റീന ദത്ത, കിരൺ റാവു- ആമിറിന്‍റെ രണ്ട് ദാമ്പത്യങ്ങളും നീണ്ടുനിന്നത് 16 വർഷം
text_fieldsആമിർ ഖാൻ കിരൺ റാവുവിനും റീന ദത്തക്കുമൊപ്പം
ന്യൂഡൽഹി: ശനിയാഴ്ചയാണ് ( ജൂലൈ മൂന്ന്) ബോളിവുഡ് സെലിബ്രിറ്റി ദമ്പതിമാരായ ആമിർ ഖാനും കിരൺ റാവുവും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. സംയുക്തപ്രസ്താവനയിലൂടെയാണ് 16 വർഷം നീണ്ട വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന് ഇരുവരും അറിയിച്ചത്. കിരൺ റാവുവിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് ആമിർ ഖാൻ റീന ദത്തയെയായിരുന്നു വിവാഹം ചെയ്തത്. 1986 മുതൽ 2002 വരെ ആ ദാമ്പത്യം നീണ്ടു നിന്നു. 2005ലായിരുന്നു കിരൺ റാവു-ആമിർ ഖാൻ വിവാഹം. യാദൃശ്ചികമെന്ന് പറയട്ടെ ആമിർ ഖാെൻറ രണ്ട് ദാമ്പത്യ ബന്ധങ്ങളും 16 വർഷമാണ് നീണ്ടുനിന്നത്.
ആമിർ ഖാൻ-റീന ദത്ത
ആമിറും റീനയും അയൽവാസികളായിരുന്നു. ആദ്യകാലത്ത് റീനയാട് തെൻറ പ്രണയം തുറന്നു പറഞ്ഞെങ്കിലും അവർ വിസമ്മതിച്ചെന്നും എല്ലാ പ്രതീക്ഷകളും അവസാനിച്ചെന്ന് തോന്നിയ സമയത്താണ് തന്നോടുള്ള ഇഷ്ടം തുറന്നു പറഞ്ഞതന്നും 1999ൽ ഒരു അഭിമുഖത്തിൽ ആമിർ തുറന്നു പറഞ്ഞിരുന്നു. 1986 ഏപ്രിൽ 18നായിരുന്നു ഇരുവരുടെയും വിവാഹം. ജൂനൈദും ഇറയുമാണ് മക്കൾ. 2002 ഡിസംബറിലാണ് ഇരുവരും വേർപിരിഞ്ഞത്.
ആമിർ ഖാൻ-കിരൺ റാവു
2001ൽ 'ലഗാൻ' എന്ന ചിത്രത്തിെൻറ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ചിത്രത്തിൽ അസിസ്റ്റൻറ് ഡയരക്ടറായി പ്രവർത്തിക്കുകയായിരുന്നു കിരൺ. 2002ൽ റീനയുമായി വിവാഹമോചനം നേടിയ ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടി. വിവാഹമോചന ശേഷം കിരണും താനും സംസാരിച്ചുവെന്നും അതിൽ താൻ ഏറെ സന്തോഷവാനായിരുന്നുവെന്നും ഒരു അഭിമുഖത്തിൽ ആമിർ പറഞ്ഞിരുന്നു. ശേഷം കുറച്ച് കാലം ലിവിങ് ടുഗെതറായി കഴിഞ്ഞ ഇരുവരും 2005 ഡിസംബർ 28ന് വിവാഹിതരായി. 2011ലാണ് വാടകഗര്‍ഭധാരണത്തിലൂടെ ആസാദ് എന്ന മകൻ പിറന്നത്.
ആമിർ ഖാൻ-കിരൺ റാവു വിവാഹമോചനം
സംയുക്തപ്രസ്താവനയിലൂടെയാണ് ശനിയാഴ്ച ആമിർ ഖാനും കിരൺ റാവുവും വേർപിരിഞ്ഞത്. 'സന്തോഷവും കളിചിരികളും പങ്കുവെച്ച് ഞങ്ങളൊരുമിച്ച് ജീവിച്ച മനോഹരമായ 15 വർഷക്കാലം, ഞങ്ങളെ ഒരുമിച്ച നിർത്തിയത് സ്നേഹവും പരസ്പര വിശ്വാസവും ബഹുമാനവും ആയിരുന്നു. ഭർത്താവും ഭാര്യയും എന്നനിലയില്ല, കോ-പാരന്‍റ് ആയി ഇനിമുതൽ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഞങ്ങൾ തീരുമാനിക്കുകയാണ്.'
'കുറേ മുൻപുതന്നെ ഞങ്ങൾ പിരിയാൻ തീരുമാനിച്ചിരുന്നു. അത് ക്രമീകരിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. ആസാദിനെ സംബന്ധിച്ചിടത്തോളം ഞങ്ങൾ എന്നും നല്ല മാതാപിതാക്കൾ ആയിരിക്കും. സിനിമയിൽ ഞങ്ങൾ തുടർന്നും സഹകരിച്ച് പ്രവർത്തിക്കും.' -പ്രസ്താവനയിൽ ഇരുവരും പറഞ്ഞു.
തങ്ങളുടെ വളർച്ചയിൽ പങ്കുവഹിച്ച സുഹൃത്തുക്കൾക്കും കുടുംബത്തിനും നന്ദി പറഞ്ഞുകൊണ്ടും അനുഗ്രഹം തേടിക്കൊണ്ടുമാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്. 'വിവാഹമോചനം എന്നാൽ ജീവിതത്തിന്‍റെ അവസാനമല്ല, ഒരു പുതിയ യാത്രയുടെ തുടക്കമാണ്.' എന്നുപറഞ്ഞുകൊണ്ട് കിരണും ആമിറും പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുമുണ്ട്.