അനാഥാലയത്തിലെ കഷ്ടപ്പാടുകളിൽ നിന്ന് ഹോളിവുഡിന്റെ സിംഹാസനത്തിലേക്ക്; മെർലിൻ മൺറോക്ക് ഇന്ന് നൂറാം ജന്മദിനം
text_fieldsമെർലിൻ മൺറോ
ഹോളിവുഡിന്റെ എക്കാലത്തെയും വലിയ വിസ്മയം മെർലിൻ മൺറോയുടെ നൂറാം ജന്മദിനം ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആഘോഷമാക്കുന്നു. ഇതിനോടനുബന്ധിച്ച് യു.എസിലെ അക്കാദമി മ്യൂസിയത്തിൽ മൺറോയുടെ സിനിമാ ജീവിതവും വ്യക്തിജീവിതവും അടയാളപ്പെടുത്തുന്ന 'മെർലിൻ മൺറോ: ഹോളിവുഡ് ഐക്കൺ' എന്ന പ്രത്യേക പ്രദർശനത്തിന് തുടക്കമായി.
മെർലിൻ മൺറോയുടെ നൂറാം ജന്മദിനത്തിൽ വിപുലമായ ആഘോഷങ്ങൾക്കാണ് സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്. ചരിത്രപ്രസിദ്ധമായ ചൈനീസ് തിയറ്ററിൽ ആരാധകർ ഒത്തുകൂടി മൺറോക്ക് പ്രിയപ്പെട്ട 'ഹാപ്പി ബർത്ത്ഡേ' ഗാനം ആലപിക്കും. മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിക്ക് വേണ്ടി മൺറോ പാടിയ വിഖ്യാതമായ അതേ ശൈലിയിലായിരിക്കും ആരാധകർ ഈ ഗാനം സമർപ്പിക്കുക. ഹോളിവുഡിന്റെ സുവർണ്ണ കാലഘട്ടത്തിന്റെ പ്രതീകമായ ഇവിടെ നൂറ് റോസാപ്പൂക്കളും കേക്കും വെച്ചാണ് ആരാധകർ പ്രണാമം അർപ്പിക്കുന്നത്.
അക്കാദമി മ്യൂസിയത്തിൽ ആരംഭിച്ച വിപുലമായ പ്രദർശനം 2027 ഫെബ്രുവരി വരെ നീണ്ടുനിൽക്കും. മൺറോയുടെ സിനിമാ ജീവിതത്തിലെ അപൂർവ്വമായ നൂറിലധികം വസ്തുക്കളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിൽ 'ജെന്റിൽമെൻ പ്രിഫർ ബ്ലോണ്ട്സ്' (1953) എന്ന ചിത്രത്തിലെ 'ഡയമണ്ട്സ് ആർ എ ഗേൾസ് ബെസ്റ്റ് ഫ്രണ്ട്' എന്ന ഗാനരംഗത്തിൽ മൺറോ ധരിച്ച പ്രശസ്തമായ പിങ്ക് വസ്ത്രവും ഉൾപ്പെടുന്നു. ഇതിന് പുറമെ 'ദി അസ്ഫാൽറ്റ് ജംഗിൾ' (1950), 'നയാഗ്ര' (1953), 'ദി സെവൻ ഇയർ ഇച്ച്' (1955), 'സം ലൈക്ക് ഇറ്റ് ഹോട്ട്' (1959), 'ദി മിസ്ഫിറ്റ്സ്' (1961) തുടങ്ങിയ മൺറോയുടെ ശ്രദ്ധേയമായ ചിത്രങ്ങളുടെ പ്രത്യേക പ്രദർശനവും ഈ മാസം നടക്കും.
ജൂൺ 4ന് നടക്കുന്ന '100 ഇയേഴ്സ് ഓഫ് മെർലിൻ' എന്ന ലേലത്തിൽ മൺറോയുടെ ഇരുന്നൂറോളം വ്യക്തിഗത വസ്തുക്കൾ ലേലത്തിന് വെക്കും. ഇതിൽ ഇതുവരെ പുറത്തുവിടാത്ത ചിത്രങ്ങൾ, അവരുടെ അവസാന ചിത്രത്തിന്റെ തിരക്കഥ, കൈപ്പടയിലെഴുതിയ പാചകക്കുറിപ്പുകൾ, ലിപ്സ്റ്റിക് തുടങ്ങിയവ ഉൾപ്പെടുന്നു.
1926 ജൂൺ 1ന് ലോസ് ആഞ്ചലസിലാണ് മെർലിൻ മൺറോ ജനിച്ചത്. അനാഥാലയങ്ങളിലും വളർത്തുമ്മമാരുടെ കൂടെയുമായി അസ്ഥിരമായ ഒരു കുട്ടിക്കാലമായിരുന്നു അവരുടേത്. 16-ാം വയസ്സിലായിരുന്നു ആദ്യ വിവാഹം. രണ്ടാം ലോകമഹായുദ്ധകാലത്ത് 1944ൽ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുമ്പോഴാണ് മൺറോ ആദ്യമായി കാമറക്ക് മുന്നിലെത്തുന്നത്. ഫാക്ടറിയിലെ വനിതാ തൊഴിലാളികളുടെ ചിത്രം പകർത്താനെത്തിയ ഫോട്ടോഗ്രാഫറാണ് മൺറോയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത്.
പിന്നീട് മോഡലിങ് രംഗത്തേക്ക് തിരിഞ്ഞ അവർ ഭർത്താവുമായി വിവാഹമോചനം നേടുകയും, തന്റെ തവിട്ടുനിറമുള്ള മുടി പ്ലാറ്റിനം ബ്ലോണ്ട് നിറത്തിലേക്ക് മാറ്റുകയും ചെയ്തു. ഈ ലുക്ക് പിന്നീട് ഹോളിവുഡിന്റെ ചരിത്രം തന്നെ മാറ്റിമറിച്ചു. 30-ാം വയസ്സിൽ ഫോക്സ് സ്റ്റുഡിയോസുമായി കരാറിലൊപ്പിട്ടതോടെ മൺറോ ഒരു ആഗോള താരമായി വളർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

