ആ നിർണായക തീരുമാനം എടുക്കാൻ ധൈര്യം തന്നത് അമിതാഭ് ബച്ചൻ; ആമിർ ഖാൻ പറയുന്നു
text_fieldsതന്‍റെ പുതിയ ചിത്രം 'സിതാരേ സമീൻ പർ' തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്യുമെന്ന് ആമിർ ഖാൻ പ്രഖ്യാപിച്ചിരുന്നു. ജൂൺ 20ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. തിയറ്ററുകളിൽ എത്തി എട്ട് ആഴ്ചകൾക്ക് ശേഷം 'സിതാരേ സമീൻ പർ' യൂട്യൂബ് പേ-പെർ-വ്യൂവിലൂടെ റിലീസ് ചെയ്യാനാണ് തീരുമാനം.
തീരുമാനത്തോട് സിനിമ ലോകം എങ്ങനെ പ്രതികരിച്ചുവെന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ആമിർ. ആ സാഹസികത ഏറ്റെടുക്കാനും തന്‍റെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കാനും തന്നെ പ്രോത്സാഹിപ്പിച്ചത് അമിതാഭ് ബച്ചനാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഇന്നത്തെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ നിർമാതാക്കളെ അവരുടെ സിനിമകൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സ്ട്രീം ചെയ്യാൻ സമർദ്ദം ചെലുത്തുന്നതിനെക്കുറിച്ച് ആമിർ സംസാരിച്ചു. ഒരു പ്ലാറ്റ്‌ഫോമിലും തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സമയക്രമം യുക്തിസഹമായി തോന്നുന്നില്ല. ആറ് മാസത്തെ ഇടവേള സുഖകരമായിരിക്കുമായിരുന്നെന്നും എന്നാൽ തിയറ്ററുകളിൽ പ്രദർശനം കഴിഞ്ഞാലുടൻ ചിത്രം ഡിജിറ്റലായി റിലീസ് ചെയ്യാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും നടൻ പറഞ്ഞു.
'ഞാൻ സിനിമയിൽ വിശ്വസിക്കുന്നു. എന്‍റെ സിനിമ വിജയിച്ചില്ലെങ്കിൽ, അത് വലിയ നഷ്ടത്തിലേക്ക് നയിച്ചേക്കാം. എനിക്ക് ഓഫറുകൾ ലഭിച്ചിരുന്നു. പക്ഷേ പ്രേക്ഷകർ തിയറ്ററുകളിൽ പോയി എന്റെ സിനിമ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നതിനാൽ അവ നിരസിച്ചു. ഞാൻ സിനിമയിലും എന്റെ പ്രേക്ഷകരിലും ഞാൻ വിശ്വസിക്കുന്നു' -ആമിർ ഖാൻ പറഞ്ഞു.
അന്തിമ തീരുമാനം എടുക്കാൻ തന്നെ സഹായിച്ചത് അമിതാഭ് ബച്ചന്‍റെ വാക്കുകളാണെന്നും അദ്ദേഹം സമ്മതിച്ചു. മൂന്ന് മാസം മുമ്പ് ബച്ചൻ തന്നെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. യാദൃശ്ചികമായി, ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന സമയമായിരുന്നു അത്. എല്ലാവരും പരമ്പരാഗത രീതിയിൽ പോകാമെന്ന് നിർദ്ദേശിച്ചെങ്കിലും തിയറ്ററിൽ മാത്രം റിലീസ് ചെയ്യണമെന്നതിൽ താൻ ഉറച്ചു നിന്നതായി താരം വ്യക്തമാക്കി. എന്നാൽ, കാര്യം അറിഞ്ഞപ്പോൾ അമിതാഭ് ബച്ചൻ തന്നെ പിന്തുണച്ചെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

