'ഞാൻ അത്ര നല്ലൊരു നടനല്ല, മെഥേഡ് ആക്ടിങ് പലർക്കും മോശമായി പെരുമാറാനുള്ള ലൈസൻസാണ്'; ആമിർ ഖാൻ
text_fieldsബോളിവുഡിൽ 'മിസ്റ്റർ പെർഫെക്ഷനിസ്റ്റ്' എന്ന് അറിയപ്പെടുന്ന താരമാണ് ആമിർ ഖാൻ. ചെയ്യുന്ന ഓരോ കഥാപാത്രത്തിനും വേണ്ടി ശരീരത്തിലും ലുക്കിലും വലിയ മാറ്റങ്ങൾ വരുത്തുന്ന, സിനിമയെ അത്രമേൽ ഗൗരവമായി കാണുന്ന ഒരു നടനാണ് അദ്ദേഹം. എന്നാൽ, ഇത്രയൊക്കെ ചെയ്തിട്ടും തനിക്ക് ഇതുവരെ ഒരു കഥാപാത്രമായി പൂർണ്ണമായി മാറാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആമിർ ഖാൻ ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്. സിനിമയിൽ എത്തിയിട്ട് 38 വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കഥാപാത്രത്തിൽ പൂർണ്ണമായി അലിഞ്ഞുചേരുക എന്നത് തനിക്ക് ഇപ്പോഴും അസാധ്യമായ കാര്യമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു.
അടുത്തിടെ നടന്ന ഒരു മാസ്റ്റർക്ലാസ് പരിപാടിയിൽ സംസാരിക്കവെയാണ് ആമിർ ഖാൻ അഭിനയത്തെക്കുറിച്ചുള്ള തന്റെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്. 'ഞാൻ ഒരു കഥാപാത്രത്തിൽ പൂർണ്ണമായി മുഴുകിപ്പോകാറുണ്ട്, അതുകൊണ്ട് ചുറ്റും നടക്കുന്നത് ഒന്നും എനിക്ക് മനസ്സിലാകാറില്ല എന്നൊക്കെ വലിയ പത്രാസിൽ പറയുന്നത് കേൾക്കാൻ നല്ല രസമാണ്. പക്ഷേ, എന്റെ ജീവിതത്തിൽ ഇന്നുവരെ അങ്ങനെ സംഭവിച്ചിട്ടില്ല. ക്യാമറക്ക് മുന്നിൽ നിൽക്കുമ്പോൾ വളരെ കഷ്ടപ്പെട്ട് ഒരു 30 സെക്കൻഡോ അല്ലെങ്കിൽ ഒരു മിനിറ്റോ ആ കഥാപാത്രമായി ജീവിക്കാൻ കഴിഞ്ഞാൽ തന്നെ ഞാൻ ഭാഗ്യവാനാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ആ കഥാപാത്രമായി തുടരുക എന്നത് എന്നെക്കൊണ്ട് പറ്റാത്ത കാര്യമാണ്. കാരണം ഞാൻ അത്ര നല്ലൊരു നടനല്ല,' ആമിർ ഖാൻ പറഞ്ഞു.
ഇന്നത്തെ കാലത്ത് പല നടന്മാരും പറയുന്ന 'മെഥേഡ് ആക്ടിങ്' ശൈലിയെക്കുറിച്ചും ആമിർ ഖാൻ രസകരമായ ചില നിരീക്ഷണങ്ങൾ നടത്തി. താൻ ഇപ്പോഴും കഥാപാത്രത്തിൽ നിന്നും പുറത്തുകടന്നിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് സെറ്റുകളിലും പുറത്തും മറ്റുള്ളവരോട് മോശമായി പെരുമാറാനുള്ള ഒരു എളുപ്പവഴിയായിട്ടാണ് പലരും മെഥേഡ് ആക്ടിങ്ങിനെ കാണുന്നത്. അങ്ങനെയുള്ള കുരുത്തക്കേടുകൾക്കൊന്നും താൻ നിൽക്കാറില്ലെന്ന് ആമിർ ഖാൻ ചിരിച്ചുകൊണ്ട് വ്യക്തമാക്കി. ഷൂട്ടിങ് സമയത്ത് ഡയറക്ടർ 'കട്ട്' പറഞ്ഞാലും ചിലപ്പോൾ ആ മൂഡിൽ നിന്നും പുറത്തുവരാൻ 15-20 മിനിറ്റ് എടുത്തേക്കാം, എന്നാൽ അതിന്റെ പേരിൽ താൻ ആ കഥാപാത്രമായി മാറി എന്ന് അവകാശപ്പെടാൻ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
തന്റെ അഭിനയ ജീവിതത്തെക്കുറിച്ചുള്ള ഈ തുറന്നുപറച്ചിലുകൾക്കൊപ്പം ആരാധകർക്ക് വലിയൊരു സന്തോഷവാർത്തയും താരം പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ '3 ഇഡിയറ്റ്സ്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. സംവിധായകൻ രാജ്കുമാർ ഹിരാനിയും തിരക്കഥാകൃത്ത് അഭിജാത് ജോഷിയും ചേർന്ന് ഇതിന്റെ കഥ തയാറാക്കിയിട്ടുണ്ടെന്നും, ഇതിന്റെ ആദ്യ ഘട്ട വിവരണം താൻ കേട്ടതായും ആമിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

