ഗൗരിയുമായുള്ള ബന്ധം വിവാഹതുല്യം; മുൻ ഭാര്യമാരുമായുള്ള വേർപിരിയലുകൾ ആഘാതകരം, ഇപ്പോഴും കുടുംബം പോലെ -ആമിർ ഖാൻ
text_fieldsബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടോക്ക് ഷോയായ ടു മച്ചിന്റെ ആദ്യ എപ്പിസോഡ് ഒടുവിൽ പുറത്തിറങ്ങിയിരിക്കുകയാണ്. കജോളും ട്വിങ്കിൾ ഖന്നയും അവതാരകരായപ്പോൾ നടന്മാരായ സൽമാൻ ഖാനും ആമിർ ഖാനും അതിഥികളായി എത്തി. ഷോയിൽ ആമിർ പറഞ്ഞ കാര്യങ്ങൾ ചർച്ചയാകുകയാണ്. 60 വയസ്സിൽ ഗൗരി സ്പ്രാറ്റുമായി പ്രണയത്തിലായതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മുൻ ഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ചും ആമിർ തുറന്നു പറഞ്ഞു.
60 വയസ്സുള്ളപ്പോഴും ആമിറിന് ജീവിതത്തിൽ പ്രണയമുണ്ടെന്ന് ട്വിങ്കിൾ ഖന്ന പറഞ്ഞു. തുടർന്നാണ് ഗൗരിയെക്കുറിച്ചും മുൻ ഭാര്യമാരെക്കുറിച്ചും അദ്ദേഹം സംസാരിച്ചത്. റീനയും കിരണുമായുള്ള ബന്ധം അവസാനിച്ചതിനെ ആഘാതകരമെന്നാണ് ആമിർ വിശേഷിപ്പിച്ചത്. 'എനിക്ക് അത്ര മോശം അവസ്ഥയൊന്നുമില്ല. ഞാൻ വിവാഹം കഴിച്ച രണ്ട് സ്ത്രീകളും ശരിക്കും അത്ഭുതകരമായ സ്ത്രീകളാണ് എന്നത് എന്റെ ഭാഗ്യമാണ്. റീനയും കിരണും അത്ഭുതകരമായ ആളുകളാണ്. അതിനാൽ ഞങ്ങൾ വേർപിരിയലിലൂടെ കടന്നുപോയെങ്കിലും, ഞങ്ങൾ ഇപ്പോഴും ഒരു കുടുംബമാണ്' -എന്ന് കൂട്ടിച്ചേർത്തു.
ഗൗരിയും താനും പരസ്പരം വളരെ ഉയർന്ന പ്രതിബദ്ധതയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരുടെയും ബന്ധം വിവാഹതുല്യമാണെന്നും കൂട്ടിച്ചേർത്തു. ബംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. ഒരു പ്രസ് മീറ്റിനിടെയാണ് താൻ ഗൗരിയുമായി പ്രണയത്തിലാണെന്ന് ആമിർ വെളിപ്പെടുത്തിയത്. 25 വർഷം മുമ്പാണ് പരിചയപ്പെടുന്നതെന്നും ഇപ്പോൾ തങ്ങൾ പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നര വർഷമായി ഞങ്ങൾ ഒരുമിച്ചാണ് ജീവിക്കുന്നത്. മുൻ ഭാര്യമാരുമായി നല്ല ബന്ധം സൂക്ഷിക്കാൻ കഴിയുന്നതിൽ താൻ ഭാഗ്യവാനാണെന്നും അന്ന് ആമിർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

