ബോംബെ സിനിമയുടെ 30-ാം വാർഷികാഘോഷം: ബേക്കൽ കോട്ടയിലേക്ക് മനീഷാ കൊയിരാളയും മണിരത്നവും
text_fieldsകാസർകോട്: ബേക്കൽ കോട്ടയുടെ ദൃശ്യഭംഗി വെള്ളിത്തിരയിലെത്തിച്ച ‘ബോംബെ’ സിനിമയുടെ 30-ാം വാർഷികം ആഘോഷിക്കാനൊരുങ്ങി കാസർകോട്. ചടങ്ങിൽ സിനിമയുടെ സംവിധായകൻ മണിരത്നവും നായിക മനീഷാ കൊയ്‍രാളയും പങ്കെടുക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. നായക വേഷം ചെയ്‌ത അരവിന്ദ് സ്വാമി എത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
ബേക്കൽ കോട്ടയെയും ബീച്ചിനെയും ലോക ടൂറിസം ഭൂപടത്തിലെത്തിച്ച ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപ്പറേഷന്റെയും (ബി.ആർ.ഡി.സി) 30-ാം വാർഷികമാണിത്. ഡിസംബർ 20-ന് വൈകിട്ട് ബേക്കൽ ബീച്ച് പാർക്കിൽ വെച്ചാണ് പരിപാടി.
1995-ൽ റിലീസ് ചെയ്ത ബോംബെ സിനിമയിലെ ‘ഉയിരേ...ഉയിരേ...’ എന്ന ഗാനം അക്കാലത്ത് ഇന്ത്യൻ യുവത്വത്തിന്റെ ഹൃദയത്തുടിപ്പായിരുന്നു. ഇന്നും ഈ ഗാനം കേൾക്കുമ്പോൾ ബേക്കൽ കോട്ടയും അരവിന്ദ് സ്വാമിയുടെ ശേഖറും മനീഷയുടെ ഷൈലാ ബാനുവും ആസ്വാദകരുടെ മനസ്സിലേക്കെത്തും. മഴയും കടലും കോട്ടയും പശ്ചാത്തലമാക്കിയുള്ള ഗാനം ചിത്രീകരിച്ചത് ബേക്കൽ കോട്ടയിലായിരുന്നു.
അരവിന്ദ് സ്വാമി, മനീഷ കൊയ്‌രാള എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എ.ആർ റഹ്‌മാനാണ്. രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ച ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ രാജീവ് മേനോനാണ്.
ശേഖറിന്റെയും ഷൈലാ ബാനുവിന്റെയും പ്രണയത്തിന് സാക്ഷ്യംവഹിച്ച ബേക്കലിൽ വിവാഹിതരാകാൻ പലരും ആഗ്രഹിച്ചതോടെ ഇവിടം നാടറിയുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രവുമായി മാറി. ബേക്കലിലെ വിനോദസഞ്ചാരത്തിനും ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനും കുതിപ്പേകാൻ താരങ്ങളെത്തുന്ന വാർഷികാഘോഷം സഹായിക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.
സിനിമ പ്രവർത്തകരോടൊപ്പം ഛായാഗ്രഹകൻ രാജീവ് മേനോനും മന്ത്രി പി.എ.മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന ടൂറിസം വകുപ്പാണ് ബോംബെയുടെ അണിയറശില്പികളെ ബേക്കലിലെത്തിക്കുന്നത്. വാർഷികാഘോഷ പരിപാടിയിലൂടെ ബേക്കലിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്ന് ബി.ആർ.ഡി.സി എം.ഡി ഷിജിൻ പറമ്പത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

