കമൽഹാസനുമായുള്ള പ്രണയരംഗം; വിമർശനങ്ങളോട് പ്രതികരിച്ച് അഭിരാമി
text_fieldsതമിഴ് സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് തഗ് ലൈഫ്. ചിത്രം തിയറ്ററിൽ എത്താൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. ട്രെയിലർ പുറത്തു വന്നതോടെ കമൽ ഹാസനും നായികമാരായ അഭിരാമിയും തൃഷയും തമ്മിലുള്ള പ്രണയരംഗങ്ങൾ വിമർശനം ഏറ്റുവാങ്ങിയിരുന്നു. നായകനും നായികമാരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് വിർശനത്തിന് കാരണമായത്. ഇപ്പോഴിതാ വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അഭിരാമി.
ഇക്കാലത്ത് പൊതു വിമർശനങ്ങൾ ഒഴിവാക്കുക പ്രയാസമാണെന്ന് അഭിരാമി പറഞ്ഞു. എന്തുതന്നെയായാലും വിവാദങ്ങൾ ഉണ്ടാകുമെന്ന് അവർ ചൂണ്ടിക്കാട്ടി. ഏറെ ചർച്ച ചെയ്യപ്പെട്ട ചുംബന രംഗത്തെക്കുറിച്ചും അഭിരാമി വിശദീകരിച്ചു. 'മൂന്ന് സെക്കന്‍റ് ദൈർഘ്യമുള്ള ഒരു ചുംബനമാണ്! ട്രെയിലറിൽ അത് മാത്രം കാണിച്ചതാവാം തെറ്റിദ്ധാരണക്ക് കാരണമായത്. നിങ്ങൾ സിനിമ, ആ രംഗം, ചുംബനത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ എന്നിവ കാണുമ്പോൾ, തെറ്റ് പറയില്ല, അത് കഥാ സന്ദർഭത്തിന് വളരെ നന്നായി യോജിക്കുന്നതാണ്. ഇതിനെക്കുറിച്ച് ഇത്രയധികം സംസാരിക്കുന്നത് അൽപ്പം അനാവശ്യമാണെന്ന് തോന്നുന്നു' -അഭിരാമി
മാർക്കറ്റിങ് ടീം പ്രമോഷണൽ ആവശ്യങ്ങൾക്കായി ആ രംഗം എടുത്തുകാണിച്ചിരിക്കാമെന്ന് അവർ പറഞ്ഞു. അത്തരം തന്ത്രങ്ങൾ സിനിമ വ്യവസായത്തിൽ സാധാരണമാണെന്നും അനുമാനങ്ങൾ നടത്തുന്നതിന് മുമ്പ് സിനിമ കാണണമെന്നും നടി അഭ്യർഥിച്ചു. കമൽ ഹാസൻ ധീരമായ വിഷയങ്ങൾ ഏറ്റെടുക്കുമ്പോഴെല്ലാം അത് പലപ്പോഴും പൊതുചർച്ചക്ക് തുടക്കമിടുന്നു. നടന്മാരോ നടിമാരോ ചുംബന രംഗങ്ങൾ ചെയ്യുന്നത് അസാധാരണമല്ല, എന്നാൽ കമൽ ഹാസനെപ്പോലെ പ്രമുഖനായ ഒരാൾ അത് ചെയ്യുമ്പോൾ ആളുകൾ അത് ശ്രദ്ധിക്കാറുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

