സാമ്പത്തിക തട്ടിപ്പ് കേസ്; ‘അഭിലാഷം’ സംവിധായകൻ ഷംസുദ്ദീന്‍ അറസ്റ്റിൽ
text_fieldsകൊച്ചി: അഭിലാഷം സിനിമയുടെ സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍. ഇതേ സിനിമയുടെ നിര്‍മാതാവ് ആന്‍ സരിഗ ആന്റണി നല്‍കിയ സാമ്പത്തിക തട്ടിപ്പിലാണ് തൃപ്പൂണിത്തുറ പൊലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്. കേസില്‍ അസോസിയേറ്റ് ഡയറക്ടറും എഡിറ്ററും കാമറാമാനും പ്രതികളാണ്.
സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്നാണ് വിവരം. കരാറിനേക്കാൾ കൂടുതൽ തുക സിനിമ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിയെന്നും ചിത്രീകരണത്തിനിടെ വിശ്വാസവഞ്ചന കാണിച്ചെന്നും പരാതിയിൽ പറയുന്നതായാണ് റിപ്പോർട്ട്.
സൈജുകുറുപ്പ് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു അഭിലാഷം. രണ്ടുകോടി 25 ലക്ഷത്തിന് ചിത്രം പൂര്‍ത്തിയാക്കാമെന്നായിരുന്നു സംവിധായകന്‍ ഷംസുദ്ദീന്‍ നിര്‍മാതാവിനെ അറിയിച്ചത്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ മൂന്നേകാല്‍ കോടി രൂപ ചെലവായെന്നും നിര്‍മാതാവ് പറയുന്നു. തന്നെ കബളിപ്പിച്ചെന്നും വിശ്വാസവഞ്ചന കാട്ടിയെന്നും കാണിച്ചാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നിര്‍മാതാവ് പരാതി നല്‍കിയത്. മാസ്റ്റര്‍ ഔട്ട് തന്റെ അനുവാദമില്ലാതെ മറ്റൊരു പാര്‍ട്ടിക്ക് മറിച്ച് നല്‍കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇക്കഴിഞ്ഞ ഫ്രെബ്രുവരി രണ്ടിനാണ് നിര്‍മാതാവ് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ചിത്രം പുറത്തിറങ്ങിയത്.
അതേസമയം, അറസ്റ്റ് പകപോക്കലെന്ന് സംവിധായകൻ പറഞ്ഞു. ഷൂട്ടിങ് സമയത്ത് നിർമാതാവുമായി തർക്കമുണ്ടായിരുന്നു. ഇതിന്റെ പകപോക്കലാണ് കേസെന്നും സംവിധായകൻ പൊലീസിന് മൊഴി നൽകി. പ്രതിഫലം ലഭിക്കാത്തതിനെ തുടർന്ന് ചിത്രത്തിന്റെ ഛായാഗ്രാഹകൻ പരാതിക്കാരനായ നിർമാതാവിനെതിരെ ഫെഫ്കയിൽ പരാതി നൽകിയിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

