്ഷപ്പെടാറില്ലാത്ത തമിഴ് സൂപ്പർ താരം അജിത്, കഴിഞ്ഞ ദിവസം ദുബൈയിൽ റേസിങ് പരിശീലനത്തിനിടെ അപകടത്തിൽനിന്ന് രക്ഷപ്പെട്ട ശേഷമാണ് വിഡിയോ സന്ദേശം പുറത്തിറക്കിയത്. ‘അജിത് കുമാർ റേസിങ്’ എന്ന തന്റെ റേസിങ് ടീമിന്റെ പരിശീലനത്തിൽ വാഹനമോടിക്കവെയാണ് വാഹനം വശങ്ങളിലിടിച്ചത്. അജിത് പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെങ്കിലും വരാനിരിക്കുന്ന ദുബൈ 24എച്ച് സീരീസിൽ ടീമിന്റെ ഡ്രൈവർ സ്ഥാനത്തുനിന്ന് അജിത് പിന്മാറിയെന്ന് ടീമിന്റെ ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
റേസിങ്ങിനോടുള്ള അഭിനിവേശം വീണ്ടും വീണ്ടും പറയുന്ന വിഡിയോയിൽ, ടീം വർക്കിന്റെയും കുടുംബത്തിന്റെയും പോസിറ്റിവ് മനോഭാവത്തിന്റെയും പ്രാധാന്യം അദ്ദേഹം വിവരിക്കുന്നു.
‘‘ഏറെ സന്തോഷവാനാണ് ഞാൻ. എല്ലാവർക്കും ആയുരാരോഗ്യങ്ങൾ നേരുന്നു. സമയം ആരും വെറുതെ കളയരുത്. നന്നായി വായിക്കുക, നന്നായി ജോലി ചെയ്യുക, നന്നായി വിനോദങ്ങളിൽ ഏർപ്പെടുക. നിങ്ങളിഷ്ടപ്പെട്ട മേഖലയിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും തളരരുത്. മത്സരമാണ് പ്രധാനം. നിങ്ങളുടെ ഇച്ഛാശക്തിയും അർപ്പണബോധവും നഷ്ടപ്പെടരുത്’’ -‘തല’ പറയുന്നു.
റേസിങ്ങിനെക്കുറിച്ചും ഡ്രൈവിങ് സീറ്റിൽനിന്നുള്ള തന്റെ പിന്മാറ്റത്തെക്കുറിച്ചും പറയുന്ന അജിത്, ടീം താൽപര്യമാണ് പ്രധാനമെന്നും അതുകൊണ്ടാണ് ബുദ്ധിമുട്ടേറിയ തീരുമാനം എടുത്തതെന്നും കൂട്ടിച്ചേർക്കുന്നു. ‘‘നാലോ അഞ്ചോ ഡ്രൈവർമാർ ഒരു കാർ ഡ്രൈവ് ചെയ്യാനുണ്ടാകും. ഓരോരുത്തരുടെയും പ്രകടനത്തിന് എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ടീം വർക്കാണ് പ്രധാനം’’ -അജിത് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

