കൈയെത്തും ദൂരത്തിലെ കിഷോർ; നടൻ അഭിനയ് അന്തരിച്ചു
text_fieldsനടൻ അഭിനയ് കിങ്ങർ അന്തരിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കരൾ സംബന്ധമായ ഗുരുതര ആരോഗ്യപ്രശ്നം നേരിട്ടിരുന്നു. 44 വയസ്സായിരുന്നു. കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലെ കിഷോർ എന്ന കഥാപാത്രമായിട്ടാണ് മലയാളികൾക്ക് അഭിനയ് എന്ന നടനെ പരിചയം. ധനുഷിന്റെ 2002ൽ പുറത്തിറങ്ങിയ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
അടുത്തിടെ, അദ്ദേഹം തന്റെ ചികിത്സക്കായി സാമ്പത്തിക സഹായം തേടിയിരുന്നു. നടൻ കെ.പി.വൈ ബാല അഭിനയ്ക്ക് ചില സാമ്പത്തിക സഹായം നൽകിയത് വാർത്തയായി. ഡോക്ടർമാർ തന്നോട് ഒന്നര വർഷം കൂടി മാത്രമേ ജീവിച്ചിരിക്കൂ എന്ന് പറഞ്ഞതായി അദ്ദേഹം അന്ന് വെളിപ്പെടുത്തിയിരുന്നു.
'ഞാൻ ഇനി ഉണ്ടാകുമോ എന്ന് എനിക്കറിയില്ല' സാമ്പത്തിക സഹായം തേടിയ വിഡിയോയിൽ അദ്ദേഹം പറഞ്ഞു. വിഡിയോ വൈറലായതോടെ നിരവധി സെലിബ്രിറ്റികൾ നടനെ സാമ്പത്തികമായി സഹായിച്ചെന്നാണ് റിപ്പോർട്ട്. ധനുഷിന് അഞ്ച് ലക്ഷം രൂപയും ബാല ഒരു ലക്ഷം രൂപയും നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.
ജംഗ്ഷൻ (2002), സിംഗാര ചെന്നൈ (2004), പൊൻ മെഗലൈ എന്നീ സിനിമകളിൽ അഭിനയ് പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. 2000ത്തിന്‍റെ അവസാനത്തിൽ, അദ്ദേഹം സഹകഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തുടങ്ങി. സൊല്ല സൊല്ല ഇനിക്കും (2009), പലൈവന സോലൈ (2009) എന്നിവ പ്രധാന സിനിമകളാണ്. തുപ്പാക്കി (2012), അഞ്ജാൻ (2014) എന്നീ ചിത്രങ്ങളിൽ വിദ്യുത് ജംവാളിന് ശബ്ദം നൽകിയിട്ടുണ്ട്. 2019ൽ അമ്മ ടി. പി. രാധാമണിയുടെ മരണത്തെത്തുടർന്നാണ് താരത്തിന്‍റെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

