ആമിറിനൊരു അധോലോക ഭീഷണി; സംഭവം വിവരിച്ച് താരം
text_fieldsഎൺപതുകളിലും തൊണ്ണൂറുകളിലും ബോളിവുഡും ബോംബെ അധോലോകവും തമ്മിലുള്ള അവിശുദ്ധ ബന്ധം അങ്ങാടിപ്പാട്ടായിരുന്നുവല്ലോ. എൺപതുകളുടെ അവസാനം ‘ഖയാമത് സെ ഖയാമത്തി’ലൂടെ താരമായി ഉദിച്ച ആമിർ ഖാൻ ഈയിടെ ഒരു അഭിമുഖത്തിൽ അക്കാലത്തെ ഒരു ‘അധോലോക ബന്ധം’ വിവരിച്ചത് കൗതുകമായിരിക്കുകയാണ്.
‘തൊണ്ണൂറുകളുടെ അവസാനം ചിലർ എന്നെ കാണാൻ വന്നു. ഗൾഫിൽ ഒരിടത്ത് ഒരു പാർട്ടി നിശ്ചയിച്ചുവെന്നും അതിലേക്ക് ക്ഷണിക്കാനാണ് വന്നതെന്നും അവർ പറഞ്ഞു. കൃത്യമായ അധോലോക ബന്ധമുള്ളവരാണെങ്കിലും അവർ അത് വെളിപ്പെടുത്തിയിരുന്നില്ല. ഞാൻ ക്ഷണം നിരസിച്ചു. അവർ വീണ്ടും ബന്ധപ്പെട്ടു. കുറേയധികം പണം വാഗ്ദാനം ചെയ്തു. കൂടാതെ, ചില പ്രോജക്ടുകളും. വരുന്നില്ലെന്ന് ഞാൻ തീർത്തു പറഞ്ഞതോടെ അവരുടെ സ്വരം മാറി’’ -ആമിർ വിവരിക്കുന്നു.
പരിപാടിയിൽ ആമിർ ഉണ്ടാവുമെന്ന് തങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞുവെന്നും അതുകൊണ്ടുതന്നെ ഉടൻ വരണമെന്നുമായത്രെ അവരുടെ നിലപാട്. ഇതോടെ താരം തീർത്തു പറഞ്ഞു, ‘‘ഒരു മാസമായി നിങ്ങൾ ഇതു തന്നെ ആവശ്യപ്പെടുന്നു, ഞാൻ ഇല്ലെന്നു തന്നെ പറയുന്നു. നിങ്ങൾ വളരെ ശക്തരാണ്. നിങ്ങൾക്കെന്നെ ആക്രമിക്കാം, എന്തു വേണമെങ്കിലും ചെയ്യാം. നിങ്ങൾക്കെന്നെ ബലമായി കൊണ്ടുപോകാം, പക്ഷെ ഞാനായിട്ട് വരില്ല.’’ -ആമിർ ഓർക്കുന്നു. ഇതിനു ശേഷം അവർ ബന്ധപ്പെട്ടില്ലന്നും അദ്ദേഹം വിവരിക്കുന്നു. എങ്കിലും, ആ സമയത്ത് താൻ ഏറെ ഭയന്നിരുന്നുവെന്നും കുടുംബത്തെ കുറിച്ചോർത്താണ് കൂടുതൽ പേടിച്ചിരുന്നതെന്നും ആമിർ പറഞ്ഞു. ‘‘രണ്ടു കുട്ടികളാണന്ന്, ഇറ ഖാനും ജുനൈദ് ഖാനും. പിന്നെ ഭാര്യ റീന ദത്തയും. പക്ഷെ പ്രശ്നമൊന്നും ന്നുമുണ്ടായില്ല’’ -ആമിർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

