ലഗാൻ ചിത്രീകരിച്ച ഗ്രാമത്തിലേക്ക് ഇരുപത് വർഷങ്ങൾക്ക് ശേഷം ആമിർ മടങ്ങിയെത്തി; കാരണമിതാണ്...
text_fieldsഇരുപത് വർഷങ്ങൾക്ക് മുമ്പ് ലഗാൻ ചിത്രീകരിച്ച ഭുജിനടുത്തുള്ള ഗ്രാമത്തിലേക്ക് ആമിർ ഖാൻ മടങ്ങി. ഇത്തവണ അത് സിനിമ ചിത്രീകരണത്തിന് വേണ്ടിയല്ല. അഭിനയ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ച സ്ഥലത്തേക്ക് തന്റെ ഏറ്റവും പുതിയ ചിത്രമായ സിത്താരെ സമീൻ പറുമായാണ് അദ്ദേഹം തിരിച്ചെത്തിയത്.
'ഗുജറാത്തിലെ കൊട്ടായ് ഗ്രാമത്തിൽ ഇതാദ്യമായാണ് ഒരു പ്രദർശനം നടക്കുന്നത്. എല്ലാ ഗ്രാമങ്ങളിലും ഇത്തരം പ്രദർശനങ്ങൾ ഉണ്ടാകണം. കച്ചിൽ ആദ്യ പ്രദർശനം നടത്തുക എന്നത് എന്റെ ആഗ്രഹമായിരുന്നു. ഇതൊരു ചരിത്ര സ്ഥലമാണ്. എനിക്ക് ഒരുപാട് ഓർമ്മകളുണ്ട്, വീണ്ടും ഇവിടം സന്ദർശിച്ചപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി' -ആമിർ പറഞ്ഞു.
തിയറ്ററുകൾ ഇല്ലാത്തവർക്ക് കൂടുതൽ എളുപ്പത്തിൽ കാണാൻ സാധിക്കുന്ന തരത്തിൽ സിനിമ പ്രദർശിപ്പിക്കാനുള്ള ആമിറിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഗ്രാമത്തിലെ പ്രദർശനം. സിതാരേ സമീൻ പർ ഇന്ത്യയിലുടനീളം ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ പേ പെർ വ്യൂ മോഡലിലൂടെ യൂട്യൂബിൽ ചിത്രം ലഭ്യമാണ്.
ആമിറിനെ സംബന്ധിച്ചിടത്തോളം ഇത് ഡിജിറ്റൽ ആക്‌സസ് മാത്രമല്ല. ജനങ്ങളുടെ തിയറ്റർ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ആളുകൾക്കും ദൂരയാത്ര ചെയ്യാതെയും അധികം പണം ചെലവഴിക്കാതെയും സിനിമ ആസ്വദിക്കാൻ കഴിയുന്ന ഒരു ഇടം സൃഷ്ടിക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ആശയം.
ആമിർ ഖാൻ പ്രൊഡക്ഷൻസ് നിർമിച്ച ചിത്രത്തിൽ ആമിറിനൊപ്പം ജെനീലിയ ദേശ്മുഖും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ശുഭ് മംഗൾ സാവ്ധാൻ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ആർ.എസ് പ്രസന്നയാണ് സംവിധാനം. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് ശങ്കർ എഹ്സാൻ ലോയ് സംഗീതം നൽകി. ദിവ്യ നിധി ശർമയാണ് ചിത്രത്തിന് തിരക്കഥ തയാറാക്കിയത്. സിത്താരേ സമീൻ പർ ജൂൺ 20ന് തിയറ്ററുകളിൽ റിലീസ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

