മഹാഭാരതം ഹോളിവുഡ് ഫാന്റസികളുടെ മാതാവ്; ഓരോ ഇന്ത്യക്കാരനും അതിൽ അഭിമാനിക്കണം -ആമിർ ഖാൻ
text_fieldsആമിർ ഖാന്റെ സ്വപ്ന പദ്ധതിയായ മഹാഭാരതത്തെക്കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ കുറെ നാളുകളായി ചർച്ചാവിഷയമാണ്. മഹാഭാരതത്തെ ആസ്പദമാക്കി ഒരു സിനിമ നിർമിക്കാൻ ആമിർ ആഗ്രഹിക്കുന്നുണ്ടെങ്കിലും, തികഞ്ഞ തയാറെടുപ്പോടും ഗൗരവത്തോടും കൂടി മാത്രമേ അതിലേക്ക് കടക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. അപൂർണ്ണമോ നിലവാരമില്ലാത്തതോ ആയ ഒരു പ്രവൃത്തിയും ഈ വിഷയത്തിൽ ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ആമിർ ഖാൻ വ്യക്തമാക്കി.
‘ഇത് എന്റെ വലിയൊരു സ്വപ്നമാണ്. എന്ന്, എങ്ങനെ ഈ സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് എനിക്കറിയില്ല. പക്ഷേ എനിക്ക് ഈ സിനിമ ചെയ്യണം. ഇതൊരു വലിയ ഉത്തരവാദിത്തമാണ്. കാരണം ഓരോ ഇന്ത്യക്കാരനും മഹാഭാരതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. അത് നമ്മുടെ രക്തത്തിലുള്ളതാണ്. ഭഗവദ്ഗീതയെക്കുറിച്ചോ മഹാഭാരത കഥകളെക്കുറിച്ചോ മുത്തശ്ശിമാരിൽ നിന്നെങ്കിലും കേൾക്കാത്ത ഒരു ഇന്ത്യക്കാരനും ഉണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല.
ഇത്രയും സുപ്രധാനമായ ഒരു വിഷയത്തിൽ സിനിമ നിർമിക്കുന്നത് എളുപ്പമല്ല. ഞാൻ പലപ്പോഴും പറയാറുണ്ട്. നിങ്ങൾക്ക് മഹാഭാരതത്തെ നിരാശപ്പെടുത്താം, പക്ഷേ മഹാഭാരതം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. നിങ്ങൾ അത് മോശമായി ചെയ്താൽ ആ ഇതിഹാസത്തെത്തന്നെ നിങ്ങൾ നശിപ്പിക്കും. ഞാൻ എപ്പോഴെങ്കിലും ഈ സിനിമ ചെയ്യുകയാണെങ്കിൽ അത് കണ്ട് ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളണമെന്ന് എനിക്കുണ്ട് ’-ആമിർ പറഞ്ഞു.
മഹാഭാരതത്തെ ഹോളിവുഡിലെ വമ്പൻ ഫാന്റസി സിനിമകളുമായാണ് ആമിർ ഖാൻ താരതമ്യം ചെയ്തത്. അവതാർ പോലെയുള്ള നിരവധി വലിയ ഹോളിവുഡ് വിനോദചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അവയുടെയൊക്കെ മാതാവാണ് മഹാഭാരതം. ലോകം ഇതറിയണം, നമ്മൾ ഇന്ത്യക്കാർ ഇതിൽ അഭിമാനിക്കണം. അതുകൊണ്ടാണ് ഈ പ്രോജക്റ്റ് ശരിയായ രീതിയിൽ ചെയ്യാൻ ഞാൻ സമയം എടുക്കുന്നതെന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു.
സിനിമ യാഥാർഥ്യമായാൽ ഏത് വേഷമാണ് അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ, കൃഷ്ണന്റെ കഥാപാത്രം ആഴത്തിൽ സ്വാധീനം ചെലുത്തുന്നതായി കാണുന്നതായും അതിനാൽ അത് അവതരിപ്പിക്കാനാണ് ആഗ്രഹമെന്നും ആമിർ പറഞ്ഞിരുന്നു. നേരത്തെ ഒരു അഭിമുഖത്തിൽ, ചലച്ചിത്രാവിഷ്കാരം ഒരു ഫ്രാഞ്ചൈസി ആയിരിക്കുമെന്നും, വ്യത്യസ്ത സംവിധായകർ കഥയുടെ വിവിധ ഭാഗങ്ങൾ കൈകാര്യം ചെയ്യുമെന്നും താരം സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

