എല്ലാ നിയമങ്ങളും തെറ്റിച്ചു, ഞാൻ എങ്ങനെ ഒരു താരമായി എന്ന് എനിക്കറിയില്ല; എല്ലാ ബഹുമാനത്തിനും വിജയത്തിനും നന്ദി -ആമിർ ഖാൻ
text_fieldsബോളിവുഡിൽ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നാണ് ആമിർ ഖാൻ അറിയപ്പെടുന്നത്. എന്ത് ചെയ്താലും അത് തികഞ്ഞ പൂർണതയോടെയാണ് അദ്ദേഹം ചെയ്യുന്നത്. തന്റെ ജോലിയുടെ ഓരോ ചെറിയ കാര്യത്തിലും അദ്ദേഹം ശ്രദ്ധ ചെലുത്തുകയും പൂർണ്ണ സമർപ്പണത്തോടെ ചെയ്യുകയും ചെയ്യുന്നുവെന്ന ഖ്യാതി അദ്ദേഹത്തിന്‍റെ ശ്രമഫലമായി ഉണ്ടായ ഒന്നാണ്. ഏതാനും പതിറ്റാണ്ടുകളായി ആമിർ ബോളിവുഡിന്‍റെ ഭാഗമാണ്. ഈ കാലയളവിൽ നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ആമിറിന്‍റേതായി പുറത്ത് ഇറങ്ങിയിട്ടുണ്ട്. എന്നാൽ താൻ എങ്ങനെ ഒരു താരമായി എന്ന് മനസ്സിലാകുന്നില്ലെന്ന് ആമിർ പറഞ്ഞു. 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള സെഷനിൽ ആമിർ തന്റെ കരിയറിനെക്കുറിച്ച് തുറന്നു സംസാരിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഞാൻ എങ്ങനെ ഒരു താരമായി എന്ന് എനിക്കറിയില്ല. എല്ലാ യുക്തിയും വെച്ച് നോക്കുമ്പോൾ ഞാൻ ഒരു സ്റ്റാർ ആകേണ്ടതായിരുന്നില്ല. ഞാൻ എല്ലാ നിയമങ്ങളും തെറ്റിക്കുകയും എല്ലാം അപ്രായോഗികമാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ എനിക്ക് ലഭിച്ച ഇത്രയധികം ബഹുമാനത്തിനും വിജയത്തിനും ഞാൻ നന്ദിയുള്ളവനാണ്. ഞാൻ സ്വീകരിച്ച ഒരു നടപടിയും വിജയം നേടുന്നതിന്‍റെ വീക്ഷണകോണിൽ നിന്നുള്ളതായിരുന്നില്ല. സത്യത്തിൽ ഞാൻ തിരഞ്ഞെടുക്കുന്ന എല്ലാ സിനിമകളും വിജയിക്കുമോ എന്ന ചിന്തയോടെയല്ല എടുക്കാറുള്ളത്.
സർഫറോഷ്, ലഗാൻ പോലുള്ള ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ ആളുകൾക്ക് അത് ഇഷ്ടപ്പെടുമോ എന്ന് ഞങ്ങൾക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. ലഗാൻ കഴിഞ്ഞപ്പോൾ ദിൽ ചാഹ്താ ഹേ വന്നു. അത് ആ കാലഘട്ടത്തിൽ വളരെ അസാധാരണമായിരുന്നു. ഇപ്പോഴത്തെ സിതാരെ സമീൻ പർ ഉൾപ്പെടെ ഞാൻ തിരഞ്ഞെടുത്ത ഈ സിനിമകളൊന്നും യഥാർത്ഥത്തിൽ വിജയം ഉദേശിച്ചുള്ളവയായിരുന്നില്ല. ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്യാൻ എനിക്കിഷ്ടമില്ല. ഒരു വ്യക്തി എന്ന നിലയിൽ എന്‍റെ സ്വഭാവം അങ്ങനെയുള്ളതുകൊണ്ടാണ് ഞാൻ വ്യത്യസ്തമായ തിരക്കഥകൾ തിരഞ്ഞെടുത്തത്. എന്നെ വ്യക്തിപരമായി ആവേശം കൊള്ളിക്കുന്ന കാര്യങ്ങളുമായി ഞാൻ എപ്പോഴും മുന്നോട്ട് പോവുകയായിരുന്നു” -ആമിർ ഖാൻ പറഞ്ഞു.
നിരൂപക പ്രശംസ നേടുകയും ബോക്സോഫീസിൽ ഹിറ്റായി മാറുകയും ചെയ്ത ‘സിതാരേ സമീൻ പർ’ ആണ് ആമിർ ഖാന്‍റെ ഒടുവിൽ ഇറങ്ങിയ ചിത്രം. 2007ൽ പുറത്തിറങ്ങിയ താരേ സമീൻ പറിന്‍റെ തുടർച്ചയും, സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസി'ന്‍റെ ഒഫീഷ്യൽ റീമേക്കുമാണ് 'സിതാരേ സമീൻ പർ'. ഡൗൺ സിൻട്രോം ബാധിതരുൾപ്പെട്ട ബാസ്ക്കറ്റ്ബാൾ ടീമിന്‍റെ പരിശീലകന്‍റെ വേഷത്തിലാണ് ആമിർ ഖാൻ എത്തുന്നത്. ജെനീലിയയാണ് നായിക. ജൂൺ 20ന് തിയറ്ററുകളിലെത്തിയ ചിത്രം ഈ വർഷം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മൂന്നാമത്തെ ഹിന്ദി ചിത്രവും, 2025ൽ ഇതുവരെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ നാലാമത്തെ ഇന്ത്യൻ ചിത്രവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

