ഇത് ആമിറിന്‍റെ കുടുംബചിത്രം; സിതാരേ സമീൻ പറിൽ താരത്തിന്‍റെ അമ്മയും സഹോദരിയും
text_fieldsആമിർ ഖാന്റെ അമ്മ സീനത്ത് ഖാനും സഹോദരി നിഖാത് ഖാനും താരത്തിന്‍റെ 'സിതാരേ സമീൻ പർ' എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇതിനാൽതന്നെ ആമിർ ഖാന്റെ എല്ലാ ആരാധകരും ചിത്രത്തിനായി കാത്തിരിക്കുകയാണ്. നിഖാത് ഒരു പ്രൊഫഷണൽ നടിയാണെങ്കിലും, ഇതാദ്യമായാണ് നടന്റെ അമ്മ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ അമ്മയുടെ സിനിമ പ്രവേശം മുൻകൂട്ടി പ്ലാൻ ചെയ്തതല്ലെന്നും ഭാഗ്യം കൊണ്ടാണെന്നും ആമിർ പറയുന്നു.
'സാധാരണയായി അമ്മി എന്റെ ഷൂട്ടിന് വരണമെന്ന് പറയാറില്ല. അതുകൊണ്ട് അവർക്ക് എന്താണ് തോന്നിയതെന്ന് എനിക്കറിയില്ല, പക്ഷേ പാട്ട് ഷൂട്ട് ചെയ്യുന്ന ദിവസം രാവിലെ അമ്മി വിളിച്ച് ചോദിച്ചു, 'ഇന്ന് നീ എവിടെയാണ് ഷൂട്ട് ചെയ്യുന്നത്, ഞാനും വരാൻ ആഗ്രഹിക്കുന്നു' എന്ന് പറഞ്ഞു. ഞാൻ കാർ അയച്ചു, സഹോദരി അവരെ ഷൂട്ടിന് കൊണ്ടുവന്നു. അതൊരു സന്തോഷകരമായ വിവാഹ ഗാനമായിരുന്നു' - ആമിർ പറഞ്ഞു.
ഷൂട്ടിങ്ങിനിടയിൽ സംവിധായകൻ പ്രസന്നയാണ് അമ്മയെ അഭിനയിപ്പിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ഇത് ചിത്രത്തിലെ അവസാന ഗാനമാണ്. ഒരു വിവാഹ ആഘോഷ സീക്വൻസായതിനാൽ അവർക്ക് എളുപ്പത്തിൽ അതിഥികളിൽ ഒരാളാകാൻ കഴിയുമെന്നദ്ദേഹം പറഞ്ഞു. അമ്മ സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നതായി ആമിർ കൂട്ടിച്ചേർത്തു.
ഭ്രാന്താണോ എന്നാണ് ആദ്യം പ്രസന്നയോട് ചോദിച്ചത്. അമ്മയോട് അഭിനയിക്കാൻ ആവശ്യപ്പെടാൻ തനിക്ക് ഒരിക്കലും ധൈര്യം വരില്ലെന്നും നിങ്ങളുടെ സമയം പാഴാക്കരുതെന്നുമാണ് സംവിധായകനെ അറിയിച്ചത്. എന്നാൽ അമ്മയോട് അത് പറഞ്ഞപ്പോൾ തന്നെ സമ്മതം മൂളിയെന്നും താൻ ഞെട്ടിപ്പോയെന്നും താരം പറഞ്ഞു.
തന്റെ സഹോദരി നിഖാത് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും രണ്ട് സീനുകളിൽ അഭിനയിക്കുന്നുണ്ടെന്നും ആമിർ ഖാൻ പങ്കുവെച്ചു. തങ്ങൾ ആദ്യമായാണ് ഒരുമിച്ച് പ്രവർത്തിക്കുന്നതെന്നും എന്നാൽ അവർ ഒരു അഭിനേത്രിയായതിനാൽ ഭാവിയിൽ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

