മലയാളത്തിന് വ്യത്യസ്ത ചലച്ചിത്ര ഭാഷ്യം തീർത്ത നിർമാതാവ്
text_fieldsരവീന്ദ്രനാഥൻ നായരും ഭാര്യ ഉഷയും
കൊല്ലം: സിനിമയുടെ മായികപ്രപഞ്ചത്തിൽനിന്ന് വഴിമാറി നടക്കുകയായിരുന്നു എന്നും രവീന്ദ്രനാഥൻ നായർ. കച്ചവട സിനിമകളുടെ നിർമാണത്തിനപ്പുറം മറ്റൊരു ശൈലിയിലെ ചലച്ചിത്രഭാഷ്യത്തിന് സാധ്യതകളെറെയെന്ന് മലയാള സിനിമ ലോകത്തിന് കാണിച്ചുകൊടുത്ത നിർമാതാവായിരുന്നു അദ്ദേഹം. ലോകത്തെതന്നെ ഏറ്റവും വലിയ കശുവണ്ടി വ്യവസായികളിലൊരാൾ. മലയാളത്തിൽ ഏറ്റവുമധികം കലാമൂല്യമുള്ള സിനിമകൾ നിർമിച്ച വ്യക്തി. മലയാളത്തിന് നിത്യഹരിതങ്ങളായ നിരവധി ചിത്രങ്ങൾ സംഭാവന ചെയ്ത ‘ജനറൽ പിക്ചേഴ്സിന്റെ’ സാരഥി. നിർമിച്ചവയിലധികവും കലാമൂല്യമുള്ള സിനിമകളുടെ പട്ടികയിൽ ഇടംനേടിയതിലെ സന്തോഷം എപ്പോഴും അദ്ദേഹത്തിനുണ്ടായിരുന്നു.
നിർമാതാവിന്റെ ഇടപെടലുകളില്ലാതെ സംവിധായകന് എല്ലാ സ്വാതന്ത്ര്യം നൽകി. നല്ല സിനിമകൾ നിർമിക്കണമെന്ന ആഗ്രഹം ചെറുപ്പകാലം മുതലേ കൂടെയുണ്ടായിരുന്നു. പിന്നീട് സാഹചര്യങ്ങളും അനുകൂലമായി വന്നു. സഹോദരീ ഭർത്താവും തിയറ്റർ ഉടമയുമായ ടി.സി. ശങ്കറായിരുന്നു പ്രോത്സാഹനം. അരവിന്ദന്റെ ‘ഉത്തരായനത്തിന്റെ’ വിതരണം ഏറ്റെടുത്തായിരുന്നു ആദ്യ ചുവട്. പിന്നീട് നിർമാതാവിന്റ റോളിലേക്ക്. പാറപ്പുറത്തിന്റെ ‘അന്വേഷിച്ചു, കണ്ടെത്തിയില്ല’ വായിച്ചപ്പോൾ സിനിമയാക്കിയാൽ നന്നെന്ന് തോന്നി. പി. ഭാസ്കരന്റെ സംവിധാനത്തിൽ പടം ചെയ്യാൻ തീരുമാനിച്ചു. 1967 ൽ സിനിമ പുറത്തിറങ്ങി. നാലു ലക്ഷത്തോളം രൂപയായിരുന്നു നിർമാണച്ചെലവ്.
10,000 രൂപയായിരുന്നു നടൻ സത്യന്റെ പ്രതിഫലം. ആദ്യ ചുവടുതന്നെ വിജയമായത് തുടർന്നുപോകാൻ പ്രേരണയായി. സിനിമക്ക് പണം മുടക്കാൻ രവീന്ദ്രനാഥൻ നായർ സന്നദ്ധനായതോടെയാണ് ജനറൽ പിക്ചേഴ്സിന്റെ അടൂർ ചിത്രങ്ങൾ പുറത്തിറങ്ങിയത്. ഏറ്റവുമൊടുവിൽ നിർമിച്ചതും അടൂർ സംവിധാനം ചെയ്ത ’വിധേയനാണ്.’ പിന്നീട് ഇറങ്ങിയ അടൂരിന്റെ ‘കഥാപുരുഷൻ’ വിതരണം ജനറൽ പിക്ചേഴ്സിനായിരുന്നു. അദ്ദേഹം നിർമിച്ച സിനിമകൾ എപ്പോഴും അവാർഡുകൾ വാരിക്കൂട്ടി. 1977 ൽ ഇറങ്ങിയ ‘കാഞ്ചനസീത’ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരത്തിനും സംസ്ഥാന സർക്കാറിന്റെ പ്രത്യേക അവാർഡിനും അർഹമായി. 1978 ൽ മികച്ച സംവിധാനത്തിനുള്ള സംസ്ഥാന അവാർഡ് അടക്കം ബഹുമതികൾ ‘തമ്പ്’ നേടി. ‘കുമ്മാട്ടി’ 1979 ലെ മികച്ച കുട്ടികളുടെ ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടി.
‘എസ്തപ്പാൻ’ 1980 ൽ മികച്ച ചിത്രം, സംവിധായകൻ എന്നിവയടക്കം അവാർഡ് നേടി. മികച്ച രണ്ടാമെത്ത ചിത്രത്തിനുള്ള ദേശീയ ബഹുമതിയും സംവിധായകനുള്ള അവാർഡും ‘81 ൽ ഇറങ്ങിയ ‘പോക്കുവെയിൽ’ സ്വന്തമാക്കി. മികച്ച പ്രദേശിക ചിത്രം, ശബ്ദലേഖനം, എന്നീ ദേശീയ ബഹുമതികൾക്ക് അർഹമായ എലിപ്പത്തായം 1981 ൽ മികച്ച ചിത്രത്തിനുള്ള ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും സ്വന്തമാക്കിയിരുന്നു. മികച്ച പ്രാദേശിക ചിത്രം, സംവിധാനം എന്നിവക്ക് ദേശീയ അവാർഡും നല്ല ചിത്രത്തിന് ഉൾപ്പെടെ അഞ്ച് സംസ്ഥാന അവാർഡും 1984ൽ ‘മുഖാമുഖം’ നേടി. 1987 ൽ റിലീസ് ചെയ്ത ‘അനന്തരവും’ മികച്ച ചിത്രം, സംവിധായകൻ എന്നീ ദേശീയ പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അഞ്ച് അവാർഡും നേടി. മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ബഹുമതിയും നല്ല ചിത്രത്തിനുള്ള അവാർഡും നേടിയ ‘വിധേയൻ’ മികച്ച ചിത്രത്തിനുള്ള 1994 ലെ സംസ്ഥാന സർക്കാർ അംഗീകാരവും സ്വന്തമാക്കി.
ട്രിവാൻഡ്രം മാനേജ്മെൻറ് അസോസിയേഷൻ അവാർഡ്, വ്യവസായശ്രീ അവാർഡ്, ഗ്രന്ഥശാലാരംഗത്തെ പ്രവർത്തനത്തിന് സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കൊല്ലം പബ്ലിക് ലൈബ്രറിയുടെ ഓണററി സെക്രട്ടറി, ജവഹർ ബാലഭവൻ വൈസ്പ്രസിഡൻറ്, കൊല്ലം കഥകളി ക്ലബ് പ്രസിഡൻറ്, കാഷ്യൂ ഹൈപവർ കമ്മിറ്റി അംഗം, നാഷനൽ ഫിലിം ഫെസ്റ്റിവൽസ് ജൂറി അംഗം, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം, സംസ്ഥാന ചലച്ചിത്രവികസന കോർപറേഷൻ അംഗം എന്നീ പദവികൾ വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

