റീനയല്ല, വിവാഹംചെയ്ത സമയമായിരുന്നു പ്രശ്‌നം; ആദ്യ വിവാഹത്തെ കുറിച്ച് ആമിര്‍ ഖാന്‍
text_fieldsആദ്യ വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും ആമിര്‍ ഖാന്‍ പലപ്പോഴും സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ആദ്യ ഭാര്യ റീന ദത്തയെ കുറിച്ച് സംസാരിക്കുകയാണ് താരം. വിവാഹം നടത്താനുള്ള തീരുമാനം ആവേശകരമായതാണെങ്കിലും അതിൽ നിന്ന് താൻ ധാരാളം കാര്യങ്ങൾ പഠിച്ചതിനെക്കുറിച്ച് താരം സംസാരിച്ചു. ആദ്യ പങ്കാളി ആയിരുന്ന റീനയെ താൻ കുറ്റം പറയില്ലെന്നും വിവാഹം കഴിച്ച പ്രായം ആയിരുന്നു പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. രാജ് ശമാനിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ജീവിതത്തില്‍ എടുത്ത ഖേദിക്കുന്ന ഒരു തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ആമിര്‍ ഖാന്റെ മറുപടി.
'ഒന്നല്ല, ഒരുപാട് തെറ്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. റീനയുമായുള്ള വിവാഹം വളരേ നേരത്തേയായിരുന്നു. എനിക്ക് നിയമപരമായി വിവാഹംചെയ്യാന്‍ കഴിയുന്ന ആദ്യത്തെ ദിവസം, ഏപ്രില്‍ 18ന് ഞങ്ങളുടെ വിവാഹം നടന്നു. എനിക്ക് 21ഉം അവള്‍ക്ക് 19ഉം ആയിരുന്നു പ്രായം. ഞങ്ങള്‍ തമ്മില്‍ നാലുമാസത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നിച്ച് അധികം സമയംപോലും ചെലവഴിച്ചിരുന്നില്ല. ഞങ്ങള്‍ പരസ്പരം ഒരുപാട് സ്‌നേഹിച്ചു. റീനക്കൊപ്പം നല്ല ജീവിതമായിരുന്നു.
റീനയല്ല, വിവാഹംചെയ്ത സമയമായിരുന്നു പ്രശ്‌നം. റീന മികച്ചൊരു വ്യക്തിയാണ്. ഞങ്ങള്‍ പരസ്പരം ബഹുമാനിച്ചു, ഒരുപാട് സ്‌നേഹിച്ചു. എന്നാല്‍ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ വിവാഹത്തിന് മുമ്പ് കൂടുതല്‍ ആലോചിക്കേണ്ടിരുന്നുവെന്ന് തോന്നുന്നു. ചെറുപ്പവും അശ്രദ്ധയും കാരണം ഞങ്ങള്‍ക്ക് പലകാര്യങ്ങളും തിരിച്ചറിയാന്‍ സാധിച്ചില്ല' ആമിര്‍ ഖാന്‍ പറഞ്ഞു.
റീനയുമായുള്ള വിവാഹമോചനം മൂന്ന് വർഷത്തോളം എന്നെ ബാധിച്ചു. ഈ സമയത്ത് ജോലി ചെയ്യുകയോ പുതിയ തിരക്കഥകൾ കേൾക്കുകയോ ചെയ്തിരുന്നില്ല. ഒന്നര വർഷത്തോളം ഞാൻ വീട്ടിൽ ഒറ്റക്ക് കഴിഞ്ഞു. രാത്രികളിൽ ഉറങ്ങാൻ കഴിയാതെ മദ്യപാനിയായി മാറിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. ഒരു ബോട്ടിൽ മദ്യമെങ്കിലും ദിവസവും ഞാൻ കുടിക്കുമായിരുന്നുവെന്ന് ആമിർ ഖാൻ മുന്നേ പറഞ്ഞിട്ടുണ്ട്.
1986ലാണ് ആമിർ ഖാനും റീന ദത്തും വിവാഹിതരായത്. അവർക്ക് ജുനൈദ് ഖാൻ, ഇറ ഖാൻ എന്നി പേരുകളിലുള്ള രണ്ട് മക്കളുമുണ്ട്. 2002ലാണ് ആമിർ ഖാനും റീനയും വിവാഹമോചിതരാകുന്നത്. തുടർന്ന് ആമിർ ഖാൻ കിരൺ റാവുവിനെ വിവാഹം കഴിച്ചു. 2005ലായിരുന്നു വിവാഹം. 15 വർഷത്തെ ദാമ്പത്യത്തിന് ശേഷം ആ വിവാഹവും വിവാഹമോചനത്തിൽ കലാശിച്ചു. 2021ലാണ് ഇരുവരും വിവാഹമോചിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

