‘അജിത് വാഴ്ക…വിജയ് വാഴ്ക’എന്ന് പറയരുത്, ജീവിതം വളരെ ചെറുതാണ്; ആരാധകരോട് അഭ്യർഥനയുമായി അജിത് കുമാർ
text_fieldsസിനിമാ താരങ്ങളെ ഒരിക്കലും വാഴ്ത്തി പാടരുതെന്ന് നടൻ അജിത് കുമാർ. 24 എച്ച് ദുബൈ 2025 എൻഡ്യൂറൻസ് റേസിങ്ങിന് ശേഷം നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. താൻ ഉൾപ്പെടെയുള്ള താരങ്ങളെ വാഴ്ത്തി പാടുന്നതുകൊണ്ട് ആരാധകർക്ക് പ്രത്യേകിച്ച് ഒന്നും ലഭിക്കില്ലെന്നും നിങ്ങൾ (ആരാധകർ) ജീവിതത്തിൽ വിജയിക്കുന്നതാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
'ആരാധകരോട് ഒരു അഭ്യർഥനയുണ്ട്. സിനിമകൾ കാണൂ, പക്ഷെ അജിത് വാഴ്ക, അല്ലെങ്കിൽ വിജയ് വാഴ്ക എന്ന് ഒരിക്കലും പറയരുത്. അതിൽ നിന്ന് നിങ്ങൾക്കൊന്നും ലഭിക്കുകയില്ല. നിങ്ങൾ എപ്പോഴാണ് ജീവിക്കാൻ പോകുന്നത്.ആരാധകർ നൽകുന്ന സ്നേഹത്തിന് വളരെയധികം നന്ദിയുണ്ട്. എന്റെ ആരാധകർ ജീവിതത്തില്‍ നന്നായി പോകുന്നു എന്നറിഞ്ഞാല്‍ ഞാൻ വളരെ സന്തോഷിക്കും. മറ്റു താരങ്ങളും ഇതുതന്നെയാണ് ആഗ്രഹിക്കുന്നത്. ജീവിതം വളരെ ചെറുതാണ്. അതിനാൽ ഇത് എപ്പോഴും മനസിൽ വയ്ക്കുക, ജീവിതം ആസ്വദിക്കാനുള്ളതാണ്. ഓരോ ദിവസവും ജീവിക്കുക.ഭൂതകാലത്തെ നോക്കി വിഷമിക്കരുത്. ഭാവിയിലേക്ക് നോക്കൂ, ഒരു ദിവസം നാം മരിക്കും, അതാണ് സത്യം'- അജിത് പറഞ്ഞു.
അജിത്ത് കുമാറിന്‍റെ റേസിംഗ് ടീം 24 എച്ച് ദുബൈ 2025 എൻഡ്യൂറൻസ് റേസിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. 2010ലെ എംആർഎഫ് റേസിങ് സീരീസിൽ പങ്കെടുത്ത അജിത് പിന്നീട് ചെന്നൈ, മുംബൈ, ഡൽഹി എന്നിങ്ങനെ ഇന്ത്യയിൽ നടന്ന നിരവധി റേസിങ് സർക്യൂട്ടുകൾ പിന്നിട്ട് ജർമനിയിലും മലേഷ്യയിലും നടന്ന റേസിങ്ങുകളിലും ഫോർമുല 2 ചാമ്പ്യൻഷിപ്പിലും ഉള്‍പ്പെടെ പങ്കെടുത്തിട്ടുണ്ട്.
വിഡാമുയർച്ചിയാണ് അജിത് കുമാറിന്റെ ഇനി വരാനിരിക്കുന്ന ചിത്രം. സിനിമയുടെ സെൻസറിങ് കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

