'പിക്ച്ചർ അഭി ബാക്കി ഹെ ദോസ്ത്'; സിനിമയിലെ ജൈത്രയാത്രക്ക് 14 വർഷം, എ.ഐ വിഡിയോ പങ്കുവെച്ച് ടോവിനോ
text_fieldsടോവിനോ തോമസ്
മലയാള സിനിമ താരനിരയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത അഭിനേതാവാണ് ടൊവിനോ തോമസ്. ഒട്ടെറെ മികച്ച കഥാപാത്രങ്ങളിലൂടെ ടൊവിനോ മലയാള സിനിമയുടെ ഭാഗമായിട്ട് ഇന്നത്തേക്ക് 14 വർഷം തികയുകയാണ്. സന്തോഷത്തിന്റെ ഭാഗമായി നീണ്ട 14 വർഷത്തെ വ്യത്യസ്ത കഥാപാത്രങ്ങളുടെ രൂപഭാവങ്ങളിലുള്ള എ.ഐ നിർമിത വിഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി താരം പങ്കുവെച്ചിട്ടുണ്ട്.
'14 വർഷം മുമ്പ് ഇതേ ദിവസമാണ് ഞാൻ ആദ്യമായി സിനിമ കാമറക്ക് മുന്നിലെത്തിയത്. ആ യാത്ര ഇത്രദൂരമെത്തുമെന്ന് അന്ന് അറിയില്ലായിരുന്നു. ഈ യാത്രയിൽ എന്നോടൊപ്പം സഞ്ചരിച്ച ഓരോരുത്തരോടും നന്ദി പറയുന്നു. എല്ലാവരോടും സ്നേഹം' എന്ന അടിക്കുറിപ്പോടെയാണ് ടൊവിനോ വിഡിയോ പങ്കുവെച്ചത്. ലേസി ഡിസൈനറാണ് എ.ഐ വിഡിയോ നിർമിച്ചത്. അതേസമയം ഇനിയും പലതും കാണാൻ കിടക്കുന്നുണ്ടെന്ന് സൂചന നൽകി 'പിക്ച്ചർ അഭി ബാക്കി ഹെ ദോസ്ത്' എന്ന അടിക്കുറിപ്പും എ.ഐ വിഡിയോയിൽ കാണാം.
രാജീവൻ അന്തിക്കാട് സംവിധാനം ചെയ്ത് 2012ൽ വെള്ളിത്തിരയിലെത്തിയ 'പ്രഭുവിന്റെ മക്കൾ' എന്ന സിനിമയാണ് ടൊവിനോയുടെ ആദ്യ ചിത്രം. 2012ൽ തന്നെ 'തീവ്രം' എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയക്ടറായി ടൊവിനോ ജോലി ചെയ്തിട്ടുണ്ട്. പിന്നീട് 2013ൽ ദുൽഖർ സൽമാൻ നായകനായ എ.ബി.സി.ഡി (അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ഡെസി) എന്ന ചിത്രത്തിൽ മുഴുനീള കഥാപാത്രമായി രംഗപ്രവേശനം ചെയ്തു.
എന്ന് നിന്റെ മൊയ്‌ദീൻ (2015), ഗപ്പി (2016), ഗോദ (2017), ഒരു മെക്സിക്കൻ അപാരത (2017), മായനാദി (2017), തീവണ്ടി (2018), ലൂക്ക (2019), ഉയരെ (2019), ലൂസിഫർ (2019), മിന്നൽ മുരളി (2022), തല്ലുമാല (2022), 2018: എവരിവൺ ഈസ് എ ഹീറോ (2023), അജയന്റെ രണ്ടാം മോഷണം (2024), ലോക ചാപ്റ്റർ 1 (2025), നരിവേട്ട (2025) തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ടൊവിനോ തോമസ് ഏകദേശം 45 സിനിമകളിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തിൽ നരിവേട്ടയിലെ പ്രകടനത്തിന് 2025ൽ 'ബെസ്റ്റ് ഏഷ്യൻ ആക്ടർ' അവർഡ്, 2023ൽ മികച്ച അതിജീവന സിനിമയായ 2018: എവരിവൺ ഈസ് എ ഹീറോയിലെ പ്രകടനത്തിനും ഇതേ അവാർഡ് ടൊവിനോ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ 2024ൽ സംസ്ഥാന സർക്കാറിന്റെ ചലച്ചിത്ര അവാർഡിൽ അജയന്റെ രണ്ടാം മോഷണത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

