ആദ്യ സിനിമയിൽ തന്നെ ജനപ്രിയൻ, പിന്നീട് പിൻമാറ്റം; ഇപ്പോൾ ബോളിവുഡ് നടന്മാരെക്കാൾ കൂടുതൽ സമ്പത്തുള്ള കമ്പനി ഉടമ
text_fieldsസിനിമയിൽ താരമാകാനുള്ള സ്വപ്നങ്ങളുമായി നിരവധി പുതിയ നടന്മാർ എത്താറുണ്ട്. ചിലർ ആദ്യ സിനിമയിൽ തന്നെ പ്രശസ്തരാകുന്നു. എന്നാൽ മറ്റു ചിലർ ഒരു തുമ്പും കൂടാതെ അപ്രത്യക്ഷരാകുന്നു. എന്നാൽ അരങ്ങേറ്റം എത്ര വിജയകരമാണെങ്കിലും വളരെ കുറച്ചുപേർക്ക് മാത്രമേ സിനിമയിൽ തുടരാൻ കഴിയൂ. ആദ്യ സിനിമയിൽ തന്നെ തന്റെ പ്രകടനത്തിലൂടെ ഹൃദയങ്ങൾ കീഴടക്കുകയും, പിന്നീട് നിശബ്ദമായി പുറത്തുപോകുകയും ചെയ്ത അഭിനേതാക്കൾ വിരളമാണ്.
'രാമയ്യ വാസ്തവയ്യ' എന്ന ചിത്രത്തിലെ അഭിനേതാവ് ഗിരീഷ് കുമാർ അത്തരത്തിൽ ഒരു വ്യക്തിയാണ്. 2013ൽ പുറത്തിറങ്ങിയ ആ പ്രണയ ചിത്രം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പ്രഭുദേവ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രുതി ഹാസൻ പ്രധാന വേഷത്തിൽ എത്തി. 'ജീനേ ലഗാ ഹൂൻ' എന്ന ഹിറ്റ് ഗാനം ചിത്രത്തെ കൂടുതൽ ജനപ്രിയമായി.
ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ സ്നേഹം ആ യുവ നടന് ലഭിച്ചു. അദ്ദേഹം കൂടുതൽ ചിത്രങ്ങൾ ചെയ്യുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ 2016ൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ 'ലവ്ഷുദ' ബോക്സ് ഓഫിസിൽ പരാജയപ്പെട്ടു. അതിനുശേഷം അദ്ദേഹം നിശബ്ദമായി അഭിനയത്തിൽ നിന്ന് പിന്മാറി.
ശക്തമായ ഒരു സിനിമ കുടുംബത്തിൽ നിന്ന് വന്ന അദ്ദേഹം 2016ൽ തന്റെ പിതാവിന്റെ കമ്പനിയായ ടിപ്സ് ഇൻഡസ്ട്രീസിൽ ചേർന്നു. ഇന്ന് ഗിരീഷ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (സി.ഒ.ഒ) ആണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടിപ്‌സ് ഒരു വൻ ബിസിനസായി വളർന്നു. 2025 ജൂൺ 24ലെ കണക്കനുസരിച്ച് കമ്പനിയുടെ മൂല്യം 8,533.4 കോടി രൂപയായിരുന്നു. ചലച്ചിത്ര നിർമാണം മുതൽ സംഗീത അവകാശങ്ങൾ വരെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ കമ്പനികളിൽ ഒന്നായി ടിപ്‌സിനെ മാറാൻ ഗിരീഷ് സഹായിച്ചു.
അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തി ഇപ്പോൾ 2,164 കോടി രൂപയാണ്. അത് ആമിർ ഖാൻ (1,900 കോടി രൂപ), രൺബീർ കപൂർ (400 കോടി രൂപ), രൺവീർ സിങ് (245 കോടി രൂപ) എന്നിവരേക്കാൾ കൂടുതലാണ്. ഇപ്പോൾ ഭാര്യ കൃഷ്ണക്കും കുഞ്ഞിനുമൊപ്പം മുംബൈയിലാണ് അദ്ദേഹം താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

