‘എല്ലാ വിശ്വാസങ്ങളെയും ആഴത്തിൽ ബഹുമാനിക്കുന്നു, ആളുകളെ കാണുമ്പോൾ ഞാൻ അവരുടെ മതം നോക്കാറില്ല’, വ്യക്തിപരമായ വിശ്വാസങ്ങളെക്കുറിച്ച് മനസ്സുതുറന്ന് ആമിർ ഖാൻ
text_fieldsസിതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആമിർ ഖാൻ. കഴിഞ്ഞ ദിവസം 'ദി ലല്ലൻടോപ്പ്' എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ വ്യക്തിപരമായ വിശ്വാസങ്ങളെയും ആത്മീയ ചായ്‌വുകളെയും കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞു. എല്ലാ വിശ്വാസങ്ങളെയും താൻ ആഴത്തിൽ ബഹുമാനിക്കുന്നുണ്ടെന്നാണ് ആമിർ ഖാൻ പറഞ്ഞത്.
"ആളുകളെ കാണുമ്പോൾ, അവരുടെ മതത്തെ ഞാൻ കാണുന്നില്ല. ആ വ്യക്തിയെ മാത്രമേ കാണുന്നുള്ളൂ. മതം വളരെ അപകടകരമായ ഒരു വിഷയമാണ്, ഞാൻ അതിനെക്കുറിച്ച് പരസ്യമായി സംസാരിക്കാറില്ല. അത് ഓരോ വ്യക്തിക്കും വളരെ വ്യക്തിപരമായ കാര്യമാണ്. എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകളെയും അവർ പിന്തുടരുന്ന രീതികളെയും ഞാൻ ബഹുമാനിക്കുന്നു. ഗുരുനാനാക്കിന്റെ വചനങ്ങൾ എന്നിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്" -ആമിർ അഭിമുഖത്തിൽ പറഞ്ഞു. തന്റെ ആത്മീയ വളർച്ചയുടെ ഭൂരിഭാഗവും രൂപപ്പെടുത്തിയതിന് ഗുരു സുചേത ഭട്ടാചാര്യക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.
ശ്രീകൃഷ്ണനോടുള്ള തന്റെ ആരാധനയെക്കുറിച്ച് ആമിർ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ചെയ്യാൻ ആഗ്രഹിക്കുന്ന വേഷങ്ങളിൽ ഏറെ താൽപര്യമുള്ള കാര്യമാണ് ശ്രീകൃഷ്ണനെ അവതരിപ്പിക്കുകയെന്നത്. ശ്രീകൃഷ്ണൻ ചെലുത്തിയ സ്വാധീനം വിശദീകരിക്കാൻ വളരെ പ്രയാസമാണ്. അദ്ദേഹത്തിന്റെ കഥകൾ നമ്മെ എന്തു പഠിപ്പിച്ചാലും, ഭഗവദ്ഗീത അദ്ദേഹത്തെക്കുറിച്ച് നമ്മോട് പറയുന്നത് വളരെ ആഴത്തിലുള്ള ഒരു തത്വചിന്തയാണ്. അദ്ദേഹം വളരെ പൂർണനായ വ്യക്തിയാണ്. ഇതാണ് തനിക്ക് അദ്ദേഹത്തെക്കുറിച്ച് തോന്നുന്നത് എന്ന് ആമിർ ഖാൻ പറഞ്ഞു. ശ്രീകൃഷ്ണനെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ ആഗ്രഹമുണ്ടെന്നും അത് സാധ്യമാകുമോ എന്ന് നോക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരാണ ഇതിഹാസമായ മഹാഭാരതം ബിഗ് സ്‌ക്രീനിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് ആവർത്തിച്ച് സംസാരിച്ചിട്ടുള്ള ആമിർ, ഉടൻ തന്നെ അതിന്റെ ജോലികൾ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ആമിറിന്റെ പുതിയ ചിത്രമായ സീതാരേ സമീൻ പർ ബോക്സ് ഓഫിസിൽ തരംഗം സൃഷ്ടിക്കുകയാണ്. ജൂൺ 20ന് പുറത്തിറങ്ങിയ ചിത്രം ഇതിനകം ബോക്സ് ഓഫിസിൽ 122 കോടി രൂപ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

